തെന്നിന്ത്യന്‍ നായികയും ഗായികയുമായ ആന്‍ഡ്രിയ ജെറമിയയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയില്‍ കുളിപ്പിക്കുകയാണ് മലയാളം സിനിമാ പ്രേമികള്‍. അടുത്തിടെ നടന്ന ഒരു സ്റ്റേജ് ഷോയില്‍, സൂപ്പര്‍ഹിറ്റ് മലയാള ചിത്രം 'ആവേശം' സിനിമയിലെ വൈറല്‍ ഗാനമായ 'ഇല്ലുമിനാറ്റി' ആലപിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സ്വന്തം ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ഗാനം അവതരിപ്പിച്ചപ്പോള്‍ അതിനെ 'കൊന്നു കളഞ്ഞു' എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം.
ടൊയോട്ട സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആന്‍ഡ്രിയ ഈ റാപ്പ് ഗാനം ആലപിച്ചത്. ജീത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് 'ഇല്ലുമിനാറ്റി' ഗാനം രാജ്യമെമ്പാടും തരംഗമായത്. സുഷിന്‍ ശ്യാം സംഗീതം നല്‍കി റാപ്പര്‍ ഡാബ്സി ആലപിച്ച ഈ ഗാനം ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ആന്‍ഡ്രിയയുടെ പ്രകടനം ഒറിജിനല്‍ ഗാനത്തിന്റെ താളത്തോടും ഭാവത്തോടും നീതി പുലര്‍ത്തിയില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഗാനം കേട്ട് 'രംഗണ്ണന്‍ ഇറങ്ങി ഓടി കാണും' എന്നാണ് പലരും കമന്റ് ബോക്‌സുകളില്‍ കുറിച്ചത്. 'ഇലുമിനാറ്റി ചത്തു, ആന്‍ഡ്രിയ കൊന്നു,' 'രംഗണ്ണനോട് എന്തോ ദേഷ്യമുള്ളതുപോലെയാണ് ഈ പാട്ട്,' 'ഹൈ പിച്ചില്‍ പാടാന്‍ നോക്കി, നൈസായി പാളി,' 'എയറില്‍ നിന്ന് ശൂന്യകാശത്തേക്ക്' എന്നിങ്ങനെ രസകരവും എന്നാല്‍ വിമര്‍ശനാത്മകവുമായ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. പാട്ടിന്റെ ഒറിജിനല്‍ വരികള്‍ പോലും ആന്‍ഡ്രിയ മറന്നുപോയെന്നും ചിലര്‍ പരിഹസിക്കുന്നു.