മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും പതിനാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ അമാലിന് സ്‌നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ദുല്‍ഖര്‍. സോഷ്യല്‍ മീഡിയയില്‍ അമാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
14 വര്‍ഷമായുള്ള തങ്ങളുടെ ദാമ്പത്യത്തിന്റെ മനോഹാരിതയും അമാലിന്റെ മറുപാതിയായതിന്റെ സന്തോഷവുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്.'14 വര്‍ഷം മുമ്പ് ഇന്ന്, രണ്ടുവ്യത്യസ്ത വീടുകളില്‍നിന്നുള്ള വ്യത്യസ്ത വ്യക്തികളായ രണ്ടുപേര്‍, നവദമ്പതികളായി ഒരു വേദിയില്‍ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതില്‍ ആവേശഭരിതരുമായി. ഇന്ന് ഞങ്ങള്‍ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോള്‍ ഞങ്ങള്‍ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്നങ്ങളെ പിന്തുടരുകയാണ്...
നിന്റെ മറുപാതിയായതില്‍ ഞാന്‍ അനുഗ്രഹീതനും നന്ദിയുള്ളവനും അഭിമാനമുള്ളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാര്‍ഷികാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...'' ദുല്‍ഖര്‍ കുറിച്ചു. മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ ആശംസ.
ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ?ആശംസകളും സ്‌നേഹവും കമന്റുകളില്‍ കൂടി കുറിച്ചിരിക്കുന്നത്. 'സല്‍ മാന്‍..സല്‍ വിമണ്‍... ഹാപ്പി ആനിവേഴ്‌സറി എന്നാണ് രമേഷ് പിഷാരടി നല്‍കിയിരിക്കുന്ന കമന്റ്. 2011 ഡിസംബര്‍ 22-നാണ് ആര്‍ക്കിടെക്ടായ അമാലിനെ ദുല്‍ഖര്‍ വിവാഹംചെയ്തത്. 2017-ല്‍ ഇരുവര്‍ക്കും മറിയം എന്ന പെണ്‍കുഞ്ഞ് ജനിച്ചു.