Latest News

ഒരു കൊടക് യാത്ര..

Malayalilife
ഒരു കൊടക് യാത്ര..

രുപാട് നാളത്തെ ആഗ്രഹത്തിന് വിരാമം കുറിച്ചുകൊണ്ട് ഞങ്ങള്‍ ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചു. തലേദിവസം സന്ധ്യക്ക് പിരിയുമ്പോഴും സ്ഥലത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായില്ല. കൊടക് (കൂര്‍ഗ്), ഏര്‍കാട്(yercaud) എന്നീ സ്ഥലങ്ങളായിരുന്നു അന്തിമപട്ടികയില്‍.

രാത്രി 11 മണിക്കാണ് ഏകദേശം തീരുമാനമായത്. കൊടക് തന്നെ പോയേക്കാം.

അങ്ങനെ രാവിലെ 4.30 ന് ഞങ്ങള്‍ കൊല്ലങ്കോട് (പാലക്കാട് ജില്ലാ) നിന്ന് തിരിച്ചു. മൂന്നു പേരടങ്ങുന്ന ചെറിയ സംഘം.

മണ്ണാര്‍ക്കാട് എത്തുന്നതിനു മുമ്പ് ഒന്ന് നിര്‍ത്തി. ഒരു കട്ടന്‍കാപ്പി കുടിച്ചു. യാത്ര തുടര്‍ന്നു. മഞ്ചേരി, അരീക്കോട്, മുക്കം വഴി 8.30 ന് ഞങ്ങള്‍ താമരശ്ശേരി എത്തി. അവിടന്ന് പ്രഭാതഭക്ഷണം കഴിച്ച് ചുരം കയറിത്തുടങ്ങി.

വയനാടന്‍ മലമടക്കുകള്‍ക്കിടയിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമായിരുന്നു. അവിടവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി സഹ്യപര്‍വതനിരകളുടെ സൗന്ദര്യം ആസ്വദിക്കുവാനുള്ള സൗകര്യമുണ്ട്. ചുരം കയറുന്നതിനിടയില്‍ പല പ്രാവശ്യം നിര്‍ത്തി കാഴ്ചകള്‍ ആസ്വദിച്ചാണ് ഞങ്ങള്‍ പോയത്. കുറച്ചു ദൂരം മുകളില്‍ ചെന്നിട്ട്, താഴേക്ക് നോക്കുമ്പോള്‍, നമ്മള്‍ പിന്നിട്ട വഴികളിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞു കയറിവരുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ഇത്രയും മുകളിലാണോ നമ്മള്‍ നില്‍ക്കുന്നത് എന്ന തോന്നല്‍ ഒരു ചെറിയ ഭയവും ഉള്ളില്‍ ഉണ്ടാക്കും. എന്തായാലും ദൈവത്തിന്റെ സ്വന്തം രാജ്യത്തിലെ രാജ്ഞിയാണ് സുന്ദരിയായ വയനാട് എന്നതില്‍ യാതൊരു സംശയവുമില്ല.

പനമരം, കാട്ടിക്കുളം വഴി തോല്‍പ്പെട്ടി കഴിയുമ്പോള്‍ കര്‍ണാടകത്തിലേക്ക് കടക്കുകയാണ്. അപ്പോഴേക്കും 11.30 കഴിഞ്ഞിരുന്നു. ഒരു കരിമ്പിന്‍ ജ്യൂസ് കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കര്‍ണാടക ബോര്‍ഡറില്‍ ആദ്യം കാണുന്ന സ്ഥലം 'കുട്ട' (kutta) ആണ്. 'പോലീസ് സ്റ്റേഷന്‍ കുട്ടാ', 'കുട്ടാ കോഫി' തുടങ്ങിയ ബോര്‍ഡുകള്‍ രസകരമായി തോന്നി. റോഡ് അല്പം മോശമായിരുന്നെങ്കിലും രണ്ടു വശങ്ങളിലായി ഇടതൂര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ ഒരു 'നിലമ്പുര്‍ ഫീല്‍' ആണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്.

മടികേരിയില്‍ (madikeri) നേരത്തെ റൂം ബുക്ക് ചെയ്തിരുന്നതുകൊണ്ട് അങ്ങോട്ടാണ് ആദ്യം ചെന്നത്. 1.30 കഴിഞ്ഞാണ് എത്തിയത്. ഭക്ഷണശേഷം ഫ്രഷ് ആയി ഞങ്ങള്‍ 3.30 കഴിഞ്ഞപ്പോള്‍ കാഴ്ചകള്‍ക്കായി ഇറങ്ങി.

* Abbey waterfalls
ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം ആബി വെള്ളച്ചാട്ടം ആയിരുന്നു. മടികേരിയില്‍ നിന്ന് 6km ദൂരത്തിലാണ് ഈ സ്ഥലം. കൃത്യമായ ബോര്‍ഡുകളൊന്നും ഇല്ലാത്തതുകൊണ്ട് കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടി. രണ്ടു വശങ്ങളിലും ഇടതൂര്‍ന്ന വനത്തിനു നടുവിലൂടെയുള്ള നടപ്പാതയിലൂടെ കുറച്ചു ദൂരം നടക്കാനുണ്ട്. പകുതിദൂരം എത്തുമ്പോള്‍ത്തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. മഴക്കാലം അല്ലാത്തതിനാല്‍ വെള്ളച്ചാട്ടത്തിന്റെ പൂര്‍ണമായ ഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല.

* Mandalpatti
മടികേരിയില്‍ നിന്ന് 25 km ദൂരത്തിലാണ് ഈ സ്ഥലം. ഓഫ് റോഡ് ആയതുകൊണ്ട് സ്വന്തം വാഹനത്തില്‍ പോവുന്നത് ബുദ്ധിമുട്ടായിരിക്കും. ജീപ്പ് കുറേപ്പേര്‍ ചേര്‍ന്ന് വാടകയ്ക്ക് എടുത്താണ് പോവാറുള്ളത്. വനത്തിനുള്ളിലൂടെയുള്ള യാത്രയും മണ്ഡല്‍പെട്ടി പീക്കില്‍ നിന്നുള്ള കാഴ്ചയും മനോഹരമാണ് എന്നാണ് കേട്ടത്. പോവാന്‍ പറ്റിയില്ല.

* Raja's tomb
ചരിത്രം ഉറങ്ങുന്ന ഇവിടം കൊടക് രാജാക്കന്മാരില്‍ (Royal Kodavas) ചിലരുടെ ശവകുടീരങ്ങള്‍ ആണ്. മടികേരിയില്‍ നിന്ന് 1.5km ദൂരെ, mahadevpet എന്നാണ് സ്ഥലത്തിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടിലെ മുഗള്‍- ഗോഥിക് മാതൃകയിലുള്ള പണികളാണ് ഈ കെട്ടിടങ്ങളുടെ പ്രത്യേകത. പ്രവേശനകവാടത്തിന് അടുത്തുള്ള കൊത്തുപണികളും മനോഹരമാണ്. അധികം ആരും സന്ദര്‍ശിക്കാത്ത സ്ഥലം ആയതുകൊണ്ട് വല്യ തിരക്കുണ്ടായില്ല. അവിടെ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തില്‍ കുറച്ചു സമയം ചെലവഴിച്ചശേഷം ഞങ്ങള്‍ അടുത്ത കാഴ്ചയിലേക്ക് നീങ്ങി.

* Raja's seat
കൊടക് രാജാക്കന്മാര്‍ രാജ്ഞിമാരോടൊത്തു സമയം ചിലവഴിച്ചിരുന്ന സ്ഥലമാണിത്. മനോഹരമായ ഒരു പൂന്തോട്ടവും മ്യൂസിക്കല്‍ ഫൗണ്ടൈനും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. പൂന്തോട്ടത്തിന്റെ വടക്കേ അറ്റത്താണ് രാജാവിന്റെ ഇരിപ്പിടം. അവിടെനിന്നു നോക്കിയാല്‍ പച്ചപുതച്ചു കിടക്കുന്ന പര്‍വതങ്ങള്‍ പരന്നു കിടക്കുന്നത് സുന്ദരമാണ്. Sunset point കൂടിയാണ് ഈ സ്ഥലം. വൈകുന്നേരം പോയത് കൊണ്ട്, ചുവന്നു തുടുത്ത സൂര്യന്‍ മലകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങി ഇല്ലാതാവുന്ന കാഴ്ച്ച കണ്‍നിറയെ കാണാന്‍ കഴിഞ്ഞു. അവിടെ കുറെ സമയം ഇരുന്ന് വിശ്രമിച്ചാണ് ഞങ്ങള്‍ റൂമിലേക്ക് മടങ്ങിയത്.

