ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് തിയേറ്ററുകളില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്.ഒട്ടനവധി ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയ ലോക ഇപ്പോള്‍ മറ്റൊരു സ്വപ്നനേട്ടവും കൈവരിച്ചിരിക്കുകയാണ്. 2025ലെ ഇന്ത്യന്‍ പോപ്പ് കള്‍ച്ചറിനെ നിര്‍വചിച്ച നിമിഷങ്ങളായി വോഗ് മാഗസിന്‍ പുറത്തുവിട്ട ലിസ്റ്റില്‍ ചന്ദ്രയും ഇടം പ്ിടിച്ചിരിക്കുകയാണ്.
2025ലെ ഇന്ത്യന്‍ പോപ്പ് കള്‍ച്ചറിനെ നിര്‍വചിച്ച നിമിഷങ്ങളായി വോഗ് മാഗസിന്‍ പുറത്തുവിട്ട ലിസ്റ്റില്‍ ചന്ദ്രയും ഇടം പിടിച്ചിരിക്കുകയാണ്. 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' യില്‍ സൂപ്പര്‍ഹീറോയായി അഭിനയിച്ചുകൊണ്ട് കല്യാണി പ്രിയദര്‍ശന്‍ പല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു എന്നാണ് വോഗ് കുറിച്ചത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുതല്‍ ഷാരൂഖ് ഖാന്റെ മെറ്റ് ഗാല നിമിഷങ്ങള്‍ വരെ പ്രധാനപ്പെട്ട 18 സംഭവങ്ങളാണ് വോഗിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിലാണ് കല്യാണിയുടെ ലോകയും ഉള്‍പ്പെട്ടിരിക്കുന്നത്. വോഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് കല്യാണി എത്തിയിരുന്നു. മലയാളികളും ലോകയുടെ നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്. ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ കമന്റാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
വോഗിന്റെ പോസ്റ്റ് സ്റ്റോറി ഇട്ടുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം. 'ചന്ദ്ര യുഗചേതനകളില്‍(Zeitgeists) ഒന്നായി മാറുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. 2025ല്‍ എന്റെ പ്ലാനില്‍ എവിടെയും ഇത് ഉണ്ടായിരുന്നില്ല. പക്ഷെ നോക്കൂ എന്താണ് നടന്നത് എന്ന്,' എന്നാണ് ഏറെ സന്തോഷപൂര്‍വ്വം ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റോറി 'So Cool' എന്ന ക്യാപ്ഷനോടെ കല്യാണിയും ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ലോക രണ്ടാം ഭാഗവും വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യ ഭാഗം അവസാനിക്കുമ്പോള്‍ തന്നെ ഇതേ കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാന്‍ പോകുന്നത്. ഇതില്‍ രണ്ടാം ഭാഗത്തില്‍ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകള്‍.
ലോക ചാപറ്റര്‍ 1 : ചന്ദ്രയില്‍ കല്യാണിക്കൊപ്പം നസ്ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍, ശരത് സഭ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നു. ടൊവിനോയ്ക്കും ദുല്‍ഖര്‍ സല്‍മാനും ഒപ്പം മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ടായിരുന്നു. മൂത്തോന്‍ എന്ന കഥാപാത്രമായി, ശബ്ദരൂപത്തിലാണ് മമ്മൂട്ടി എത്തിയത്. വരും ഭാഗങ്ങളില്‍ ഈ കഥാപാത്രം കൂടുതല്‍ സമയം സിനിമകളിലുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.