മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന 'സര്‍വ്വം മായ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിസ്മസിന് തീയറ്ററുകളില്‍ എത്തുന്ന ഈ ഹൊറര്‍ കോമഡി ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരങ്ങളിപ്പോള്‍. ഈ വേളയില്‍ അവതാരക പേളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസും പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്.
അടുത്തിടെ കണ്ടതില്‍ വെച്ച് നിവിനെ അമ്പരപ്പിച്ച സിനിമ ഏതെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയാണ് താരം നല്‍കിയത്. സിനിമകള്‍ കാണുന്നത് വളരെ കുറവാണെന്ന മുഖവുരയോടെ നിവിന്‍ പറഞ്ഞ പേര് 'ലോക' എന്നതായിരുന്നു. അടുത്തിടെ കണ്ടതില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രം ഇതാണെന്ന് നിവിന്‍ തുറന്നു പറഞ്ഞു. കൂടെയുണ്ടായിരുന്ന അജു വര്‍ഗീസ് തനിക്ക് ഇഷ്ടപ്പെട്ടത് 'എക്കോ' (Echo) എന്ന ചിത്രമാണെന്ന് മറുപടി നല്‍കി. എന്നാല്‍ ഇതിനുപിന്നാലെ മോഹന്‍ലാല്‍ നായകനായ 'തുടരും' എന്ന ചിത്രത്തെക്കുറിച്ച് താരങ്ങള്‍ വാചാലരായി. 'തുടരും' എന്ന സിനിമ ഒരു ഗംഭീര അനുഭവമായിരുന്നു എന്നാണ് നിവിന്‍ വിശേഷിപ്പിച്ചത്. '
തുടരും നല്ലതായിരുന്നു, പൊളിയായിരുന്നു. ലാല്‍ സാറിനെ അങ്ങനെ കണ്ടപ്പോള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടു. വൈകാരികമായി ആ കഥാപാത്രത്തോട് വലിയ അടുപ്പം തോന്നി. വളരെ നന്നായി നിര്‍മ്മിച്ച സിനിമയാണത്,' നിവിന്‍ പറഞ്ഞു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയും നിവിന്‍ പുകഴ്ത്തി. 'തുടരും' എന്ന ചിത്രത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ ഫൈറ്റ് സീക്വന്‍സില്‍ മോഹന്‍ലാല്‍ നടത്തുന്ന മാസ്മരികമായ 'ജമ്പ്' തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത് പലതവണ ഒടിടിയില്‍ റിപ്പീറ്റ് അടിച്ചു കണ്ടുവെന്നും അജു വര്‍ഗീസും കൂട്ടിച്ചേര്‍ത്തു.
അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'സര്‍വ്വം മായ' എന്ന ചിത്രത്തിലാണ് നിവിനും അജുവും ഇപ്പോള്‍ വേഷമിടുന്നത്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ഹൊറര്‍ ഫാന്റസി ചിത്രം ക്രിസ്മസ് വിരുന്നായി തീയറ്ററുകളില്‍ എത്തും. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.