Latest News

പുലാവുബീൻ ദ്വീപ് യാത്ര

Bibin Scaria
topbanner
പുലാവുബീൻ ദ്വീപ് യാത്ര

സിങ്കപ്പൂരിൽ വന്ന നാൾ മുതൽ പുലാവുബീൻ എന്ന ദ്വീപ് എന്നെ ഏറെ മോഹിപ്പിച്ചിരുന്നു.അടുത്തിടയ്ക്കാണ് അങ്ങോട്ടേക്കുള്ള യാത്ര സഫലമായത്.

ഇങ്ങനെയൊരു ദ്വീപിലേക്ക്‌ ഞാൻ യാത്രപോകുന്നെന്ന് പറഞ്ഞപ്പോൾത്തന്നെ സഹയാത്രികനായി കൂടെജോലിചെയ്യുന്ന ജെറിനും കൂടി.ജെറിൻ നാഗർകോയിൽ സ്വദേശിയാണ്.ജെറിൻ നന്നായി മലയാളം സംസാരിക്കും.

രാവിലെ എട്ടുമണിയായപ്പോൾ ഞങ്ങൾ ബസ്സിൽ യാത്രപുറപ്പെട്ടു.ബോട്ട് ജെട്ടിയാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ദ്വീപിലെത്തിച്ചേരാൻ പതിനഞ്ചു മിനിറ്റ് ബോട്ടിൽ സഞ്ചരിക്കണം.ഞങ്ങൾ സിങ്കപ്പൂർ താനമേറ ബോട്ട് ജെട്ടിയിലെത്തിച്ചേർന്നു.ചെറിയൊരു ബോട്ട് ജെട്ടിയാണെങ്കിലും കുറെയധികം ബോട്ടുകൾ നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു.ഞങ്ങൾ പുലാവുബീൻ പോകാനുള്ള ടിക്കറ്റ് കൗണ്ടറിലെത്തി.കൗണ്ടർ തുറന്നിട്ടില്ലാത്തതിനാൽ തൊട്ടടുത്തുള്ള കസേരകളിൽ ഞാനും ജെറിനും സ്ഥാനംപിടിച്ചു.

ഏറെത്താമസിയാതെ ടിക്കറ്റ് കൗണ്ടർ തുറന്നു.ബോട്ടിനുള്ളിലാണ് പണം നൽകി ടിക്കറ്റ് എടുക്കേണ്ടതെന്നായിരുന്നു കൗണ്ടറിൽ നിന്നും കിട്ടിയ മറുപടി.സമയം കളയാതെ ബോട്ട് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.ഡ്രൈവർ പണം കൈപറ്റി ടിക്കറ്റ് ഞങ്ങൾക്ക് നൽകി.ഒരാൾക്ക് മൂന്ന് ഡോളറാണ് ടിക്കറ്റ് നിരക്ക്.

വളരെ ചെറിയ ബോട്ടാണ്.ഒരു ബോട്ടിൽ പരമാവധി പന്ത്രണ്ടുപേർക്ക് യാത്ര ചെയ്യാം.സിങ്കപ്പൂരിന്റെ മെയിൻലാൻഡിൽനിന്നും ഞങ്ങളുടെ ബോട്ട് നീങ്ങി തുടങ്ങി.പതിനഞ്ചുമിനിറ്റ്‌ ബോട്ടിൽ സഞ്ചരിച്ചു ഞങ്ങൾ പുലാവുബീൻ ദ്വീപിലെത്തി.ബോട്ടിൽനിന്നിറങ്ങി ഞങ്ങൾ കരയിലേക്ക് നടന്നു.

ഏകദേശം അഞ്ചുമിനിറ്റ് നടത്തിനുശേഷം ഞങ്ങൾ എത്തിച്ചേർന്നത് ദ്വീപിന്റെ പ്രധാനഭാഗത്തേക്കായിരുന്നു.വെൽക്കം ടു പുലാവുബീൻ എന്ന ബോർഡ് കണ്ടപ്പോഴേ ഞങ്ങൾ ഫോട്ടോ പിടുത്തം ആരംഭിച്ചു.

സിങ്കപ്പൂരിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് പുലാവുബീൻ. പ്രകൃതിസ്നേഹികൾക്ക് നഗരത്തിന്റെ തിരക്കിൽ നിന്നും മോചനംനേടി ശാന്തസുന്ദരമായ പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ഹരിതാഭയും പച്ചപ്പും ആസ്വദിക്കാൻ പറ്റിയ ഒരിടമാണ് പുലാവുബീൻ എന്ന മനോഹരമായ ദ്വീപ്.ഇൻഡോനേഷ്യയിലെ ബത്താം എന്ന ദ്വീപിലേക്കാണ് സിങ്കപ്പൂരിൽനിന്നുള്ള യാത്രികരുടെ ഒഴുക്ക്.അതുകൊണ്ടുതന്നെ പുലാവുബിനിലേക്ക് വളരെക്കുറച്ചു ആളുകൾമാത്രമേ യാത്രചെയ്യാറുള്ളൂ.

ദ്വീപിൽ താമസസൗകര്യം ലഭ്യമല്ല.അതിനാൽ ഒരുദിവസത്തെ യാത്രക്കൊരുങ്ങിയാണ് ഞങ്ങൾ യാത്രപുറപ്പെട്ടത്. നൂറിൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ.

ദ്വീപിലെങ്ങും രാവിലെ ശക്തിയായ മഴപെയ്തതിന്റെ ലക്ഷണമുണ്ടായിരുന്നു.ഏതായാലും മഴ ശമിച്ചു പക്ഷേ ആകാശം മേഘാവൃതമാണ്. സമയം കളയാതെ ഞങ്ങൾ നടന്നു.

ദ്വീപിലേക്ക്‌ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഒരു ചെറിയ കെട്ടിടമാണ്.ദ്വീപിന്റെ ചരിത്രവും,ദ്വീപിലേക്കുള്ള വഴികളുടെ റൂട്ട് മാപ്പുകളുമാണ് അവിടെ ഞങ്ങൾ കണ്ടത്.ദ്വീപിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു സൈക്കിൾ വാടകയ്ക്ക് എടുക്കുക എന്നതാണ്.സൈക്കിൾ ചവിട്ടി പുലാവുബീൻ എന്ന സുന്ദരദ്വീപ് കാണുക എന്നത് ഒരു പ്രത്യേക അനുഭവമാണ്.പ്രധാന ഗ്രാമത്തിൽ നിന്ന് ഒരു വാൻ വാടകയ്‌ക്കെടുക്കാം അല്ലെങ്കിൽ സൈക്കിൾ വാടകയ്‌ക്കെടുക്കാം .ആളുകൾ കൂടുതലുണ്ടെങ്കിൽ ടാക്സി എടുത്തും ദ്വീപിൽ കറങ്ങാം.

ഞാനും ജെറിനും ആദ്യം കണ്ട സൈക്കിൾ ഷോപ്പിൽ പ്രവേശിച്ചു.സൈക്കിൾ ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണം.സൈക്കിൾ ഉപയോഗിക്കുന്നതിനുമുൻപ് മറ്റുകുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി.5 ഡോളറാണ് ഒരുദിവസത്തേക്കുള്ള വാടക.ഞങ്ങൾ ഓരോ സൈക്കിൾ വീതം എടുത്തുകൊണ്ടു ഞങ്ങളുടെ ദ്വീപ് യാത്ര ആരംഭിച്ചു.

രാവിലെ മഴപെയ്തിരുന്നതിനാൽ ഇപ്പോഴും അന്തരീക്ഷം മൂടിക്കെട്ടിയാണ് നിൽക്കുന്നത്.സൈക്കിൾ ഷോപ്പിൽനിന്നും ദ്വീപിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ ചെന്നെത്തിയത് ഒരു സുന്ദരപാതയിലേക്കായിരുന്നു.ആളുകളോ,മറ്റുബഹളങ്ങളോ ഒന്നുമില്ലാത്ത സ്വച്ഛസുന്ദരമായ പ്രകൃതിയാണ് ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.

കുറച്ചുനേരം ഞാനും ജെറിനും പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ട് സൈക്കിൾ സവാരി തുടർന്നു.കുത്തനെയുള്ള കയറ്റിറക്കങ്ങളുണ്ടെങ്കിലും വളരെ ആസ്വാദകരമായിരുന്നു ആ യാത്ര.

കുറച്ചു നേരത്തെ സൈക്കിൾ ചവിട്ടത്തിനൊടുവിൽ സെൻസറി ട്രയൽ എന്നൊരു ബോർഡ് കണ്ടു.ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി.നമ്മുടെ കുട്ടനാടുപോലെ മനോഹരമായ ഒരു പ്രദേശം,നിറയെ തെങ്ങുകളാണവിടെ കണ്ടത്.

ഞങ്ങൾ സൈക്കിൾ സവാരി തുടർന്നു,ജെറിൻ പറഞ്ഞപ്പോഴാണ് ഞാനും ആ കാഴ്ച ശ്രദ്ധിച്ചത്,റോഡിന്റെ ഇരുവശങ്ങളിലും വനനിബിഡമായതിനാൽ പെട്ടെന്നാരും ശ്രദ്ധിക്കില്ല.അവിടെയുള്ള ചില വൃക്ഷങ്ങൾ റംബൂട്ടാനാണ്,മറ്റു ചിലത് പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ഡൂറിയാനുമാണ്.സീസൺ ആയതുകൊണ്ട് മരത്തിൽ മുഴുവൻ റംബൂട്ടാൻ പഴങ്ങളുണ്ട്.

സൈക്കിൾ സൈഡാക്കി ഞങ്ങൾ റംബൂട്ടാൻ മരത്തിന്റെ ചുവട്ടിലെത്തി.ഇങ്ങനെയൊരു കാഴ്ച ആദ്യം!അകെ റംബൂട്ടാൻ കണ്ടിട്ടുള്ളത് മാർക്കറ്റിലാണ്.ഇത് മരത്തിൽ കിടക്കുന്നു,ഒരു പ്രേത്യേക കൗതുകം.മരത്തിൽ കയറുകയെന്നത് ദുഷ്കരമാണ്.നാട്ടിലായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.ഇത് സിംഗപ്പൂരാണ്.ഏതായാലൂം റംബൂട്ടാൻ ഞങ്ങളെ വിഷമിപ്പിച്ചില്ല.മരത്തിലെ പഴുത്ത റംബൂട്ടാൻ കുറെയധികം നിലത്തു പൊഴിഞ്ഞുകിടപ്പുണ്ടായിരുന്നു.ഞാനും ജെറിനും അവയെല്ലാം പെറുക്കിയെടുത്തു,വയറ്റിലാക്കി.

വനത്തിനുള്ളിൽ കുറച്ചുകൂടി അകത്തേക്ക് പ്രവേശിച്ചാൽ നിറയെ ഡൂറിയാൻ മരങ്ങളാണ്.ഡൂറിയാൻ മരങ്ങൾക്ക് താഴെപോഴിഞ്ഞു കിടന്ന പഴങ്ങളെല്ലാം നേരത്തേയെത്തിയ സഞ്ചാരികൾ ബാഗിലാക്കിക്കഴിഞ്ഞിരുന്നു.ഞങ്ങൾ യാത്ര തുടർന്നു.

യാത്രക്കിടയിൽ പലയിടങ്ങളിലും റംബൂട്ടാൻ കൃഷി ചെയ്തിരിക്കുന്നത് കാണാനിടയായി.ഇവിടെ നിന്നുമാണ് റംബൂട്ടാൻ,ഡൂറിയാൻ മുതലായ പഴങ്ങൾ സിംഗപ്പൂരിന്റെ മെയിൻ ലാൻഡിലേക്ക് വിൽപ്പനക്കെത്തിക്കുന്നത്.

ഏകദേശം മൂന്നുമണിക്കൂർ നീണ്ട സൈക്കിൾ സവാരിക്കൊടുവിൽ ഞങ്ങൾ എത്തിച്ചേർന്നത് പുലാവുബീനിലെ മനോഹരമായ ചെക്ക് ജാവാ വെറ്റ് ലാൻഡ്‌സ് എന്ന പ്രദേശത്തേക്കായിരുന്നു. പുലാവുബീനിലെ കിഴക്കേ അറ്റത്താണ് ചെക്ക് ജാവ വെറ്റ് ലാന്റ്സ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 100 ഹെക്ടർ വിസ്തൃതിയുള്ള ചെക്ക് ജാവ ഒരു സവിശേഷ പ്രകൃതിദത്ത പ്രദേശമാണ്, അവിടെ ആറ് പ്രധാന ആവാസവ്യവസ്ഥകൾ - മണൽ ബീച്ച്, റോക്കി ബീച്ച്, സീഗ്രാസ് ലഗൂൺ, പവിഴ അവശിഷ്ടങ്ങൾ, കണ്ടൽക്കാടുകൾ, തീരദേശ വനം എന്നിങ്ങനെയുള്ള മനോഹരമായ കാഴ്ചകളാൽ സമ്പുഷ്ടമാണ്.

ചെക്ക് ജാവ വെറ്റ് ലാൻഡ് പ്രദേശം ആയതോടെ ഭൂപ്രകൃതി മാറിത്തുടങ്ങി. വളരെ വ്യത്യസ്തമായ ഒരു അന്തരീക്ഷം ഉടലെടുത്തു.വനത്തിലൂടെയുള്ള മൺപാതകൾ പിന്നിട്ട് ഞങ്ങൾ എത്തിച്ചേർന്നത് ഒരു കെട്ടിടത്തിന് ഭാഗത്തേക്ക് ആയിരുന്നു. ഓടിട്ട പൗരാണികമായ ആ കെട്ടിടം ഞങ്ങളെ വളരെയധികം ആകർഷിച്ചു. കെട്ടിടത്തിലേക്ക് കയറുന്നതിനു മുൻപ് അവിടുത്തെ കടൽ കാഴ്ച ആസ്വദിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സൈക്കിൾ കെട്ടിടത്തിന് അരികിൽ ഒതുക്കിയിട്ട് ഞങ്ങൾ അവിടേക്ക് നടന്നു. പടവുകൾ ഇറങ്ങി ഞങ്ങൾ എത്തിയത് കടലിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന കടൽ പാലത്തിലേക്ക് ആയിരുന്നു. കടൽ പാലത്തിന് അങ്ങിങ്ങായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. കടൽ പാലത്തിന് അങ്ങേയറ്റം വരെ നടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ദൂരെ നിന്നു നോക്കുമ്പോഴേ അങ്ങേയറ്റത്തായി ആരോ കിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. കടൽ പാലത്തിലെ ഇരിപ്പിടത്തിൽ മേൽവസ്ത്രം ഒക്കെ ഊരി മാനത്തേക്ക് നോക്കി കിടക്കുന്ന ഏതോ ഒരു സായിപ്പ് ആയിരുന്നു അത്. വെയിൽ കായുകയായിരുന്ന സായിപ്പ് ഞങ്ങളുടെ ശബ്ദം കേട്ട് ചാടിയെണീറ്റു. മേൽവസ്ത്രം അണിഞ്ഞതിനുശേഷം ഞങ്ങളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് സായിപ്പ് കടൽ പാലത്തിലൂടെ നടന്നകന്നു. ഞങ്ങളുടെ വരവ് സായിപ്പിന് പിടിച്ചിട്ടില്ല എന്ന് സാരം. ഇപ്പോൾ ഞങ്ങളെ കൂടാതെ വേറെ ആരും തന്നെ അവിടെ ഇല്ല. കടൽപ്പാലത്തിൽ നിന്നാൽ ഫ്ലൈറ്റുകൾ പൊങ്ങി പറക്കുന്നതും ലാൻഡ് ചെയ്യാൻ താഴുന്നതും വ്യക്തമായി കാണാം. സിംഗപ്പൂർ എയർലൈൻസ്, എയർ ഫ്രാൻസ്, എമിറേറ്റ്സ് എന്നിങ്ങനെയുള്ള ഫ്ലൈറ്റുകൾ പൊങ്ങുന്നതും താഴുന്നതും വ്യക്തമായി ഞങ്ങൾ കണ്ടു.

മന്ദമാരുതന്റെ ഇളംതെന്നലേറ്റ് പ്രകൃതി സൗന്ദര്യം ആവോളം നുകർന്നുകൊണ്ട് ഞങ്ങൾ കുറെ നേരം അവിടെ ചിലവഴിച്ചു.കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ കടൽ പാലത്തിലൂടെ തിരികെ നടന്നു. പടവുകൾ കയറി പൗരാണികമായ കെട്ടിടത്തിന് മുൻപിലെത്തി. ഞങ്ങൾ കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. പുലാവുബീൻ ദ്വീപിന്റെ ചരിത്രവും ചെക്ക് ജാവ വെറ്റ്ലാന്റിന്റെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള നിരവധി ലഖുരേഖകളും കെട്ടിടത്തിനുള്ളിൽ അങ്ങിങ്ങായി പ്രദർശിപ്പിച്ചിട്ടുണ്ട്.

അവിടുത്തെ വ്യത്യസ്തമായ കാഴ്ചകൾക്കു ശേഷം ഞങ്ങൾ പുറത്തിറങ്ങി. വീണ്ടും ഞങ്ങൾ സൈക്കിൾ സവാരി തുടർന്നു.കുറച്ചുനേരത്തെ സൈക്കിൾ യാത്രയ്ക്കുശേഷം ഞങ്ങൾ എത്തിച്ചേർന്നത് പുലാവുബീനിലെ അതിമനോഹരമായ കണ്ടൽക്കാട് പ്രദേശത്തേക്ക് ആയിരുന്നു. ചില ചുവർചിത്രങ്ങളിലെ മനോഹരമായ പെയിൻറിങ് പോലെ സുന്ദരമാണിവിടം.മലയാളം, തമിഴ് ഗാനരംഗങ്ങൾക്ക് സെറ്റിട്ടതുപോലെയുള്ള മനോഹരമായ ആ സ്ഥലം ഞങ്ങളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയി. അവിടേയ്ക്ക് എത്തിച്ചേരാൻ തടികൊണ്ടുള്ള നടപ്പാത ഒരുക്കിയിട്ടുണ്ട്. നടപ്പാതയുടെ ഇരുവശങ്ങളിലുമായി മരത്തിൻറെ ചില്ലകൾ കെട്ടിപ്പിണഞ്ഞു നിൽക്കുന്നു. എങ്ങും മനോഹരമായ പച്ചപ്പ് മാത്രം. ഞങ്ങളെ കൂടാതെ അവിടെ ആരും തന്നെ ഇല്ല. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷം.

കുറച്ചുകൂടി മുന്നോട്ടു നടന്നതോടെ നടപ്പാതയിൽ നിന്നാൽ കടൽ കാഴ്ച ദൃശ്യമായി തുടങ്ങി. അവിടെ നിന്നുകൊണ്ട് കടൽ കാഴ്ച ആസ്വദിക്കുന്നതിനേക്കാൾ പിന്നിട്ടു വന്ന വഴികളിലെ മനോഹരമായ കാഴ്ചകൾ വീണ്ടും അങ്ങോട്ടേക്ക് ഞങ്ങളെ മാടിവിളിച്ചു. കുറച്ചുസമയം കൂടി കണ്ടൽക്കാടി ന്റെ പ്രദേശത്തുകൂടി നടന്നുകൊണ്ട് ഞങ്ങൾ പ്രകൃതിയെ പ്രണയിച്ചു.

മനോഹരമായ കാഴ്ചകൾ കണ്ടു നടന്ന് സമയം പോയതറിഞ്ഞില്ല. അപ്പോഴേക്കും വിശപ്പ് മുറവിളികൂട്ടി തുടങ്ങിയിരുന്നു. ലഘുഭക്ഷണം ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. അടുത്തു കണ്ട ഒരു ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ചാറ്റൽമഴ ചാറി തുടങ്ങിയിരുന്നു. ഭക്ഷണത്തിനുശേഷം കുറച്ചു സമയം ഞങ്ങൾ അവിടെ ഇരുന്ന് വിശ്രമിച്ചു.

ഞങ്ങളുടെ അടുത്ത യാത്ര പുലാവുബീനിലെ വളരെ ആകർഷകമായ ജെജാവി ടവർ കാണാനായിരുന്നു.ചെക്ക് ജാവ വെറ്റ് ലാൻഡിലാണ് 20 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജെജാവി ടവർ. സമൃദ്ധമായ വനങ്ങളുടെ കട്ടിയുള്ള മേലാപ്പിലെ പക്ഷികളുടെ ചിരി, കുരങ്ങന്മാരുടെ ശബ്ദകോലാഹലങ്ങൾ, ഉഷ്ണമേഖലാ വനത്തിന്റെയും താഴെയുള്ള സമുദ്രത്തിന്റെയും ആശ്വാസകരമായ കാഴ്ച എന്നിവയാണ് ഈ സ്ഥലത്തെ പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നത്.

കിംഗ്‌ഫിഷർ പോലുള്ള ഗാംഭീര്യമുള്ള പക്ഷികളെയും അപൂർവ വെളുത്ത വയറുള്ള കഴുകന്മാരെയും ജെജാവി ടവറിൽ നിന്ന് പാരാകീറ്റുകൾ, ഹെറോണുകൾ, മറ്റ് പക്ഷികൾ എന്നിവ കാണാനാകും. അവിടുത്തെ മനോഹരമായ പ്രകൃതിദൃശ്യം അവിടെ എത്തുന്ന ഓരോ സഞ്ചാരിയിലും ആശ്ചര്യം ഉളവാക്കും. കാരണം അടുത്തുള്ള ചാംഗി വിമാനത്താവളത്തിൽ നിന്ന് ഇറങ്ങാനോ പുറപ്പെടാനോ ഒരുങ്ങുന്ന വിമാനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതും സ്വകാര്യമാണ്. പ്രദേശത്തിന്റെ നിശ്ചലതയും, താഴെയുള്ള കണ്ടൽക്കാടുകളും, ചാംഗി സെയിലിംഗ് ക്ലബിന് സമീപം ചക്രവാളത്തിന് കുറുകെ കുരുമുളകുകളുള്ള യാർഡുകളുടെ മനോഹരമായ കാഴ്ചയും ഈ സ്ഥലത്തെ ആസമാനതയുള്ള സ്ഥലമായി കണക്കാക്കുന്നു.

ഏഴ് നിലകളുള്ള ഈ കെട്ടിടത്തിന്റെ നിർമ്മാണം 2007 ൽ പൂർത്തിയായി. അന്നുമുതൽ ജെജാവി ടവർ ഒരു നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്നു. തണ്ണീർത്തടങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ തക്കവണ്ണം അലുമിനിയം ഉപയോഗിച്ചാണ് തടി ഘടനയുടെ റെയിലിംഗ് നിർമ്മിച്ചിരിക്കുന്നത്. ജെജാവി ടവറിന് ഈ പേര് ലഭിച്ചത് മലയൻ ബനിയൻ മരത്തിൽ നിന്നാണ്.

ഒരു സമയം പരമാവധി ഇരുപത് പേരെ ടവറിൽ കയറാൻ അനുവദിച്ചിരിക്കുന്നു, മുകളിൽ എത്തിക്കഴിഞ്ഞാൽ ഓരോ ചെറിയ ചലനത്തിന്റെയും സ്പന്ദനങ്ങൾ നമുക്ക് അനുഭവപ്പെടും.

ടവറിന്റെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. പോകുന്ന വഴി പുലാവുബീനിലെ ദ്വീപ് നിവാസികളുടെ ഭവനം സന്ദർശിച്ചു. ചെറുതെങ്കിലും മനോഹരമായ വീടുകൾ. അടുക്കും ചിട്ടയുമുള്ള ക്രമീകരണങ്ങൾ. ചെറുപുഞ്ചിരിയോടെ ആഥൃത്യമര്യാദയുള്ള ഗ്രാമവാസികളുടെ കൂടെ ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.

വാടകക്കെടുത്ത സൈക്കിൾ കടയിൽ തിരികെ നൽകി ഞങ്ങൾ ബോട്ട്ജെട്ടി ലക്ഷ്യമാക്കി നടന്നു. ജെട്ടിയിൽ കുറെ ബോട്ടുകൾ നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു. നിശ്ചിത ആളുകൾ എത്തിയതിനുശേഷം മാത്രമേ ബോട്ടിലേക്കുള്ള പ്രവേശനം സാധ്യമാകൂ. കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവിൽ ആളുകൾ എത്തിത്തുടങ്ങി. വരുന്ന ആളുകളുടെ ബാഗുകൾ പരിശോധിച്ചതിനു ശേഷം മാത്രമേ ബോട്ടിലേക്ക് കയറ്റി വിടുകയുള്ളൂ. ബോട്ടിലേക്ക് കയറാൻ തിടുക്കം കൂട്ടിയ ചൈനീസ് ടൂറിസ്റ്റുകളുടെ ബാഗിൽ നിന്നും റംബൂട്ടാനും ഡൂറിയാനുമെല്ലാം അവിടുത്തെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

അങ്ങനെ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച പുലാവുബീനി ന്റെ മണ്ണിനോട് ഞങ്ങൾ വിടപറയുകയാണ്. പതിനഞ്ച്‌ മിനിറ്റ് ബോട്ട് യാത്രയ്ക്ക് ശേഷം ഞങ്ങൾ സിംഗപ്പൂർ മെയിൻ ലാൻഡിൽ എത്തിച്ചേർന്നു. ബോട്ടിൽ നിന്ന് ഇറങ്ങി വെളിയിലേക്ക് ഇറങ്ങുമ്പോൾ ഉദ്യോഗസ്ഥന്മാരുടെ ബാഗ്പരിശോധന വീണ്ടും ഉണ്ടായി. കിട്ടിയ റംബൂട്ടാനെല്ലാം തിരികെ കൊണ്ടുവരാതെ അവിടെവെച്ച് തന്നെ അകത്താക്കിയത് ഭാഗ്യം. സമയം ഏകദേശം മൂന്നു മണി പിന്നിട്ടിരുന്നു. വീട്ടിലെത്താൻ ഇനിയും ബസ് യാത്ര തുടരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം ബോട്ട് ജെട്ടിക്ക് സമീപം ഉള്ള റെസ്റ്റൊറന്റിൽ നിന്നും ഞങ്ങൾ കഴിച്ചു, ഭക്ഷണത്തിന് ശേഷം വീണ്ടും ബസ് യാത്ര, വീട്ടിലേക്ക്!

ബസ്സിൽ ഇരിക്കുമ്പോൾ ഇന്നത്തെ അവിസ്മരണീയമായ യാത്രയുടെ ഓർമ്മകളിലേക്ക് ഞാൻ ചേക്കേറി.ഇനിയും ഇതുപോലെയുള്ള സ്വച്ഛസുന്ദരമായ പ്രകൃതിയെ അറിഞ്ഞു കൊണ്ടുള്ള യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അത്ര വലിയ ഒരു ആനന്ദമായിരുന്നു ഈ യാത്ര എനിക്ക് പകർന്നു നൽകിയത്.

Read more topics: # Pulau Ubin,# travel,# trip
Pulau Ubin travel

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES