ചൊക്രമുടി , യെല്ലപെട്ടിയിലൂടെ ടോപ്പ് സ്റ്റേഷന്‍.
( Western Ghats Peak to Peak Trekking )
YHAI - (Youth Hostel Association of India) യുടെ ഇടുക്കി ജില്ലാ പ്രസിസന്റ് എന്‍.രവീന്ദ്രന്റെ മെസേജ് വന്നപ്പോള്‍ തന്നെ തീരുമാനിച്ചു , ഈ ട്രെക്കിങ്ങിന് പോകണം. എന്റെ റിപ്ലെയ്ക്ക് അദ്ദേഹം പ്രതികരിച്ചില്ല.എല്ലാ തവണത്തെയും പോലെ ആയിരിക്കും എന്ന് പാവം തെറ്റിദ്ധരിച്ചു. പക്ഷേ രവി ചേട്ടന്റെ തെറ്റിദ്ധാരണയെ തകര്‍ത്തു കൊണ്ട് വാക്ക് പാലിച്ച് Aug.8 ാം തീയതി 02 pm - ന് ഞാന്‍ ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയില്‍ ഹാജര്‍ ആയി.
സഹയാത്രികര്‍ ഓരോരുത്തരായി എത്തി കൊണ്ടിരിക്കുന്നു, ആകെ മൊത്തം ടോട്ടല്‍ 30 പേര്‍ പങ്കെടുക്കേണ്ട ട്രെക്കിങ്ങില്‍ വലയില്‍ ഉള്ളത് രണ്ട് വനിതകള്‍ ഉള്‍പ്പടെ 23 പേര്‍ മാത്രം ബാക്കി 7 ഭീകരന്‍മാര്‍ രക്ഷപെട്ടു. ഇടുക്കി ജില്ലാ YHAI നേതൃത്വം വളരെ ചിലവു കുറഞ്ഞ ട്രെക്കിങ്ങ് എല്ലാമാസവും നടത്തി വരുന്നു.രണ്ട് ദിവസത്തെ ട്രെക്കിങ്ങ് പാക്കേജ് - താമസവും , ഭക്ഷണവും ഉള്‍പ്പെടെ 1000 - 1500 തോതിലാണ് ഒരുക്കുന്നത്. ജീവിതത്തില്‍ ആദ്യമായി കാണുന്നവരുടെ പരിചയപ്പെടലുകളും പഴയ സുഹൃത്തുക്കളുടെ വിശേഷങ്ങള്‍ പങ്ക് വെക്കലും തകൃതി ആയി നടക്കുന്നതിനിടയില്‍ രവി ചേട്ടന്‍ ട്രെക്കിങ്ങിന്റെ ഉദ്ഘാടനത്തിന് എല്ലാവരെയും വട്ടം കൂട്ടി. മൂടി കെട്ടിയ കാര്‍മേഘ മേല്‍ക്കൂരക്ക് കീഴേ ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയുടെ മുറ്റത്ത് ട്രെക്കിങ്ങ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
2002-ല്‍ ആണ് ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയുടെ ഈ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഉള്ള അക്കാദമിയും ഈ കെട്ടിടവും യാത്രികര്‍ക്കും, സാഹസിക പ്രിയര്‍ക്കും ചിലവ് കുറഞ്ഞ താമസ സൗകര്യവും മറ്റ് സഹായങ്ങളും ചെയ്ത് കൊടുക്കുന്നു. അന്‍പതോളം പേര്‍ക്ക് താമസിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. താരതമ്യേന മോശമല്ലാത്ത അടിസ്ഥാന സൗകര്യവും ,ഡോര്‍മെറ്ററി സംവിധാനവും ലഭ്യമാണ്. സ്ത്രീകള്‍ക്ക് ഒരു വലിയ മുറിയും ഉണ്ട് ഇവിടെ.
ചിലവ് കുറഞ്ഞ യാത്ര, ട്രെക്കിങ്ങ് തുടങ്ങിയവ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇവിടം നല്ലൊരു ഇടത്താവളം ആണ്.( ഥഒഅഹ മെമ്പേഴ്‌സ് ആയവര്‍ക്ക് മൂന്നാറിലെ റെഡ് സ്പാരോ റിസോര്‍ട്ടിലും ചിലവ് കുറഞ്ഞ താമസ സൗകര്യം ലഭിക്കും.)
ട്രെക്കിങ്ങിന്റെ ആദ്യ ഭാഗമായ ചൊക്രമുടി ആണ് ഇപ്പോഴത്തെ ലക്ഷ്യം. 3.30 pm ന് ഞങ്ങള്‍ യാത്ര ആരംഭിച്ചു.നല്ല തണുപ്പുള്ള കാലാവസ്ഥ, മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാല്‍ മിക്കവാറും പേര്‍ റെയിന്‍കോട്ടിനകത്ത് കയറിയിരുന്നു.
തമിഴില്‍ 'ചൊക്ര ' എന്നാല്‍ ശിവന്റെ മറ്റൊരു പേര് ആണ്. 'മുടി ' - മലയും അങ്ങനെ ശിവ ഭഗവാന്റെ പേരിലുള്ള സമുദ്രനിരപ്പില്‍ നിന്ന് 7200 അടി പൊക്കമുള്ള മലയെ താണ് വണങ്ങി കയറ്റം ആരംഭിച്ചു.ദക്ഷിണേന്ത്യയിലെ ഉയരത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള കൊടുമുടികളില്‍ ഒന്നാണ് ചൊക്രമുടി.പാറകൂട്ടങ്ങളും പുല്ലുകളും നിറഞ്ഞ ചൊക്രമുടിയുടെ വിരിമാറിലൂടെ ഞങ്ങള്‍ അടി വച്ച് അടി വച്ച് മുന്നേറി. ട്രെക്കിങ്ങിന്റെ കഷ്ടതകള്‍ മുക്കികളയും വിധം നിറയെ തമാശകള്‍ നിറഞ്ഞ സംഭാഷണത്തോടെ ആയിരുന്നു യാത്ര. ബാലരമയിലെ മായാവിയുടെ രസികത്തം നിറഞ്ഞ കഥകള്‍ എഴുതുന്ന സഹയാത്രികന്‍ സഞ്ജു ചേട്ടന്‍ തമാശ സംഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇരവികുളം നാഷണല്‍ പാര്‍ക്കിലെന്ന പോലെ വരയാടുകളെ കാണാന്‍ സാധിക്കുന്ന ചുരുങ്ങിയ പ്രദേശങ്ങളില്‍ ഒന്നാണ് ചൊക്രമുടി. ടൂറിസ്റ്റുകളുടെ കുറവള്ളതുകൊണ്ട് പരിസ്ഥിതിക്ക് ഇപ്പോള്‍ വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. എങ്കിലും പലയിടത്തും പ്ലാസ്റ്റിക്ക് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു .
മൂന്നാറില്‍ നിന്ന് 12 ഗങ ഉം, ദേവികുളത്ത് നിന്ന് 6 KM ഉം ആണ് ചൊക്ര മുടിയുടെ താഴ് വാരത്തേക്കുള്ള ദൂരം.
കൂട്ടത്തില്‍ 65 വയസ്സുള്ള ഗോപാലന്‍ ചേട്ടന്‍ നിഷ്പ്രയാസ്സം കയറിയപ്പോള്‍ സ്ത്രീകളും, ഞങ്ങളില്‍ ചിലരുംമൊക്കെ കുറച്ച് ഉഷ്ണിച്ചു ചിലയിടങ്ങള്‍ കയറിപ്പറ്റുവാന്‍. ഥഒഅകയുടെ സംസ്ഥാന ഭാരവാഹിയും , അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്ററുമായ മോഹന്‍ജി നേതൃത്വം കൊടുക്കുന്ന ട്രെക്കിങ്ങ് സംഘം കിതച്ച് ഇരുന്നും, അള്ളി പിടിച്ചുമൊക്കെ അങ്ങനെ മുകളില്‍ എത്തി. പലരുടെയും വെള്ള കുപ്പികളും, സ്‌നാക്ക്‌സും പല കൈകളിലേക്ക് വട്ടം കറങ്ങി കൊണ്ടിരുന്നു.
ബൈസണ്‍വാലി, ഗവി മല, പെരിയാര്‍ ടൈഗര്‍ റിസര്‍വ് , മതികെട്ടാന്‍ ഷോള നാഷണല്‍ പാര്‍ക്ക്, പാമ്പാടും ഷോള നാഷണല്‍ പാര്‍ക്ക് മുതലായ പ്രദേശങ്ങള്‍ ഇവിടെ നിന്ന് നോക്കിയാല്‍ കാണാം പക്ഷേ കോടമഞ്ഞിന്റെ ആവരണം എപ്പോള്‍ വേണമെങ്കിലും കാഴ്ചയെ മറയ്ക്കാം. ഓരത്ത് നിന്ന് കാഴ്ചകള്‍ വീക്ഷിക്കുന്നവരെ മോഹന്‍ജി പുറകോട്ട് മാറ്റി നിര്‍ത്തി ഇല്ലെങ്കില്‍ ചിലപ്പോള്‍ പറന്ന് ആയിരക്കണക്കിന് അടി താഴേക്ക് പോകും. അത്ര ശക്തമായ കാറ്റാണ് മുകള്‍ ഭാഗത്ത്. മൂടല്‍മഞ്ഞിന്റെ കര്‍ട്ടന്‍ ഇല്ലെങ്കില്‍ പശ്ചിമഘട്ട മലനിരകളിലെയും, ദക്ഷിണേന്ത്യയിലെയും എറ്റവും ഉയരം കൂടിയ കൊടുമുടി ആയ ആനമുടിയും, രണ്ടാമത്തെ സ്ഥാനക്കാരനായ മീശപ്പുലിമലയുടെയും കാഴ്ച നമ്മുടെ കണ്ണുകള്‍ക്ക് വിരുന്നേകും. ഒരു മണിക്കൂര്‍ സമയം ചൊക്ര മുടിയില്‍ ചിലവഴിച്ച് ഞങ്ങള്‍ താഴേക്ക് ഇറങ്ങി തുടങ്ങി. ഇറക്കം വളരെ രസകരമായ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നേ യാത്രികര്‍ എല്ലാവരും നല്ല ഒരു ആത്മ ബന്ധത്തില്‍ എത്തിയിരുന്നു. അന്‍പത് മിനിട്ടത്തെ ഉദ്യമത്തിനു ശേഷം താഴെ എത്തി.സായം സന്ധ്യയില്‍ മുങ്ങി നില്‍ക്കുന്ന ചൊക്ര മുടിയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ബേസ് ക്യാമ്പിലേക്ക് നടന്നു.
ദേവികുളം അഡ്വഞ്ചര്‍ അക്കാദമിയുടെ എതിര്‍വശത്തുള്ള സുനില്‍ ചേട്ടന്റെ നവനീത് ഹോട്ടലില്‍ നിന്ന് കൊണ്ട് വന്ന കഞ്ഞിയും, പയറും, ഓബ്ലറ്റും, അച്ചാറും എല്ലാവരും ആസ്വദിച്ച് കഴിച്ചു. അരിച്ചിങ്ങുന്ന തണുപ്പില്‍ ചൂട് കഞ്ഞി ഹൃദ്യമായ ഒരു സുഖം പ്രദാനം ചെയ്തു. അത്താഴത്തിനു ശേഷമുള്ള കൊച്ചുവര്‍ത്തമാനങ്ങളും കഥകളും, അനുഭവങ്ങളും നീളുന്നതിനിടെ രാത്രിയുടെ ഏതൊക്കെയോ സമയങ്ങളില്‍ പലരും പതുക്കെ രജായിയുടെ സുഖത്തിലേക്ക് നൂഴ്ന്ന് ഇറങ്ങി. നാളത്തെ കാഴ്ചകളേപ്പറ്റി സ്വപനങ്ങള്‍ കണ്ടുള്ള ഒരു സുഖനിദ്ര.