പൊതുപരിപാടികള്‍ക്കെത്തുന്ന നടികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു.രാജാ സാബ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഹൈദരബാദിലെ ലുലു മാളിലെത്തിയ നിധി അഗര്‍വാളിനെ ആള്‍ക്കൂട്ടം വളഞ്ഞതും അതില്‍ നിന്ന് താരം പുറത്തുകടക്കാന്‍ പ്രയാസപ്പെട്ടതിന്റെയും വീഡിയോ അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
കഴിഞ്ഞദിവസം ഹൈദരബാദില്‍ വെച്ച് തെലുങ്ക് താരം സമന്തക്കും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഹൈദരബാദില്‍ ഷോപ്പിങ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ സമന്തയെ തിരിച്ചുപോകുന്ന വഴി ആരാധകര്‍ വഴിതടഞ്ഞതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തിരക്കിന്റെ ഇടയിലൂടെ വണ്ടിയില്‍ കയറാന്‍ സമന്ത ബുദ്ധിമുട്ടുന്നതെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും.
കൂടെ ബൗണ്‍സര്‍മാര്‍ ഉണ്ടായിട്ടും തിരക്കിനിടയില്‍ താരത്തിന്റെ അടുത്തേക്ക് വരുന്ന ആളുകളെ തടയാന്‍ അവര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സമന്തയെ തൊടാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ആരാധകകൂട്ടംതിരക്ക് കൂട്ടുന്നതില്‍ താരം അസ്വസ്ഥയാണെന്ന് പലരും കമന്റ് പങ്കുവെച്ചു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് പല കോണില്‍ നിന്നും ഉയരുന്നത്. 'ഇതൊന്നും ആരാധനയല്ല, ഭ്രാന്താണ്', എന്നാണ് പലരും കമന്റ് ചെയ്യുന്നത്. 'വെറുപ്പിക്കുന്ന ആള്‍ക്കാര്‍, ശരിക്കും നാണക്കേടാണിത്, വളരെ മോശം സുരക്ഷ, ഈ ആള്‍ക്കൂട്ടം ഭയപ്പെടുത്തുന്നതാണ്. നിയന്ത്രിച്ചേ പറ്റൂ, ഇതൊന്നും ആരാധകരല്ല. പീഡനത്തിന് ഇവര്‍ക്കെതിരെ കേസെടുക്കണം, ലജ്ജ തോന്നുന്നു. കഴുതപ്പുലികളെ പോലെ കൂട്ടം കൂടുന്നവര്‍', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, നിധി അ?ഗര്‍വാള്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.