Latest News

മേഘങ്ങളെ തൊടാന്‍ മാമ്പഴതുറയാര്‍

ശിവകുമാര്‍
മേഘങ്ങളെ തൊടാന്‍ മാമ്പഴതുറയാര്‍

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെയായി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു എര്‍ത്ത് (ഗ്രാവിറ്റി) ഡാമാണ് മാമ്പഴതുറയാര്‍. തമിഴ്‌നാട് അവസാനമായി നിര്‍മ്മിച്ചതാണ് എന്ന ഒരു പ്രത്യേക ഈ ഡാമിനുണ്ട്. 2011-ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നാഗര്‍കോവില്‍ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ റോഡിനുകുറുകെ കടന്നിപോകുന്ന വില്ലുക്കുറിയിലെ അക്വാഡക്റ്റ് കണ്ടിട്ടുണ്ടാവും. അതിനു തൊട്ടുമുന്നെ ഇടത്തേയ്ക്ക് തിരിയണം. ഇനി മൂന്നര കിലോമീറ്ററുണ്ട്. മൊത്തം പൊട്ടിപ്പൊളിഞ്ഞ ചെറിയ റോഡാണ്. 

ഒരുപാട് കരിങ്കല്‍ ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മലകള്‍ ഇടിച്ചുമാറ്റിയതിന്റെ ബാക്കി കല്‍ത്തൂണുകളായി പലയിടത്തും കാണാം. വസ്തുവിന്റെ അതിരുകല്ലാണത്. തുടര്‍ച്ചയായി പാറ പൊട്ടിക്കുന്നതുകാരണം ഡാമിന് ചോര്‍ച്ചയുണ്ട്. അതുപോലെ പാറപൊട്ടിക്കുന്ന ശബ്ദം കാരണം വന്യമൃഗങ്ങളും ഏറെക്കുറെ ഇവിടം ഉപേക്ഷിച്ചുപോയതായി പറയപ്പെടുന്നു. റോഡിന്റെ വലതുവശത്തായി ഡാമിലെ വെള്ളം ഒഴുകിപ്പോകുന്ന കനാല്‍. ഇടതുവശത്ത് കൃഷിസ്ഥലങ്ങളാണ്. വാഴകളും നെല്ലും കൃഷി ചെയ്തിരിക്കുന്നു. 

ഇപ്പോള്‍ കുറെ ദൂരം പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. എന്നാലും വശങ്ങളില്‍ പുതിയതായി നിരത്തിയ മണ്ണാണ്. അതിനാല്‍ എതിരെ വാഹനം വന്നാല്‍ കഷ്ടമാവും. മുന്നിലായി മലകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഈ മലനിരകള്‍ക്കുമുണ്ട് ഒരു പ്രത്യേകത. പശ്ചിമഘട്ടത്തിലെ 39 സൈറ്റുകളെ യുണെസ്‌കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ മലകളും അതില്‍പ്പെടുന്നു. 

യാത്ര ചെയ്തു കൊണ്ടിരിക്കുന്ന റോഡില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കയറുമ്പോള്‍ പ്രവേശനകവാടം കാണാം. വാഹനം പാര്‍ക്ക് ചെയ്യാന്‍ അവശ്യം സ്ഥലമുണ്ട്. ടിക്കറ്റൊന്നുമില്ല. എന്നാലും ചിലസമയങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. വെറുതെ കുറെ സമയം നോക്കി നിന്നാല്‍ മതി, മേഘങ്ങളിറങ്ങിവന്ന് മലകളെ തൊടുന്നത് കാണാം, അതും തൊട്ടു മുന്നില്‍, കയ്യെത്തും ദൂരത്ത്. മലനിരകള്‍ ആകാശത്തോളം ഉയരുകയാണോ അതോ ആകാശം മലനിരകളിലേയ്ക്കിറങ്ങി വരികയാണോ എന്ന് തോന്നിക്കുംവിധം മേഘങ്ങള്‍ വന്നുമൂടുന്ന മലനിരകള്‍. വെയിലും നിഴലും ഇടകലര്‍ന്ന് കിടക്കുന്ന മലനിരകള്‍ ഒരു പ്രത്യേക അനുഭവമാണ്. 

ഏതുസമയത്തും മഴ പ്രതീക്ഷിക്കാം. കൊടുംവെയിലില്‍ നടന്നുകയറി വന്ന് മഴയില്‍ നനഞ്ഞ് തിരികെപ്പോകാം. കൂടുതലൊന്നും പറയുന്നില്ല. പറഞ്ഞാലോ ക്യാമറയില്‍ പകര്‍ത്തിയാലോ ഒന്നുമാകില്ല. അപ്പോള്‍ അടുത്ത പ്രാവശ്യം കന്യാകുമാരിയിലോ വേളിമലയിലെ കുമാരകോവിലിലോ വരുന്നവര്‍ ഈ സ്ഥലം കൂടി വിസിറ്റ് ചെയ്യാന്‍ ശ്രമിക്കുക. 

Read more topics: # mambhazhathurayar ,# travelogue
mambhazhathurayar travelogue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES