ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കുമ്പോള്‍ ചിരപരിചിതമായ മുഖങ്ങളിലൊന്നാണ് സീമ ജി നായരുടേത്. എന്നാല്‍ ഇത്തവണ പൊങ്കാലയില്‍ പങ്കെടുക്കാനായില്ലെന്നതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് നടി.ആറ്റുകാല്‍ ഗൗരി വന്ദനത്തില്‍ ആയിരുന്നു മുടങ്ങാതെ പൊങ്കാല സമര്‍പ്പിച്ചിരുന്നതെന്നും ഈ വര്‍ഷവും അതിന്റെ ഉടമസ്ഥനെ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നെങ്കിലും ഇത്തവണ പൊങ്കാല ഇടാന്‍ സാധിക്കുകയില്ലെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. മനസ്സ് നിറയെ വിങ്ങലാണെന്നും അവിടെ തന്നെയാണ് മനസ്സെന്നും നടി പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
'ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല, കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ആ സന്നിധിയില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. കഴിയുന്നതും മുടക്കം വരാതെയുള്ള വര്‍ഷങ്ങള്‍. ആറ്റുകാല്‍ ഗൗരി വന്ദനത്തില്‍ ആയിരുന്നു മുടങ്ങാതെ പൊങ്കാല സമര്‍പ്പിച്ചിരുന്നത്. ഈ വര്‍ഷവും അതിന്റെ ഉടമസ്ഥന്‍ മോഹന്‍ ചേട്ടനെ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നു. പക്ഷെ ഈ വര്‍ഷം പൊങ്കാല ഇടാന്‍ സാധിക്കുകയില്ല. മനസ്സ് നിറയെ വിങ്ങലാണ്, മനസ്സ് അവിടെ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒരുപാടുപേര്‍ വിളിച്ചു, വരുന്നില്ലേ എന്ന് ചോദിച്ചിരുന്നു (കാരണം സ്ഥിരം മുഖങ്ങള്‍ ആണല്ലോ ഞങ്ങളെ പോലെ ചിലര്‍). ഇന്നലെ ചിപ്പി വിളിച്ചിരുന്നു.
നമ്മുടെ ഒരു കടമയായാണ് ഓരോ വര്‍ഷവും നോമ്പ് നോറ്റ് അമ്മക്കായി അവിടെ എത്തുന്നത്. ആ ഒരു സമര്‍പ്പണത്തില്‍ പൂര്‍ണമായും ആറ്റുകാലമ്മയില്‍ അലിഞ്ഞില്ലാതാകും. അവിടെ കൊടും ചൂടോ, തീയോ, പുകയോ ഒന്നും പ്രശ്‌നം അല്ലാതാവുന്നു... 'അമ്മ' മാത്രം ആണ് മനസ്സ് നിറയെ. ഈ വര്‍ഷം ഇങ്ങനെ ആവട്ടെ, അടുത്ത വര്‍ഷത്തിനായി ഞാന്‍ കാത്തിരിക്കുന്നു അമ്മേ. (ഇത് പഴയ ഒരു ചിത്രം) ശരണ്യയുടെ ആദ്യ ഓപ്പറേഷന്‍ കഴിഞ്ഞു അവളെയും കൊണ്ട് പൊങ്കാല ഇടാന്‍ പോയ ചിത്രം @ആറ്റുകാല്‍ പൊങ്കാല,'- സിമി ജീ. നായര്‍.
അടുത്തിടെ സീമാ ജി. നായരുടെ സഹോദരീഭര്‍ത്താവ് ഗിരിജന്‍ മരണപ്പെട്ടിരുന്നു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭര്‍ത്താവാണ് ഗിരിജന്‍. അച്ഛന് തുല്യമായിരുന്നു ചേട്ടനെന്നും കാര്‍ഡിയാക് അറസ്റ്റിന്റെ രൂപത്തില്‍ അദ്ദേഹത്തെ ഈശ്വരന്‍ കൊണ്ടുപോയെന്നും സീമ ജീ. നായര്‍ പറഞ്ഞിരുന്നു.