പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്‌കാര ജേതാവ് പ്രശാന്ത് വര്‍മ്മ ഒരുക്കുന്ന 'ജയ് ഹനുമാന്‍' പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ സൂപ്പര്‍താരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാന്‍ ഹനുമാന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയില്‍ ആണ് തുടക്കം കുറിച്ചത്. ഹനുമാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാന്‍ നിര്‍മ്മിക്കുന്നത് തെലുങ്കിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.
പൂജ ചടങ്ങില്‍, ടി-സീരീസ് മേധാവി ഭൂഷണ്‍ കുമാര്‍ ക്ലാപ്പ്‌ബോര്‍ഡ് നല്‍കി, ഹനുമാന്‍ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനില്‍ തടാനി ക്യാമറ ചലിപ്പിച്ചു. അനില്‍ തടാനി, ഭൂഷണ്‍ കുമാര്‍, നവീന്‍ യെര്‍നേനി, രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ പ്രശാന്ത് വര്‍മ്മയ്ക്ക് കൈമാറി. പ്രീ-പ്രൊഡക്ഷന്‍ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
കൈയ്യില്‍ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലില്‍ ഇരിക്കുന്ന ഭഗവാന്‍ ഹനുമാന്റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ റിഷഭ് ഷെട്ടിയെ അവതരിപ്പിച്ചത്. തകര്‍ക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം കലിയുഗത്തില്‍ നടക്കുന്ന വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് പ്രശാന്ത് വര്‍മ്മ ഒരുക്കാന്‍ പോകുന്നത്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് ജയ് ഹനുമാന്‍. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉയര്‍ന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്‌സ് ത്രീഡി ഫോര്മാറ്റിലാണ് ജയ് ഹനുമാന്‍ ചിത്രീകരിക്കുന്നത്.
പുരാണ ഗാംഭീര്യവും വൈകാരിക ആഴവുമുള്ള ഒരു സിനിമാറ്റിക് അനുഭവം ആണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. സമകാലിക കഥകളെ പുരാണങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ധീരവും നൂതനവുമായ കഥപറച്ചിലിന് പേര് കേട്ട ആളാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ.
രചന, സംവിധാനം: പ്രശാന്ത് വര്‍മ്മ, ബാനര്‍: മൈത്രി മൂവി മേക്കേഴ്സ്, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍,
അവതാരകര്‍: ടി സീരീസ്, ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീത സംവിധായകന്‍: എം.എം. കീരവാണി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീനാഗേന്ദ്ര തങ്കാല, മാര്‍ക്കറ്റിംഗ്: ഫസ്റ്റ്‌ഷോ, പിആര്‍ഒ : ശബരി