രാത്രിഭക്ഷണം മടികേരി ടൗണിലുള്ള ഒരു മലയാളി റെസ്റ്റോറന്റില്‍ നിന്നായിരുന്നു. അപ്പോഴേക്കും തണുപ്പ് അരിച്ചിറങ്ങിത്തുടങ്ങിയിരുന്നു. പിറ്റേദിവസത്തേക്കുള്ള പ്ലാനുകള്‍ തയാറാക്കി ഞങ്ങള്‍ ഉറക്കത്തിനായി കിടന്നു.

രാവിലെ എഴുന്നേറ്റപ്പോള്‍ ജനാലയിലൂടെയുള്ള കാഴ്ച്ച അതിമനോഹരമായിരുന്നു. കുന്നുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞ്. കൂര്‍ഗിന്റെ പ്രധാന ആകര്‍ഷണം ഈ കാലാവസ്ഥ തന്നെയാണെന്ന് തോന്നുന്നു. കാഴ്ചകളേക്കാള്‍ ഏറെ അനുഭവങ്ങളാണ് കൂര്‍ഗ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. രാവിലത്തെ തണുപ്പ് ഒട്ടും നഷ്ടപ്പെടുത്താതെ ഞങ്ങള്‍ റൂം കാലിയാക്കി പുറപ്പെട്ടു.

*Dubare Elephant Camp
കാവേരിയുടെ തീരത്തുള്ള ദുബാരെ ആനസങ്കേതം ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. മടികേരിയില്‍ നിന്ന് ഏകദേശം 40 km ഓളം ദൂരെ ആയതിനാല്‍ രാവിലെ 7 മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. വഴിയില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച്, 9.30 ആയപ്പോഴേക്കും ലക്ഷ്യത്തില്‍ എത്തി. വണ്ടി പാര്‍ക്ക് ചെയ്ത്, നദിയില്‍ തെളിഞ്ഞുകിടക്കുന്ന പാറകളിലൂടെ നടന്നു, നദി മുറിച്ചുകടന്നുവേണം അക്കരെയുള്ള ആനസങ്കേതത്തിലെത്താന്‍. ഒഴുക്ക് കുറവായതുകൊണ്ട് അതൊരു രസകരമായ യജ്ഞമായിരുന്നു. നദിയിലേക്ക് ചാഞ്ഞുകിടക്കുന്ന, പൂത്തുലഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ കാഴ്ചയ്ക്ക് സുന്ദരമാണ്. അങ്ങോട്ട് നടന്നടുക്കുമ്പോള്‍ കേള്‍ക്കുന്ന ചിഹ്നം വിളികളും കൊച്ചുപാറക്കൂട്ടങ്ങള്‍ പോലെ നദീതീരത്തു കൂട്ടമായി നില്‍ക്കുന്ന ഗജവീരന്മാരും പ്രത്യേക അനുഭവങ്ങളായിരുന്നു. പണ്ടത്തെ കാട്ടിലെ കണ്ണനെപ്പോലുള്ള ആനക്കുട്ടികള്‍ മുതല്‍ കൊമ്പന്മാര്‍ വരെ, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും വെള്ളത്തില്‍ കളിക്കുന്നതും തുമ്പിക്കൈകൊണ്ട് വെള്ളം ചീറ്റുന്നതും കുളിച്ചു കഴിഞ്ഞു നടന്നു പോകുമ്പോള്‍ മണല്‍ ചവിട്ടിപറത്തുന്നതും തെല്ലൊരു അഹങ്കാരത്തോടെ നടന്നകലുന്നതും, നേരിട്ട്, വളരെ അടുത്തുനിന്നു, കാണുന്നത് ഞങ്ങളെ സംബന്ധിച്ച് ഹൃദ്യമായ അനുഭവങ്ങള്‍ തന്നെ ആയിരുന്നു. സ്‌പെഷ്യല്‍ ടിക്കറ്റ് എടുത്താല്‍ ആനകളോടൊപ്പം വെള്ളത്തില്‍ കളിക്കാനും ആനകളെ കുളിപ്പിക്കാനുമുള്ള അവസരം വരെ ലഭിക്കും. സ്വന്തമായി രണ്ടുനേരം കുളിക്കുന്നതിന്റെ പാട് നമ്മക്കറിയാലോ, അതുകൊണ്ട് ഞങ്ങള്‍ മൂന്നു പേര്‍ക്കും ആനയെ കുളിപ്പിക്കണം എന്നൊരു ആഗ്രഹം പോലും ഉണ്ടായില്ല. ആനപ്പുറത്തു സഫാരി നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ നിയമപരമായി തടസ്സങ്ങള്‍ ഉള്ളതുകൊണ്ട് ആനസഫാരി നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം കുതിരസഫാരി വെച്ച് അഡ്ജസ്റ്റ് ചെയ്തു. കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല കുതിരസഫാരി. ഞാന്‍ മാത്രമേ അതിന് താത്പര്യം കാണിച്ചുള്ളൂ. അതുകൊണ്ട് വേദനയൊക്കെ കടിച്ചുപിടിച്ചു നല്ല രസമായിരുന്നു എന്നഭിനയിച്ചു.

റാഫ്റ്റിംഗ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. ഒഴുക്ക് കുറവായതിനാല്‍ ബോട്ടിങ്ങിന്റെ ഫീല്‍ മാത്രമേ റാഫ്റ്റിംഗിലൂടെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ എന്നത് വാസ്തവം. ഒഴുക്കുള്ള സമയത്തു 8 മുതല്‍ 12 km വരെ ദൂരം റാഫ്റ്റിംഗ് ചെയ്യാന്‍ സാധിക്കും. അതിനായി ഇനി മഴക്കാലത്തു ഒരു വരവുകൂടെ വരേണ്ടിവരും!

ക്യാമ്പിലേക്ക് പോവുന്ന വഴിക്ക് തന്നെ ഒരുപാട് adventurous spots കാണാം. റാഫ്റ്റിംഗ് തൃപ്തിയാവാത്തതിന്റെ സങ്കടത്തില്‍ ഞങ്ങള്‍ അതില്‍ ഒരെണ്ണത്തില്‍ കേറി. Atv ride, gokarting, zipline തുടങ്ങിയ ചില്ലറ പരിപാടികളൊക്കെ ചെയ്ത് ആശ്വസിച്ചു. അവിടെനിന്നു നേരെ ഞങ്ങള്‍ നിസര്‍ഗധാമ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.

*Nisargadhama (bamboo forest)
ഉച്ചയ്ക്ക് 12.30 ഓടെയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. വെയിലിന്റെ ചൂട് ഞങ്ങളെ അല്പം ക്ഷീണിതരാക്കി. ഓരോ ജ്യൂസ് കുടിച്ച് ഞങ്ങള്‍ ക്ഷീണം മാറ്റി. ഹോം മേഡ് ചോക്ലേറ്റുകളും തുണിത്തരങ്ങളും ചെരുപ്പുകളും ഒക്കെ വില്‍ക്കുന്ന കടകള്‍ സുലഭമാണിവിടെ. 10 രൂപയുടെ പ്രവേശനടിക്കറ്റ് വാങ്ങിച്ച് നിസര്‍ഗധാമയ്ക്കകത്തേക്ക് നടന്നു. നദികളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപായതിനാല്‍ ഇവിടേക്ക് പ്രവേശിക്കുന്നത് ഒരു തൂക്കുപാലത്തിലൂടെയാണ്. ഈ പാലത്തില്‍ നിന്നു നദിയിലേക്കുള്ള ദൃശ്യം സുന്ദരമാണ്. വിവിധ വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള മത്സ്യങ്ങള്‍ നദിയിലെ തെളിഞ്ഞ വെള്ളത്തില്‍ കളിക്കുമ്പോള്‍ നോക്കി നിന്നുപോകും. നദിയിലൂടെ പെഡല്‍ ബോട്ടില്‍ സഫാരി നടത്തുന്നവരെയും കാണാം. നദിയുടെ ഇരുകരകളിലുമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങള്‍ ആ ചുട്ടുപൊള്ളുന്ന വെയിലത്തും കുളിര്‍ കാറ്റ് ഏകുന്നുണ്ടായിരുന്നു. പാലം കഴിഞ്ഞ് വലതുവശത്തു മരം കൊണ്ടുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്. അതില്‍ അലസമായി പത്രം വായിച്ചുകൊണ്ടിരുന്ന ഒരു കടക്കാരനും. ഒരു സാധനത്തിന്റെ വില ചോദിച്ചപ്പോള്‍, 'എനിക്ക് ഇത് വിറ്റിട്ട് വേണ്ട കഞ്ഞി കുടിക്കാന്‍' എന്ന ഭാവത്തില്‍ നോക്കിയിട്ട് അലസമായൊരു മറുപടി നല്‍കി അദ്ദേഹം. അങ്ങനെ ഞങ്ങള്‍ അവിടെനിന്നിറങ്ങി. മുളങ്കാടുകള്‍ക്കുള്ളിലേക്ക് നടന്നു. ഇടയ്ക്കിടെ സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും രൂപങ്ങളും കാണാം. ഇരിക്കാനായി കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ ഒരുപാടെണ്ണം ഉള്ളത് കൊണ്ട് ക്ഷീണം തീര്‍ത്താണ് ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. Zipline adventure ഇതിനകത്തും ഉണ്ടായിരുന്നു. ഇവിടത്തേത് കുറച്ചുകൂടി ഭേദമാണെന്നു തോന്നി.
ഇതിനകത്ത് തന്നെയുള്ള deer park വേറിട്ട കാഴ്ചാനുഭവമായിരുന്നു. പുള്ളിമാനുകളെ വളരെ അടുത്തുനിന്നു (വേലിക്കുള്ളിലാണ് ) കാണുവാന്‍ കഴിയും. Wildlife photography യുടെ ഒരു ഫീല്‍?? അവിടന്ന് നേരെ ചെല്ലുന്നത് ചെറിയ വെള്ളച്ചാട്ടങ്ങള്‍ നദിയിലേക്ക് വീഴുന്നിടത്തേക്കാണ്. അവിടെ വെള്ളത്തില്‍ കളിക്കുവാനും കുളിക്കുവാനും ഉള്ള അവസരങ്ങളുണ്ട്. വെയിലിന്റെ ചൂട് ഞങ്ങളെ വെള്ളത്തില്‍ ഇറങ്ങുവാന്‍ നിര്‍ബന്ധിച്ചെങ്കിലും നല്ല വിശപ്പുള്ളതുകൊണ്ട് മടങ്ങിപ്പോവാന്‍ തീരുമാനിച്ചു.

ഭക്ഷണശേഷം അവസാനത്തെ ലക്ഷ്യമായ golden temple ലേക്ക് തിരിച്ചു.

*golden temple
ഇരുവശങ്ങളിലുള്ള പൂന്തോട്ടങ്ങള്‍ക്ക് നടുവിലൂടെ പോകുന്ന നടപ്പാതയിലൂടെ നടന്ന് ഞങ്ങള്‍ ഗോള്‍ഡന്‍ ടെമ്പിളിന് മുന്നിലെത്തി. ചെരുപ്പുകള്‍ ഊരി ഒരു പെട്ടിയില്‍ നിക്ഷേപിച്ചു. അകത്തു കയറി. സ്വര്‍ണനിറത്തിലുള്ള കൂറ്റന്‍ പ്രതിമകള്‍ കാണാം. ശാന്തമായ അന്തിരീക്ഷത്തില്‍ അവിടവിടങ്ങളിലായി ചിലര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ചൈനീസ് അക്ഷരങ്ങള്‍ അവിടവിടങ്ങളില്‍ ഉണ്ടായിരുന്നു. പരമ്പരാഗത ചൈനീസ് വേഷധാരികളായ സന്യാസിമാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അവിടെനിന്നിറങ്ങിയപ്പോഴേക്കും 5 മണി കഴിഞ്ഞു. സമയപരിമിതികൊണ്ടു tibetan colony സന്ദര്‍ശനം ഒഴിവാക്കി. അവിടത്തെ പ്രധാന ആകര്‍ഷണമായ 'മോമോ' യെക്കുറിച്ച് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ മോമോ കഴിക്കാതെ ഞങ്ങള്‍ കൊടകിനോട് യാത്ര പറഞ്ഞു.

മുമ്പേ പറഞ്ഞതുപോലെ കാഴ്ചകളേക്കാളേറെ ഹൃദ്യമായ അനുഭവങ്ങളായിരുന്നു കൊടക് ഞങ്ങള്‍ക്ക് നല്‍കിയത്..

(കടപ്പാട്: സ്റ്റാന്‍ ലീ ജോണ്‍സ്)

 

Read more topics: # trip to kodak,# travel
a trip to kodak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES