Latest News

എടയ്ക്കല്‍ ഗുഹയിലേക്ക് ഒരു യാത്ര...!

ഡോ:ബാബുരാജ്
എടയ്ക്കല്‍ ഗുഹയിലേക്ക് ഒരു യാത്ര...!

രു പക്ഷെ വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാഴ്ചയാവണം എടയ്ക്കല്‍ ഗുഹ. നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന ഈ ഗുഹ 1890 ല്‍ പുറംലോകത്തിനു വെളിപ്പെടുമ്പോള്‍ ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു അത്‌.

ഏടക്കല്‍ ഗുഹ അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്‌. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ്‌ അമ്പുകുത്തിമല എന്നൊരു വിശ്വാസം ഉണ്ട്‌. അമ്പിന്റെ മുറിവാണത്രെ ഗുഹ. (ശ്രീ രാമന്റെ കാലം നവീനശിലയുഗത്തിനു മുന്‍പോ, അതോ പിന്‍പോ? :)) ഏതായാലും ഒരു കിടക്കുന്ന സ്ത്രീരൂപത്തിന്റെ ഏകദേശരൂപമുണ്ട്‌ മലയ്ക്ക്‌. വണ്ടിയോടുന്നതിനിടയില്‍ കിട്ടിയ ആ നിമിഷക്കാഴ്ച ഒരു ഫ്രയിമില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നമ്മുടെ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കയറണം ഗുഹയിലെത്താന്‍. ഗുഹാമുഖത്തിന്റെ ഏകദേശം സമീപം വരെ ജീപ്പ്‌ കിട്ടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ജീപ്പിലാവാം യാത്ര. വഴി സാമാന്യം കുത്തനെയാണെങ്കിലും, കോണ്‍ക്രീറ്റ്‌ ചെയ്ത്‌ ഭംഗിയാക്കിയിട്ടുണ്ട്‌. ഇടക്ക്‌ റിസോര്‍ട്ടൊക്കെ പൊങ്ങിയിരിക്കുന്നു. അവസാനത്തെ ഒരു 200 മീറ്റര്‍ നടക്കുക തന്നെ വേണം. ഗുഹ സന്ദര്‍ശിക്കാന്‍ പാസ്സ്‌ എടുക്കണം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍.

സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്‌ തുരങ്കം പോലുള്ള ഒന്നാണ്‌. ഇതങ്ങിനെയല്ല, വിണ്ടുപൊട്ടി മാറിയ (ഭൂകമ്പത്തിലോ മറ്റോ) വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ്‌ ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്‌. ആദ്യം നമ്മള്‍ പ്രവേശിക്കുന്നത്‌ അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്‌. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക്‌ കയറിയാല്‍ പ്രധാന അറയായി. ഇടയക്കുള്ള ഈ കയറ്റം അല്‍പം ആയാസകരം തന്നെയാണ്‌. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്‌. പ്രധാന അറ സാമാന്യം വലിപ്പമുള്ളതാണ്‌. അറയുടെ എതിര്‍വശത്ത്‌ മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്. ഈ അറയിലെ ഭിത്തികളിലാണ്‌ ചിത്രങ്ങളുള്ളത്‌.

ചിത്രങ്ങളെന്നാല്‍ ഒരു വക റിലീഫ്‌ പോലെയാണ്‌ ചെയ്തിരിക്കുന്നത്‌, പാറയില്‍ കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്‌. ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്‌. പിന്നെ മറ്റ്‌ അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഏകദേശം കന്നഡ പോലെ തോന്നിക്കുന്ന ചില ലിപികള്‍ ഒരു വശത്തായുണ്ട്‌. ബ്രഹ്മി ലിപിയാണെന്ന് ഗൈഡ്‌ പറയുന്നു. എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത്‌, BC രണ്ടാം നൂറ്റാണ്ടിലെ വരെ ലിഖിതങ്ങള്‍ ഉണ്ടത്രെ, ഒരു പക്ഷെ അതാവുമിത്‌. മറു വശത്തെ ഭിത്തിയില്‍ ഒരു സ്ത്രീ രൂപം വരഞ്ഞിരിക്കുന്നതു കണ്ടു. അതു മിക്കവാറും ആധുനിക യുഗത്തിലെ ഏതെങ്കിലും മാനസിക രോഗിയുടേതാവാനാണ്‌ സാദ്ധ്യത.

ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക്‌ കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ. പക്ഷെ ഗൈഡുകളുടെ നിരുത്സാഹപ്പെടുത്തലും, ഒപ്പമുള്ളവരുടെ നിര്‍ബന്ധത്തിനും വഴങ്ങി കയറണ്ട എന്നു വെച്ചു.

എടയ്ക്കല്‍ ഗുഹാസന്ദര്‍ശനം നല്ലൊരനുഭവമാണെങ്കിലും ഒട്ടും സുരക്ഷിതമല്ല. ഗോവണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും അത്ര സുരക്ഷിതം ആണെന്നു തോന്നിയില്ല. കയറ്റത്തിനിടെ ഒരാള്‍ തെന്നുകയോ പിടിവിടുകയോ ചെയ്താല്‍ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നു ഭയക്കുന്നു. സത്യത്തില്‍ ഏടയ്ക്കല്‍ പോലുള്ള ഒരു സ്ഥലം ഇങ്ങനെ പൊതു സന്ദര്‍ശനത്തിന്‌ തുറന്നു വെയ്ക്കണൊ എന്നു തന്നെ ഒന്നു കൂടി ചിന്തിക്കേണ്ടതാണ്‌. (ലെസ്കോയിലും മറ്റും പൊതു ജനത്തിന്‌ പ്രവേശനമുള്ളത്‌ ചിത്രങ്ങള്‍ പുനസൃഷ്ടിച്ചിരിക്കുന്നിടത്താണ്‌. സാക്ഷാല്‍ സ്ഥലം പരിരക്ഷിച്ചിരിക്കുകയാണ്‌.)

Read more topics: # travel,# edakkal caves,# wayanad
travel,edakkal caves,wayanad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക