ജനപ്രിയ പരമ്പര 'എം80 മൂസ'യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജു ശശി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പരമ്പരയില്‍ മൂസയുടെ മകള്‍ റസിയയായി തിളങ്ങിയ അഞ്ജു, നീണ്ട ഇടവേളയ്ക്ക് ശേഷം വിനോദ് കോവൂരിനെ കാണാന്‍ എത്തിയ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിലവില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്ന അഞ്ജു, വിനോദ് കോവൂരിന്റെ ഫ്‌ലാറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയായിരുന്നു. അഞ്ജു എത്തിയ സന്തോഷം വിനോദ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
'എം 80 മൂസയില്‍ എന്റെ മകളായി അഭിനയിച്ച, ഇപ്പോള്‍ എയര്‍ഹോസ്റ്റസായി ലോകം മുഴുവന്‍ പറന്നു കൊണ്ടിരിക്കുന്ന റസിയ എന്ന അഞ്ജു ഇന്നലെ ഞങ്ങളുടെ ഫ്‌ലാറ്റില്‍ വന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ കണ്ടുമുട്ടല്‍. കൂടുതല്‍ വിശേഷങ്ങള്‍ ഒരു വീഡിയോയുമായി എന്റെ ചാനലിലൂടെ വരുന്നുണ്ട് ട്ടോ', അഞ്ജു ശശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് കോവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, അഞ്ജുവിന്റെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കൂടുതല്‍ വീഡിയോകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം ആരാധകര്‍ക്ക് ഉറപ്പുനല്‍കി. എം 80 മൂസയില്‍ വിനോദ് കോവൂരും സുരഭി ലക്ഷ്മിയും (പാത്തു) കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജു ശശിയുടെ റസിയ മൂസ.
അതുല്‍ ശ്രീവ, സി ടി കബീര്‍, ശ്രീജിത്ത് കൈവേലി, കെ ടി സി അബ്ദുള്ള, പ്രതാപന്‍ നെയ്യാറ്റിന്‍കര, രമാ ദേവി, വിനീത, ശശീന്ദ്ര വര്‍മ്മ എന്നിവരാണ് പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജി അസീസ് ആയിരുന്നു സംവിധാനം. എയര്‍ഹോസ്റ്റസ് ജോലിക്കിടെ വിമാനയാത്രയില്‍ പരമ്പര മുന്‍പ് കണ്ടിട്ടുള്ളവര്‍ തന്നെ തിരിച്ചറിയാറുണ്ടായിരുന്നുവെന്ന് അഞ്ജു ശശി നേരത്തെ പറഞ്ഞിട്ടുണ്ട്. നടി എന്നതിനൊപ്പം നര്‍ത്തകിയുമാണ് അഞ്ജു.