Latest News

പേരന്റ്‌സ് രണ്ടും പ്രൊഫസേഴ്‌സ്; 18 വയസില്‍ വിവാഹം; ഏഷ്യാനെറ്റിലെ പാട്ടുപെട്ടി പരിപാടിയിലെ അവതാരകയായി തുടക്കം; ഭര്‍ത്താവിന്റെ മരണ ശേഷം അഭിനയത്തിലേക്ക്; 27വര്‍ഷം തെറ്റായ മരുന്നുകള്‍ കഴിച്ചു; കിക്കിന്റെ പുറത്ത് മദ്യം കഴിക്കാന്‍ തോന്നുമായിരുന്നു; വയലന്റാകും ഇറങ്ങിയോടും; ദേവി അജിത്തിന്റെ വെളിപ്പെടുത്തല്‍

Malayalilife
 പേരന്റ്‌സ് രണ്ടും പ്രൊഫസേഴ്‌സ്; 18 വയസില്‍ വിവാഹം;  ഏഷ്യാനെറ്റിലെ പാട്ടുപെട്ടി പരിപാടിയിലെ അവതാരകയായി തുടക്കം; ഭര്‍ത്താവിന്റെ മരണ ശേഷം അഭിനയത്തിലേക്ക്; 27വര്‍ഷം തെറ്റായ മരുന്നുകള്‍ കഴിച്ചു; കിക്കിന്റെ പുറത്ത് മദ്യം കഴിക്കാന്‍ തോന്നുമായിരുന്നു; വയലന്റാകും ഇറങ്ങിയോടും; ദേവി അജിത്തിന്റെ വെളിപ്പെടുത്തല്‍

വളരെ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയുമായ ദേവി അജിത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരത്തിന്റെ ജീവിതം ഭര്‍ത്താവും നിര്‍മാതാവുമായ അജിത്തിന്റെ അപ്രതീക്ഷിത മരണശേഷമാണ് പാടെ മാറി മറിഞ്ഞത്. പലപ്പോഴും ഇതിനെക്കുറിച്ച് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോിലാതി ഇരുപത്തിയേഴ് വര്‍ഷത്തെ തന്റെ ജീവിതത്തെ കുറിച്ച് നടി പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

നന്നേ ചെറുപ്പത്തില്‍ ഏഷ്യാനെറ്റിന്റെ ഷോ ആയ പാട്ടുപെട്ടിയിലൂടെ ആയിരുന്നു ദേവി അജിത്തിന്റെ തുടക്കം. പിന്നീട് മഴ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ദേവി അജിത്തിന്റെ ഭര്‍ത്താവായിരുന്ന അജിത്ത് കുമാര്‍ ആണ് ജയറാം നായകനായ ദി കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു അത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പേ അജിത്ത് കുമാര്‍ മരണപ്പെട്ടു. 
 
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചുവെന്നും അവര്‍ പറയുന്നു. 18-ാം വയസില്‍ വിവാഹിതയായ ആളാണ് ദേവി അജിത്ത്. 24-ാം വയസില്‍ ഭര്‍ത്താവ് മരണപ്പെട്ടു. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായ സൈക്യാട്രിക് ചികിത്സയല്ല താന്‍ എടുത്തിരുന്നതെന്നും തെറ്റായ മരുന്നുകളാണ് കഴിച്ചതെന്ന് 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മനസിലാക്കിയതെന്നും ദേവി അജിത്ത് പറയുന്നു, 

എന്തൊക്കയോ ചെയ്തുവെന്ന് അല്ലാതെ അഭിനയം എന്താണെന്ന് സത്യമായും എനിക്ക് അറിയില്ല. സിനിമകള്‍ ഇപ്പോള്‍ തിയേറ്ററില്‍ ഒറ്റയ്ക്ക് പോയിരുന്ന് കാണും. ആളുകളുമായി കോണ്‍ടാക്ട് വെച്ചില്ലെങ്കില്‍ അവസരങ്ങള്‍ കുറയും അത് ശരിയാണ്. നമുക്ക് സിനിമ ആവശ്യമാണെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുന്നുവെന്ന് നാലാളെ അറിയിക്കുകയെങ്കിലും വേണമെന്ന് നടി പറയുന്നു.

സോഷ്യലൈസ് ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളയാളാണ് ഞാന്‍. ഇപ്പോള്‍ അതൊക്കെ കുറേ മാറി ദേവി സംസാരിച്ച് തുടങ്ങി. ദി കാര്‍ സിനിമയുണ്ടാക്കിയ കടം ഞാനും എന്റെ വീട്ടുകാരും അജിത്തിന്റെ വീട്ടുകാരും ചേര്‍ന്നാണ് തീര്‍ത്തത്. പൈസ പോയി എന്നത് മാത്രമല്ല. എന്റെ ജീവിതം ആകെ മാറി. മാനസീകമായി ഒരുപാട് ബാധിച്ചു. അജിയുടെ ഡെഡ് ബോഡി പോലും ഞാന്‍ കണ്ടിട്ടില്ല. ഷോക്കിലായിരുന്നു. മാത്രമല്ല ഒന്നര മാസം കിടപ്പിലായിരുന്നു.

ഞാന്‍ ഒന്നും അറിഞ്ഞിട്ടുമില്ല. അജിയുടെ മരണശേഷം ആങ്കറിങ് ചെയ്തിരുന്നു. പിന്നീട് അഭിനയിക്കുകയും ചെയ്തിരുന്നു. അന്നും വിമര്‍ശനം കേട്ടിരുന്നു. വെള്ള സാരിയൊക്കെ ഉടുത്ത് നടക്കേണ്ടതല്ലേ?. അജി മരിക്കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നോ?. വീണ്ടും ഇറങ്ങിയോ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

എനിക്ക് അന്ന് ഇരുപത്തിനാല് വയസേയുള്ളു. പിന്നെ അന്നും ഞാന്‍ ഇതൊന്നും മൈന്റിലേക്ക് എടുക്കുന്നയാളല്ല. എന്തൊക്കയോ നെഗറ്റീവ്‌സ് അക്കാലത്ത് എന്നെ കുറിച്ച് ആളുകള്‍ പറയുമായിരുന്നു. അജിയുടെ മരണശേഷം എനിക്ക് ഹിസ്റ്റിരീയ പോലൊരു അവസ്ഥ വന്നിരുന്നു. അതിന്റെ ചികിത്സയും ഒപ്പം നടക്കുന്നുണ്ടായിരുന്നു. ഭയങ്കരമായി ഞാന്‍ വയലന്റാകുമായിരുന്നു, ഇറങ്ങിയോടുമായിരുന്നു. അന്ന് കുഞ്ഞിന് മൂന്നര വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു.

ഇതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്രകാരമാണ് ഞാന്‍ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ ഞാനൊരു മെന്റല്‍ പേഷ്യന്റായി പോകുമായിരുന്നു. അച്ഛനും അമ്മയും എല്ലാം എന്നെ പിന്തുണച്ചിരുന്നു. നാട്ടുകാര്‍ പറയുന്നതൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇരുപത്തിനാല് വയസ് മുതല്‍ ഞാന്‍ അറിയാതെ കഴിച്ചുപോയ ചില മരുന്നുകളുണ്ട്. അന്ന് ഹിസ്റ്റിരീയ വന്നപ്പോള്‍ പ്രോപ്പര്‍ സൈക്കാട്രിക്ക് മരുന്നുകള്‍ അല്ല ഞാന്‍ എടുത്തിരുന്നത്.


രണ്ട് വര്‍ഷം മുമ്പ് സീഷര്‍ എന്നൊരു നെര്‍വ് അറ്റാക്ക് എനിക്ക് വന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് എനിക്ക് അത് സംഭവിച്ചത്. സെറ്റില്‍ വെച്ചായിരുന്നു സംഭവം. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്നവര്‍ കരുതി എനിക്ക് വേറെ എന്തോ വലിയ പ്രശ്‌നമുണ്ടെന്ന്. ഫിസിക്കലി പക്ഷെ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇരുപത്തിനാല് വയസ് മുതല്‍ ഇരുപത്തിയേഴ് വര്‍ഷം ഞാന്‍ കഴിച്ച മരുന്നുകള്‍ എല്ലാം തെറ്റായിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല.

''അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയില്ല. 2 വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം സീഷര്‍ എന്ന് പറയുന്ന നെര്‍വ് അറ്റാക്ക് വന്നു. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആയി. അത് പെട്ടെന്ന് സംഭവിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് വന്നത്. എനിക്ക് എന്തോ ഗുരുതരമായ പ്രശ്‌നം ഉണ്ടെന്ന് ആളുകള്‍ കരുതി. പക്ഷേ ശാരീരികമായി എനിക്ക് ഒരു പ്രശ്‌നവും ഇല്ല. സീഷര്‍ എന്ന് പറയുന്നത് കുട്ടികള്‍ക്കും വരുന്ന സംഭവമാണ്'', 

''24 വയസ് മുതല്‍ ഞാന്‍ അറിയാതെ കഴിച്ചുപോയ കുറേ മരുന്നുകള്‍. മെഡിക്കേഷന്‍ പ്രോപ്പര്‍ ആയിരിക്കണം, ഏത് ട്രീറ്റ്‌മെന്റിനും. ഞാന്‍ ശരിയായ ഒരു സൈക്യാട്രിക് ചികിത്സയല്ല എടുത്തിരുന്നത്. 27 വര്‍ഷം തെറ്റായ മരുന്നുകളാണ് ഞാന്‍ കഴിച്ചുകൊണ്ടിരുന്നത്. എന്നെ ചികിത്സിക്കണമെന്നത് ആരും ഗൌരവമായി എടുത്തിരുന്നില്ല. ബഹളവും ഹിസ്റ്റീരിയയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എന്റെ കട ഉണ്ടായിരുന്നു, അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തില്ല, സീഷര്‍ അറ്റാക്ക് വന്നതിന് ശേഷം ഞാന്‍ വെല്ലുൂരില്‍ ചികിത്സയ്ക്ക് പോയി. ചുമ്മാ മുട്ടായി കഴിക്കുന്നതുപോലെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നെ ആല്‍ക്കഹോള്‍. എന്റെ പ്രധാന പ്രശ്‌നം അതായിരുന്നു. ഞാന്‍ കഴിച്ചിരുന്ന മരുന്നുകള്‍ ഒരു കിക്ക് ലഭിക്കുന്ന തരത്തിലുള്ളവയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ കിക്കിന്റെ പുറത്ത് മദ്യം കഴിക്കാന്‍ തോന്നുമായിരുന്നു. എന്റെ പ്രശ്‌നം അതായിരുന്നു. സങ്കടവും കരച്ചിലുമൊക്കെ ആയിരുന്നു. പക്ഷേ അതൊന്നും എനിക്ക് ഓര്‍മ്മയില്ല. 

ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ ഞാന്‍ മനസിലാക്കിയെടുത്തത്. കൃത്യമായി ചികിത്സ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ ശരിയാവുമായിരുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ ശരിയായ ചികിത്സ എടുക്കുന്നുണ്ട്. മദ്യം നിര്‍ത്തേണ്ടിവന്നു. സീഷറും മദ്യവും തമ്മില്‍ ചേരില്ല. ഇത്രയേ ഉള്ളൂ ജീവിതമെന്ന് മനസിലായി. രണ്ട് പ്രാവശ്യം ബോധംകെട്ട് വീണപ്പോള്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല തിരിഞ്ഞുനോക്കാന്‍. ആര്‍ക്കും നമ്മളെ ആവശ്യമില്ല. അതാണ് യാഥാര്‍ഥ്യം. ആര്‍ക്കും സമയവുമില്ല നമ്മളെയൊന്നും നോക്കാനൊന്നും. നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത് അവിടുന്ന് പഠിച്ച ഒരു പാഠമാണ്'', ദേവി അജിത്ത് പറഞ്ഞവസാനിപ്പിക്കുന്നു.

Read more topics: # ദേവി അജിത്.
devi ajith about husbands death and liffe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES