Latest News

കെയര്‍ഹോമില്‍ മൊട്ടിട്ട പ്രണയം; മൂന്നര വര്‍ഷം മുന്‍പ് കണ്ടുമുട്ടി തുടങ്ങിയ പ്രണയത്തിന് നാട്ടില്‍ താലികെട്ട്! ലിവര്‍പൂളുകാരന്‍ ജേക്കബിനെ 'ഹിന്ദു ആചാരപ്രകാരം' സ്വന്തമാക്കി നടി ഗായത്രി; കാലുപിടിച്ചപ്പോള്‍ പകരം കാലുപിടിച്ച് ഞെട്ടിച്ച് കല്യാണ പയ്യനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം!

Malayalilife
 കെയര്‍ഹോമില്‍ മൊട്ടിട്ട പ്രണയം; മൂന്നര വര്‍ഷം മുന്‍പ് കണ്ടുമുട്ടി തുടങ്ങിയ പ്രണയത്തിന് നാട്ടില്‍ താലികെട്ട്! ലിവര്‍പൂളുകാരന്‍ ജേക്കബിനെ 'ഹിന്ദു ആചാരപ്രകാരം' സ്വന്തമാക്കി നടി ഗായത്രി; കാലുപിടിച്ചപ്പോള്‍ പകരം കാലുപിടിച്ച് ഞെട്ടിച്ച് കല്യാണ പയ്യനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം!

നടി ഗായത്രി ഗോപിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ സംസാരവിഷയം. കേവലം ഒരു വിവാഹം എന്നതിലുപരി, സംസ്‌കാരങ്ങളുടെ സംഗമമായി മാറിയ ഈ ആഘോഷത്തിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന ഒരു പ്രണയമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയ മോഹം മാറ്റിവെച്ച് ലണ്ടനിലേക്ക് വിമാനം കയറുമ്പോള്‍ ഗായത്രി കരുതിയിരുന്നില്ല തനിക്കായി അവിടെ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്. പഠനത്തോടൊപ്പം ഒരു കെയര്‍ഹോമില്‍ ജോലിക്കു പോയ ഗായത്രി അവിടെ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ജേക്കബിനെ കണ്ടുമുട്ടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. റെയില്‍വേയില്‍ ടീം ലീഡറായ ജേക്കബിനെ ഗായത്രിയുടെ വീട്ടുകാരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഗായത്രിയും ജേക്കബും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഒക്ടോബര്‍ 17-ന് ഇംഗ്ലണ്ടില്‍ വെച്ച് നടന്നതായിരുന്നു. എന്നാല്‍ അന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി വലിയ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് താന്‍ ഒരു വര്‍ഷം മുന്‍പേ വിവാഹിതയായ കാര്യവും, ഇത് വീട്ടുകാര്‍ക്ക് വേണ്ടിയുള്ള ചടങ്ങാണെന്നുമുള്ള രഹസ്യം ഗായത്രി വെളിപ്പെടുത്തിയത്.

'ആള് ഇംഗ്ലണ്ടുകാരനാണ്, ഞങ്ങളുടേത് പ്യുവര്‍ ലൗ മാര്യേജ് ആണ്. മൂന്നര വര്‍ഷം മുന്‍പ് കണ്ടുമുട്ടി, ഒന്നര വര്‍ഷമായി അടുത്തറിയാം. എന്റെ സന്തോഷത്തിനാണ് വീട്ടുകാര്‍ മുന്‍ഗണന നല്‍കിയത്.' - ഗായത്രി പറയുന്നു.

ഹിന്ദു ആചാരപ്രകാരം സെറ്റും മുണ്ടും ഉടുത്ത് അസ്സല്‍ മലയാളി ലുക്കിലാണ് ജേക്കബ് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ ഗായത്രി ജേക്കബിന്റെ കാലുതൊട്ട് വന്ദിച്ചപ്പോള്‍, ഉടന്‍ തന്നെ തിരിച്ച് ഗായത്രിയുടെ കാലുതൊട്ട് വന്ദിച്ച് ജേക്കബ് ഏവരെയും അമ്പരപ്പിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്ന ജേക്കബിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമായതെന്ന് ഗായത്രി അഭിമാനത്തോടെ പറയുന്നു. മലയാളം സാമാന്യം നന്നായി മനസ്സിലാക്കുന്ന ജേക്കബ് നമ്മുടെ സംസ്‌കാരത്തെയും ആദരവോടെയാണ് കാണുന്നത്.

തെന്നിന്ത്യന്‍ സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗാണ്. അഭിനയത്തിന് ഫുള്‍ സ്റ്റോപ്പിട്ട് ഇപ്പോള്‍ ലിവര്‍പൂളില്‍ ജേക്കബിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഗായത്രി.

gayathri gopi wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES