നടന്‍ മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവി. മോഹന്‍ലാലിന് പദവി 'കൊടുത്തു' എന്ന പ്രയോഗം തന്നെ തെറ്റാണെന്നും, സൈന്യത്തിന് ഗുണകരമാകുമെന്ന് കണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും മേജര്‍ രവി വ്യക്തമാക്കി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ സംവിധാനം ചെയ്ത പട്ടാള സിനിമകള്‍ കണ്ട സൈനിക ഉദ്യോഗസ്ഥരാണ് മോഹന്‍ലാലിനെ സൈന്യത്തിന്റെ അംബാസഡറാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത്. 'സിനിമകള്‍ കണ്ട ജനറല്‍മാരും മറ്റ് ഉദ്യോഗസ്ഥരും ലാലിനെ എന്തുകൊണ്ട് അംബാസഡറാക്കിക്കൂടാ എന്ന് ചോദിക്കുകയായിരുന്നു. ഇതിനായുള്ള ഔദ്യോഗിക അഭ്യര്‍ത്ഥന ഇപ്പോഴും എന്റെ കൈവശമുണ്ട്. മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സമ്മതിച്ചു. അതിന് ശേഷമാണ് തുടര്‍നടപടികള്‍ ഉണ്ടായത്,' മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാല്‍ യൂണിഫോം ധരിച്ചതോടെ സൈന്യത്തിലേക്ക് ചേരാന്‍ എത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മേജര്‍ രവി ചൂണ്ടിക്കാട്ടി. അഞ്ച് വയസ്സുകാരന്‍ മുതല്‍ 80 വയസ്സുള്ളവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ സ്വാധീനം സൈന്യത്തിന്റെ 'മൊറാല്‍ ബൂസ്റ്റ്' ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്.സമാനമായ രീതിയില്‍ നടന്‍ മമ്മൂട്ടിയോടും സൈന്യത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നതായി മേജര്‍ രവി വെളിപ്പെടുത്തി.
മമ്മൂക്കയോട് ചോദിച്ചപ്പോള്‍ 'നമുക്ക് നോക്കാം' എന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ ഈ പദവി സ്വീകരിച്ചത് കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായി ഒരു ഗുണവുമില്ല. കശ്മീര്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ സ്വന്തം കാശെടുത്താണ് ടിക്കറ്റ് എടുക്കുന്നത്. താമസത്തിന് മാത്രമാണ് സൈന്യത്തിന്റെ സൗകര്യം ലഭിക്കുന്നത്. യൂണിഫോം പോലും സ്വന്തം കാശ് കൊടുത്ത് തുന്നിച്ചതാണ്, പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന് ഗുണമുള്ളത് കൊണ്ടാണ് മോഹന്‍ലാലിന് ഈ പദവി നല്‍കിയതെന്നും ഇതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും മേജര്‍ രവി വ്യക്തമാക്കി. 2009-ലാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത്.