പ്രണയദിനത്തില്‍ ആരാധകരോട് പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ് എത്തിയതോടെ താരത്തിന്റെ വരനെ തേടുകയാണ് സോഷ്യല്‍മീഡിയ. തന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാര്‍ത്ത പാര്‍വതി പങ്കുവെച്ചെങ്കിലും പങ്കാളിയാകാന്‍ പോകുന്നയാളുടെ പേരോ മുഖമോ വെളിപ്പെടുത്താതെയാണ് പോസ്റ്റ്. ആദ്യവിവാഹത്തിലെ മകള്‍ യാമികയെയും ചിത്രങ്ങളില്‍ കാണാം
ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിള്‍ പേരന്റ് എന്ന നിലയില്‍ ഒരാളെ വിവാഹം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഞങ്ങളെ നന്നായി നോക്കുന്ന ഒരു വ്യക്തിയെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും, എന്റെ കുടുംബത്തിനും, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് എന്റെ ജീവിതമാണ്, എന്റെ കഥയാണ്'', പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സഹോദരിയും നടിയുമായ മൃദുല വിജയ്‌യും നടി ഗോപിക അനിലും ഉള്‍പ്പെടെ പാര്‍വതിക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
കുടുംബവിളക്ക് എന്ന സീരീയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ നടിയാണ് പാര്‍വതി വിജയ്. സീരിയല്‍ ക്യാമറാമാനായ അരുണ്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യഭര്‍ത്താവ്. അരുണും മറ്റൊരു ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞു. സീരിയല്‍ നടി സായ് ലക്ഷ്മിയാണ് അരുണിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആരാധകരുടെ നിരന്തരമായ ചോദ്യങ്ങളെത്തുടര്‍ന്ന് സായ് ലക്ഷ്മി അറിയിച്ചിരുന്നു.
അഭിനയത്തിനു പുറമേ മോഡലിങ്ങിലും ബിസിനസിലും സജീവമാണ് പാര്‍വതി വിജയ്. അടുത്തിടെയാണ് ചേച്ചി മൃദുലയ്‌ക്കൊപ്പം ചേര്‍ന്ന് സിസ് ബൈ എംപി എന്ന ക്ലോത്തിങ് ബ്രാന്‍ഡ് പാര്‍വതി ആരംഭിച്ചത്.