Latest News

കോട്ടപ്പാറ മലമുകളിലേക്ക് ഒരു യാത്ര പോയാലോ

Malayalilife
കോട്ടപ്പാറ മലമുകളിലേക്ക് ഒരു യാത്ര പോയാലോ

കോട്ടപ്പാറ മലമുകളില്‍ പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകള്‍ കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രാവാഹം.കോടമഞ്ഞിനാല്‍ മൂടപ്പെട്ട മലയോരങ്ങളും താഴ്‌വാരങ്ങളും കണ്‍കുളിര്‍ക്കെ കണ്ടാസ്വദിയ്ക്കുന്നതിനും കുളിര്‍കാറ്റേറ്റ് കുശലം പറഞ്ഞിരിയ്ക്കാനും വര്‍ണ്ണവിസ്മയങ്ങള്‍ കൊണ്ട് ആരെയും വിസമയിപ്പിയ്ക്കുന്ന സൂര്യേദയം ദര്‍ശിയ്ക്കാനുമായി അതിരാവിലെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ മലമുകളിലേയ്‌ക്കെത്തുന്നത്.നിരന്ന പാറക്കൂട്ടത്തില്‍ താഴെ വിസ്തൃതിയില്‍ നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കോടമഞ്ഞാണ് ഇവിടുത്തെ മുഖ്യ ആകര്‍ണഘടകം.ഇടയ്ക്കിടെയുള്ള കുളിര്‍കാറ്റും സൂര്യരശ്മികള്‍ പ്രവഹിച്ചുതുടങ്ങുമ്പോള്‍  താഴ്‌വാരത്ത് മഞ്ഞില്‍ ദൃശ്യമാവുന്ന വര്‍ണ്ണവൈവിധ്യവുമെല്ലാം സഞ്ചാരികള്‍ക്ക് നവ്യാനുഭൂതി പകരും.

എറണാകുളം - ഇടുക്കി ജില്ല അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വണ്ണപ്പുറം കോട്ടപ്പാറമല അടുത്തകാലത്താണ് വിനോദസഞ്ചാരികളുടെ ശ്രദ്ധയിലേയ്‌ക്കെത്തിയത്.മലമുകതളിലും താഴ്വാരത്തും മഞ്ഞ്പെയ്തിറങ്ങുന്ന ചിത്രങ്ങളും വീഡിയോകളും മറ്റും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് ഇവിടം ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്.
വിസ്തൃതമായ താഴ്വാരം മുഴുവന്‍ മഞ്ഞ് മൂടികിടക്കുന്ന ദൃശ്യം ഏറെ മനോഹരമാണ്.വെണ്‍മേഘങ്ങള്‍ പോലെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മഞ്ഞ് പുലര്‍ച്ചെ വെട്ടം വീഴുന്നതുമുതല്‍ ദൃശ്യമാവും.വെയില്‍ ശക്തമാവുമ്പോള്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും.

അതുകൊണ്ട് പുലര്‍ച്ചെയാണ് കൂടുതല്‍ പേരും ഇവിടേയ്ക്ക് എത്തുന്നത്.ബൈക്കുകളിലും കാറിലും മറ്റുമായി ദിനം പ്രതി നൂറുകണക്കിന് പേര്‍ ഇവിടുത്തെ മനോഹര ദൃശ്യം കണ്ടാസ്വദിയ്ക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ് വീഴ്ച കുറവായിരുന്നു.ഇടയ്ക്ക് മഴയെത്തുമ്പോള്‍ നന്നായി കോടയെത്തുന്നുമുണ്ട്.തലേന്ന് മഴപെയ്താല്‍  പിറ്റേന്ന് പ്രദേശം മഞ്ഞില്‍ മുടുന്ന പ്രതിഭാസമാണ് നിലവിലുള്ളത്.മഞ്ഞ് കുറവുള്ള അവസരത്തിലും താഴ്വാരത്തെ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ഏറെപ്പേര്‍ എത്താറുണ്ടെന്നാണ് ഇവിടുത്തുകാര്‍ പങ്കുവച്ച വിവരം.സഞ്ചാരികളുടെ പ്രവാഹം ശക്തമായതോടെ പുലര്‍ച്ചെ ഇവിടെ കാപ്പി-പലഹാര കച്ചവടക്കാരുടെ എണ്ണവും പെരുകി..ചുക്കുകാപ്പിക്കാണ് ഏറെ ഡിമാന്റ്.

കാളിയാര്‍ ഫോറസ്റ്റ് റേഞ്ചില്‍പ്പെടുന്നതാണ് കോട്ടപ്പാറമലയിലെ വ്യൂപോയിന്റ്.വിസ്തൃതമായ പാറക്കൂട്ടങ്ങളില്‍ തമ്പടിച്ചാണ് സഞ്ചാരികള്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നത്.സഞ്ചാരികളില്‍ചിലര്‍ രാത്രികാലങ്ങളില്‍ മലമുകളില്‍ തമ്പടിച്ച് മദ്യാപാനവും മറ്റും നടത്തുന്നത് നാട്ടുകാരെ അലോസരപ്പെടുത്തുന്നുണ്ട്.പാറകെട്ടിന്റെ ചരിഞ്ഞ പ്രദേശത്താണ് കൂടുതല്‍ പേരും കാഴ്ചകാണാന്‍ നില്‍ക്കുന്നത് .കാലൊന്ന് തെറ്റിയാല്‍ പതിക്കുക അഗാതമായ കൊക്കയിലേക്കാണ്.അപകടസാധ്യത കണക്കിലെടുത്ത് അടുത്തിടെ വനംവകുപ്പധികൃതര്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.മൂവാറ്റുപുഴയില്‍ നിന്നും 25 കിലോമീറ്ററും കോതമംഗലത്തുനിന്നും 18 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
 

Read more topics: # Kottapara hill ,# travel
Kottapara hill kothamangalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES