ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടന്‍ വിനായകന് അപകടം പറ്റിയെന്ന വാര്‍ത്തക്ക് ആക്ഷേപ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെയാണ് ഭാഗ്യലക്ഷ്മി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നമുക്ക് ശത്രുതയുളളവനാണെങ്കില്‍ പോലും സഹതാപം ഉണ്ടാകുന്നതാണ് മനുഷ്യത്വമെന്നും അത് ഇല്ലാത്തവര്‍ സുനാമിയല്ല കോവിഡല്ല എത്ര പ്രകൃതി ദുരന്തം വന്നാലും പഠിക്കില്ല എന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്:
നടന്‍ വിനായകന് അപകടം പറ്റി എന്ന വാര്‍ത്തയ്ക്കു താഴെ വന്ന് കര്‍മ കുര്‍മ എന്നൊക്കെ കമന്റ് ഇടുന്ന ചില വിവരദോഷികളെ ഓര്‍ത്ത് കരയണോ ചിരിക്കണോ... കഷ്ട്ടം. ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നമുക്ക് ശത്രുതയുള്ളവനാണെങ്കില്‍ പോലും ഒരു സഹതാപം ഉണ്ടാവുന്നതാണ് മനുഷ്യത്വം.. സുനാമിയല്ല, കോവിടല്ല, മണ്ണിടിച്ചിലല്ല ഇനിയും പല പ്രകൃതി ദുരന്തം വന്നാലും ഇക്കൂട്ടര്‍ പഠിക്കില്ല..മുന്‍പ് എനിക്കൊരു പനി വന്ന് ഞാന്‍ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ഇട്ട് ഒരു കുര്‍മ ഓണ്‍ലൈന്‍ മാധ്യമം ഇങ്ങനെ എഴുതി 'ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ'
അതിന് താഴെയും വന്നിരുന്നു അന്ന് ഇത്തരം കര്‍മ കണ്ടുപിടിക്കുന്ന കമെന്റുകള്‍, കര്‍മ എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത വിവരദോഷികള്‍.
ഇത്രയും വിവരമില്ലാത്തവന്മാരും ഈ സാംസ്‌കാരിക കേരളത്തില്‍ ഉണ്ടല്ലോ എന്ന് തോന്നും. അതായത് ഇവന് ശത്രുത ഉള്ളവരൊക്കെ നശിക്കണം,
>ഈ കര്‍മ എന്നത് നിനക്കും സംഭവിക്കും. ഇന്ന് ഒരുവന്റെ അപകടത്തില്‍ പരിഹസിക്കുന്ന ഇതേ അപകടം നിന്റെയടുത്തു എത്താന്‍ ഒരു സെക്കന്റ് പോലും വേണ്ട എന്നുകൂടി ഓര്‍ത്താല്‍ നന്ന്. എനിക്ക് വിനായകനെ പരിചയമില്ല, ഇന്നുവരെ നേരിട്ട് കണ്ടിട്ടുമില്ല. ഇദ്ദേഹത്തിന്റെ കമ്മട്ടിപ്പാടം എന്ന ഒരേയൊരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ ക്ക് എതിരുമാണ്. എങ്കിലും അയാളൊരു അപകടത്തില്‍ പെടുമ്പോള്‍ സന്തോഷിക്കാന്‍ എനിക്ക് തോന്നില്ല.. വേഗം സുഖം പ്രാപിക്കട്ടെ.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആട് 3 സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ വിനായകന് പരുക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു.