തനിക്കെതിരെയുണ്ടായ ഡേറ്റിങ്ങ് ആപ്പ് വിവാദത്തില്‍ പ്രതികരിച്ച് ഗായകനും ബിഗ് ബോസ് സീസണ്‍ 7 മല്‍സരാര്‍ത്ഥിയുമായ അക്ബര്‍ ഖാന്‍ രംഗത്ത്. ഫസ്മീന സാക്കിര്‍ എന്ന യുട്യൂബറാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വിവാഹിതനായ അക്ബര്‍ ഖാന്‍ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമായിരുന്നു ഫസ്മീനയുടെ ആരോപണം.
'ഒരു യുട്യൂബ് ചാനല്‍ വഴി എന്റെ പേരില്‍ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക പരിപാടികള്‍ക്കായി ഞാന്‍ ഖത്തറില്‍ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാന്‍ ഈ വിഷയത്തില്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ആരും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താന്‍ അധികാരമുള്ളവരല്ലെന്നത് മനസിലാക്കുക.
നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട് അവര്‍ ആരോപിക്കുന്നതുപോലെ ഞാന്‍ ചെയ്തുവെന്ന് പറയുന്ന ഏതെങ്കിലും മോശമായ പ്രസ്താവനയോ പ്രവര്‍ത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തില്‍ അനുയോജ്യമായ വിധിനിര്‍ണയം നടത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു'.- എന്നാണ് അക്ബര്‍ കുറിച്ചത്.
അക്ബറിന്റെ ടിന്റര്‍ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈല്‍ ആണെന്നുമാണ് ഫസ്മിന വിഡിയോയില്‍ പറഞ്ഞത്. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയോട് താന്‍ അക്ബര്‍ ഖാന്‍ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെണ്‍കുട്ടിക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കാനും കൂടുതല്‍ പരിചയപ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബര്‍ തയ്യാറായെന്ന് ഫസ്മിന പറയുന്നു.