പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ആരാധകരുടെ പ്രിയ താരജോഡികളാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും ആഘോഷിച്ചിരുന്നു. .പ്രിയങ്ക നിക്ക് ജോനസിനെ കുറിച്ച് അടുത്തിടെ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്. കര്‍വാ ചൗഥ് എന്ന ആഘോഷത്തെ സമയത്തെ അനുഭവമാണ് പ്രിയങ്ക പങ്കുവെക്കുന്നത്.
ഈ വിശേഷ ദിവസത്തില്‍ ഭാര്യ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി ഉപവാസം അനുഷ്ഠിക്കുന്നതാണ് ആചാരം. രാത്രിയില്‍ ചന്ദ്രനെ വണങ്ങിയ ശേഷം ഭര്‍ത്താവ് ഭക്ഷണവും വെള്ളവും എടുത്ത് നല്‍കുന്നതോടെയാണ് ഭാര്യയുടെ വ്രതം അവസാനിക്കുക.
ഉത്തരേന്ത്യയില്‍ വലിയ പ്രചാരമുള്ള കര്‍വാ ചൗഥ് പ്രിയങ്ക ചോപ്രയും ആചരിക്കാറുണ്ട്. നിക്ക് ജോനസിന് ഏറെ ഇഷ്ടപ്പെട്ട ദിവസമാണ് ഇതെന്നും തന്റെ ആരോഗ്യത്തിനായി ഒരാള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് നിക്ക് തമാശയായി പറയാറുള്ളതെന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. നെറ്റ്ഫ്ളിക്സിലെ കപില്‍ ശര്‍മയുടെ ഷോയില്‍ എത്തിയപ്പോഴായിരുന്നു കര്‍വാ ചൗഥ് അനുഭവം പ്രിയങ്ക പങ്കുവെച്ചത്.
ഒരിക്കല്‍ കര്‍വാ ചൗഥ് ദിവസം ഏറെ വൈകിയിട്ടും ആകാശം മേഘാവൃതമായിരുന്നതിനാല്‍ ചന്ദ്രനെ കാണാന്‍ കഴിഞ്ഞില്ലെന്നും, ഒടുവില്‍ നിക്ക് അദ്ദേഹത്തിന്റെ വിമാനത്തില്‍ തന്നെ കൊണ്ടുപോവുകയും അങ്ങനെ ചന്ദ്രനെ കാണിച്ച് തന്നാണ് ഉപവാസം അവസാനിപ്പിച്ചതെന്നും പ്രിയങ്ക ഷോയില്‍ വെച്ച് പറഞ്ഞു.
'ഞങ്ങള്‍ വളരെ വ്യത്യസ്തമായ രീതിയിലൊക്കെ കര്‍വാ ചൗഥ് ആചരിച്ചിട്ടുണ്ട്. ചന്ദ്രനെ തേടി വിചിത്രമായ വഴികളിലൂടെ പോയിട്ടുണ്ട് എന്ന് പറയാം. ഒരിക്കല്‍ നിക്കിന്റെ ഒരു ഷോ നടക്കുന്ന സമയത്തായിരുന്നു കര്‍വാ ചൗഥ് ദിവസം. രാത്രി ഏറെ ആയിട്ടും ചന്ദ്രനെ കാണുന്നില്ലായിരുന്നു. മഴക്കാലമായതുകൊണ്ട് ആകാശം മേഘാവൃതമായിരുന്നു. ചന്ദ്രനെ കാണാനേ ഇല്ല. പത്തും പതിനൊന്നുമെല്ലാം കടന്നുപോയി. അപ്പോള്‍ നിക്ക് ഏറെ റൊമാന്റിക്കായ ഒരു കാര്യം ചെയ്തു.
അദ്ദേഹത്തിന്റെ ഫ്ളൈറ്റില്‍ എന്നെ കൊണ്ടുപോയി. ആകാശത്ത് നിന്നും എനിക്ക് ചന്ദ്രനെ കാണിച്ചു തന്നു. അങ്ങനെയാണ് അന്ന് ഉപവാസം അവസാനിപ്പിച്ചത്,' പ്രിയങ്ക പറഞ്ഞുഷോയിലെ ഈ ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പേരാണ് നിക്ക് ജോനസിനോടും പ്രിയങ്കയോടും സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. ഇരുവര്‍ക്കും ദീര്‍ഘനാള്‍ ഇതേ സ്നേഹത്തോടെ തുടരാന്‍ കഴിയട്ടെ എന്നും കമന്റുകള്‍ നിറയുന്നുണ്ട്.
2018ലാണ് പ്രിയങ്ക ചോപ്ര അമേരിക്കന്‍ ഗായകനായ നിക്ക് ജോനസിനെ വിവാഹം കഴിക്കുന്നത്. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മൂന്ന് വയസുകാരിയായ മാള്‍ട്ടി മേരി എന്ന മകളും ഇവര്‍ക്കുണ്ട്.