Latest News

വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിക്കുന്ന ആളുകള്‍ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു; സൈബര്‍ അറ്റാക്കിനോട് ലൈവിലെത്തി മറുപടി നല്കി സീമ ജി നായര്‍; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്‌നങ്ങളെന്ന് പറഞ്ഞ് ദിവ്യക്ക് മറുപടി നല്കി  നടി

Malayalilife
വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിക്കുന്ന ആളുകള്‍ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു; സൈബര്‍ അറ്റാക്കിനോട് ലൈവിലെത്തി മറുപടി നല്കി സീമ ജി നായര്‍; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്‌നങ്ങളെന്ന് പറഞ്ഞ് ദിവ്യക്ക് മറുപടി നല്കി  നടി

ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി സീമ ജി നായരും. പോസ്റ്റിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ അടക്കം നടിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എത്തിയതോടെ ലൈവിലെത്തി മറുപടി നല്കിയിരിക്കുകയാണ്  നടി സീമ ജി നായര്‍.

ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ സീമയ്ക്കും അനുശ്രീക്കുമെതിരെ പി.പി ദിവ്യ രംഗത്തെത്തിയിരുന്നു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും എന്ന് പറഞ്ഞു കൊണ്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം.

ദിവ്യ ചാര്‍ത്തി തരുന്ന രത്ന കിരീടം തലയില്‍ താങ്ങാനുള്ള തല തനിക്കില്ലെന്നും അത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്നുമാണ് സീമ പറയുന്നത്. ''പി.പി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു 'മാം' ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു.''

''കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല'' എന്നാണ് സീമ ജി.നായര്‍ പോസ്റ്റിലൂടെ മറുപടി നല്കിയത്. പിന്നീട് നടി തന്നെ ലൈവിലെത്തി കമന്റ് ചെയ്തവര്‍ക്ക് അടക്കം ചുട്ട മറുപടി നല്കുകയായിരുന്നു.

കോണ്‍ഗ്രസ് അംഗത്വം പോലുമില്ലാത്ത ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതു കൊണ്ട് വ്യക്തിപരമായി യാതൊരു ഗുണവും തനിക്ക് ലഭിക്കുന്നില്ലെന്നും സീമ ജി. നായര്‍. രാഹുലിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു നടിയുടെ പ്രതികരണം.  രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, പക്ഷേ അത് രണ്ട് ഭാഗത്തെയും കാര്യങ്ങള്‍ കേട്ട ശേഷമായിരിക്കണമെന്നും സീമ പറഞ്ഞു. 

'രണ്ട് പെണ്‍കുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്. ഗോവിന്ദച്ചാമിമാരുടെ പകരക്കാരാണെന്നു പറയുന്നു. നവീന്‍ ബാബു സാറിന്റെ മുഖം ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ഈ സ്ത്രീ കയറി വരുമ്പോള്‍ അദ്ദേഹം ചിരിച്ച മുഖത്തോടെയാണ് സ്വീകരിക്കുന്നത്. അതിനുശേഷം ഇവര്‍ നടത്തിയ പ്രസംഗത്തിനുശേഷം ആ മുഖം മാറുന്നതു കാണാം. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഞാന്‍ ആ മുഖം മറന്നിട്ടില്ല.

അപ്പോള്‍ വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാന്‍ ശ്രമിക്കുന്ന ആളുകള്‍ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു, ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്ക്. അതും ഇത്രയും നിസ്സാരമായ കേസിനൊക്കെ. ഇതിനൊക്കെ എന്തു പറയാനാണ്. സഖാക്കന്മാര്‍ എല്ലാം ഒരുമിച്ചാണ് സബര്‍ അറ്റാക്ക്.


കഴിഞ്ഞ ദിവസം 70 വയസ്സുള്ള ഒരപ്പൂപ്പന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ പറയാന്‍ പറ്റില്ല. പ്രൊഫൈല്‍ പിക്ചറില്‍ കൊച്ചുമക്കളുടെ പടവും. ആറ്റിങ്ങലെ ഒരു സ്ത്രീ പറഞ്ഞത്, ഞാനൊരു നശിച്ച ജന്മമാണ്, രാക്ഷസിയാണ് എന്നൊക്കെ.എന്റെ വ്യക്തി സ്വാതന്ത്ര്യം ആരുടെ മുന്നിലും ഞാനടിയറ വയ്ക്കില്ല. കേട്ടു മടുത്തതു കൊണ്ടാണ് ഇങ്ങനെയൊരു ലൈവുമായി വന്നത്. രാഹുലിനെ ന്യായീകരിക്കുകയല്ല, രാഹുല്‍ ഇങ്ങനെ ചെയ്തു എന്നതിന് തെളിവുകളുമില്ല. ഇതിനൊക്കെ മറുപടി പറയേണ്ടത് രാഹുല്‍ ആണ്.

ഒരു സ്ത്രീയും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗഹൃദമായി. അതിന് ഏതു കോടതിയാണ് ശിക്ഷിക്കുക എന്ന് എനിക്കറിയില്ല. രാഹുല്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന് ആദ്യം തൊട്ടേ ഞാന്‍ പറയുന്നുണ്ട്. ഒരുകാര്യം സംഭവിക്കുമ്പോള്‍ രണ്ട് വശത്തുനിന്നും കേള്‍ക്കണം. എന്താണ് ഇതിലെ യഥാര്‍ഥ വിഷയം എന്നത് നമുക്ക് ആര്‍ക്കും അറിയില്ല. അതിന്റെ സത്യാവസ്ഥ വരട്ടെ.ആര്‍ക്കു ബാധ ഇളകിയാലും കോഴിക്കു കിടക്കപ്പൊറുതിയില്ലെന്നു പറയുന്നതുപോലെ കോഴിയുടെ കഴുത്താണ് കണ്ടിക്കാന്‍ വരുന്നത്. നമ്മളൊരു പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഈ സൈബര്‍ അറ്റാക്ക്. സൈബര്‍ സഖാക്കന്മാര്‍ ഓരോ വിഭാഗമായി തിരിഞ്ഞാണ് എന്നെ ആക്രമിക്കുന്നത്. എനിക്കെതിരെ പോസ്റ്റ് ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ ഇട്ടോളൂ. സ്ത്രീ സുരക്ഷ പറയുന്ന ആളുകള്‍ തന്നെയാണ് ഒരു പോസ്റ്റിന്റെ പേരില്‍ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്. അമ്മയും പെങ്ങന്മാരും ഇല്ലാത്ത രീതിയിലുള്ള ചീത്ത വിളികളാണ് ഇവര്‍ നടത്തുന്നത്.

ഞാനിന്നുവരെ ജാതിയോ രാഷ്ട്രീയമോ നോക്കി ആരെയും സഹായിച്ചിട്ടില്ല. ഒരഭിപ്രായം നമ്മള്‍ പറയുന്നു, അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അതിനെ വളച്ചൊടിച്ച് ഒരായിരം പോസ്റ്റുകളായി വന്നു. അതിനു താഴെ മത്സരിച്ച് ചീത്ത പറയുകയാണ്. ഇതെല്ലാം കണ്ടിട്ട് ഞാന്‍ മിണ്ടാതെ ഇരിക്കണോ?

ഈ ഗര്‍ഭം എന്നുള്ള വാക്ക് അല്ലാതെ വേറെന്തെങ്കിലും നിങ്ങള്‍ക്കു പറയാനുണ്ടോ? രാഹുല്‍ പൈസ തന്നിട്ടാണ് ഇതു ചെയ്യുന്നതെന്നു പറയുന്നവര്‍ക്കെല്ലാം ഞാന്‍ വീട്ടില്‍ കൊണ്ടെ പൈസ തന്നിട്ടുണ്ടല്ലോ. ഞാനൊരു ഗര്‍ഭമുണ്ടാക്കി എന്നെ സപ്പോര്‍ട്ട് ചെയ്യുമോ എന്നു ചോദിച്ചൊരുത്തന്‍ വന്നിട്ടുണ്ട്. ഇവനോടൊക്കെ എന്തു മറുപടിയാണ് കൊടുക്കേണ്ടത്. ഇതൊരു ലൈവ് ആയി പോയി, കട്ടിയുള്ള വാക്കുകളൊന്നും പറയുന്നില്ല, പറയാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടുമല്ല. നിന്റെ വീട്ടില്‍ ആളുകളുണ്ടല്ലോ, ഞാന്‍ തല്‍ക്കാലം രാഹുലിന്റെ ഗര്‍ഭം കൊണ്ടുപോകട്ടെ, നിന്റെ വീട്ടിലുള്ളവരോട് പറ നീ ഉണ്ടാക്കിയതിനെ സപ്പോര്‍ട്ട് ചെയ്യാന്‍. എന്റെ ഗര്‍ഭകാലം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവനോട്, ആദ്യം നിന്റെ അമ്മയോട് ചോദിക്ക് എങ്ങനെയായിരുന്നുവെന്ന്. അവര്‍ പറഞ്ഞുതരും, അതില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

സിനിമയും സീരിയലും ഇല്ലാതിരിക്കുമ്പോള്‍ ഇങ്ങനെ ഓരോന്നു പറഞ്ഞ് പ്രശസ്തിനേടുകയാണ് തന്റെ ലക്ഷ്യമെന്ന് കുറേപേര്‍ പറയുന്നുണ്ടായിരുന്നു. 1984 ജൂണ്‍ 4ാം തിയതിയാണ് എന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ സിനിമയില്‍ വന്നിട്ട് 41 വര്‍ഷമായി. ഏകദേശം 175 സിനിമകള്‍ ചെയ്തു, 350 സീരിയലുകള്‍ ചെയ്തു. നാലായിരം വേദികളില്‍ നാടകം അവതരിപ്പിച്ചു. ഹ്രസ്വചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇവരൊന്നും എന്റെ സിനിമ കാണാതിരിക്കുന്നത് എന്റെ കുഴപ്പമാണോ?

രാഹുലിന്റെ കയ്യില്‍ നിന്ന് കാശുമേടിച്ചാണ് ഈ പണി ചെയ്യുന്നതെന്ന് പറയുന്നവരോട്, എനിക്ക് ജീവിച്ചുപോകാനുള്ള വര്‍ക്ക് ഇപ്പോഴുമുണ്ട്. അഭിനയിച്ച കാലം മുതല്‍ ഇവിടെയൊരു സൂപ്പര്‍ നടിയായി ജീവിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല, സിനിമ അല്ലെങ്കില്‍ സീരിയില്‍ അല്ലെങ്കില്‍ നാടകം. ഇനി അതൊന്നുമില്ലെങ്കില്‍ നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം. അങ്ങനെ ജീവിക്കും
വയനാട് ഫണ്ട് മുക്കി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു പറയുന്നവരുണ്ട്. കട്ടവര്‍ക്കും കട്ടുമുടിച്ചവര്‍ക്കും കയ്യിട്ടുവാരിയവര്‍ക്കുമേ ഇങ്ങനെ പറയാന്‍ തോന്നൂ. സീമ ജി. നായര്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിക്ക് ആണിയടിക്കുകയാണെന്നു പറയുന്നു. എനിക്ക് കോണ്‍ഗ്രസ് അംഗത്വം പോലുമില്ല, കോണ്‍ഗ്രസുകാരിയാണെന്ന് എവിടെയും പറഞ്ഞിട്ടുമില്ല.''-സീമ ജി.നായരുടെ വാക്കുകള്‍.


അനുശ്രീക്കും സീമ ജി നായര്‍ക്കുമെതിരെ പി.പി ദിവ്യ പങ്ക് വച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍...ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്... സഹോദരീ നിങ്ങള്‍ ധൈര്യമായി പരാതി നല്‍കണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും... സീമ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്.... നിങ്ങള്‍ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട) മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും.. ഈ സര്‍ക്കാരും.

 

seema g nairs fb post against pp divya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES