അടുത്തിടെയാണ് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗറിന്റെ മകന്‍ വിവാഹിതനായത്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തെക്കുറിച്ച് പങ്ക് വച്ച നടന്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായൊരുക്കിയ വിവാഹ വിരുന്നിനെക്കുറിച്ച് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചടങ്ങിനിടെ താന്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറയേണ്ടി വന്ന ചോദ്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അവര്‍ വന്നില്ലേ, ഇവര് വന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു താന്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറയേണ്ടിവന്നതെന്ന് കണ്ണന്‍ പറയുന്നു. താന്‍ വലിയ താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്ന് ബോധ്യമുണ്ടെന്നും കണ്ണന്‍ കുറിച്ചു.
കണ്ണന്‍ സാഗറിന്റെ കുറിപ്പ്
''സഹപ്രവര്‍ത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. ആ കൂടെ ഒരുകാര്യം കൂടി ഞാന്‍ പറഞ്ഞിരുന്നു വര്‍ക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കില്‍ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല. സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കില്‍ എന്റെ മക്കളെ കാണാന്‍ ഒന്നുവന്നാല്‍ മതി. അങ്ങനെ കുറേപേര്‍ ആ പേരില്‍ ജാമ്യമെടുത്തു. ഫോണ്‍ വഴിയും അല്ലാതെയും ആശംസകള്‍ അറിയിച്ചു, സന്തോഷം. ചടങ്ങ് കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞു അയ്യോ കണ്ണാ ഡേറ്റ് മറന്നുപോയി അതാ എത്താഞ്ഞത് എന്നും ഫോണില്‍ ചിലര്‍ അറിയിച്ചു. ചടങ്ങ് നടക്കുമ്പോള്‍ ഞാന്‍ ആള്‍ക്കാരുടെ ഒരുചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതല്‍ പറയേണ്ടിയും വന്നത്.
'കണ്ണാ അവര് വന്നില്ലേ ഇവര് വന്നില്ലേ'; ചോദിക്കുന്നത് വലിയ വലിയ താരങ്ങളുടെ പേരുകളാ. ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല. അതിനെല്ലാം സൗമ്യമായി മറുപടി നല്‍കി. ഞാന്‍ ആ പ്രദേശമാകെ ഒഴുകി നടന്നു. 'ഞാന്‍ അധികം ആരേയും ക്ഷണിച്ചിട്ടില്ല അവര്‍ക്കൊക്കെ തിരക്കാണ് '. ഞാന്‍ അത്ര ഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്. ഉത്തരവാദിത്വത്തോടെ ഒരച്ഛന്‍ എന്നനിലയില്‍ മറ്റു കുറവുകള്‍ വരാതെ പരാതികള്‍ക്ക് പാത്രമാകാതെ സ്‌നേഹവും സൗമ്യതയും ലാളിത്യവും ഉള്ളിലൊതുക്കി ക്ഷണിക്കപ്പെട്ട കുറച്ച് പേര്‍ക്ക് അരോചകമാകാതെ, അഹങ്കാരി എന്നു തോന്നിക്കാതെ സന്മനസോടെ മക്കളെ അനുഗ്രഹിച്ചു. ഓര്‍മ്മകള്‍ക്കായി ഒരു ഫോട്ടോയ്ക്കും പോസ് ചെയ്തു, അല്‍പ്പം ഭക്ഷണവും കഴിച്ചു, സന്തോഷമായി യാത്രയാകണം, അത്രമാത്രമേയുള്ളൂ മനസില്‍. അതിപ്പോള്‍ വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ്. അവര്‍ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.
എത്ര തിരക്കുണ്ടേലും തിരക്കിച്ചെല്ലുന്നവനാണ് സുഹൃത്ത്. ആത്മബന്ധത്തിന്റെ കെട്ടുറപ്പും ആത്മാര്‍ത്ഥതയും പരസ്പര സ്‌നേഹവും അങ്ങനെയാണ് എന്നാണ് പൂര്‍വ്വികരായിട്ടുള്ള ശുദ്ധാത്മാക്കള്‍ പറഞ്ഞുവെച്ച പഴമൊഴികള്‍. തിരക്കുകളെന്ന ആ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും നന്നായി അറിയുകയും ചെയ്തിട്ടുള്ള ആളായതിനാല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ ബോധ്യപ്പെടും. അന്നേ ദിവസം ഷോയും കാര്യങ്ങളും ഒക്കെയുണ്ടായിട്ടും കുറേ നേരത്തെത്തന്നെ വന്നു മക്കളെ അനുഗ്രഹിച്ചിട്ടു പോയി ഈ പ്രിയ സഹപ്രവര്‍ത്തകര്‍. വന്നും വരാതെയും മനസുകൊണ്ട് അനുഗ്രഹിച്ചു, ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌നേഹം സമര്‍പ്പിച്ച സുഹൃത്ത്ബന്ധ, സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബന്ധുജനങ്ങള്‍ക്കും വിളിച്ചും വിളിക്കാതെയും പരിഭവങ്ങളും ചെറുപ്പിണക്കങ്ങളും നല്‍കി പരാതിപ്പെട്ടവര്‍ക്കും... മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ല സാഹചര്യങ്ങള്‍ വഴിപ്പെടാതെയും പെട്ടന്ന് ഓര്‍മ്മയില്‍ വരാതെയും ഇരുന്നു എന്ന വേദനയുള്ള മനസോടെ ക്ഷമാപണത്തോടെ, ഒരായിരം നന്ദി'', കണ്ണന്‍ സാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.