അല്പം സാഹസികത ഇഷ്ട്ടപ്പെടുന്ന ,കാട് കയറാൻ താല്പര്യം ഉള്ളവർ പോയിരിക്കണ്ട സ്ഥലമാണ് മുനീശ്വരൻ കുന്ന്. വയനാട്ടിൽ അതികം ആരുടെയും കാൽ കുത്താത്ത കന്യകയായ മല നിരകളാണ് ഇത്. മെയിൻ സീ ലെവലിൽ നിന്നും 1000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്റെ മുകളിൽ എത്തിയാൽ നോർത്ത് ഈസ്ററ് വയനാട് മുഴുവനായിട്ടു തന്നെ കാണാം. മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ ആണ് ഈ മലനിരകൾ തല ഉയർത്തി നിൽക്കുന്നത്. തലപ്പുഴയിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ മക്കി മലയിൽ എത്തും. ട്രൈബൽ സെറ്റിൽമെന്റ് ഉള്ള പ്രദേശം കൂടെ ആണ് മക്കിമല. ഇവിടെ നിന്നും മലമുകളിൽ കയറാൻ ഒരുപാട് ഓഫ്‌റോടുകൾ ഉണ്ട്.
***
കുറുമ്പാലക്കോട്ടയുടെ മഞ്ഞു പുതച്ച സൂര്യോദയം കണ്ട് പിന്നീട് പോയത് മുനീശ്വരൻ കുന്നു കയറാൻ ആയിരുന്നു. കത്തി നിൽക്കുന്ന സൂര്യൻ ഒരു തടസമായി തോന്നിയില്ല. വായനാട്ടുകാരായ ചങ്കു ചെങ്ങായിമാർ മല കയറാൻ ഒരുങ്ങി വന്നപ്പോൾ ഇളം പച്ച നിറത്തിൽ പുതച്ച് നിൽക്കുന്ന മലമുകളിൽ എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. മക്കിമലയിൽ ബുള്ളറ് സൈഡ് ആക്കി വെള്ളം വാങ്ങാൻ നിന്നപ്പോൾ തന്നെ ദൂരെ നിബിടമായ വനത്തിൽ നിന്നും തല ഉയർത്തി നിൽക്കുന്ന പുൽമേടുകൾ കണ്ട്. കടും പച്ച നിറത്തിൽ ഉള്ള വന്മരങ്ങൾ ഇട തൂർന്നു വളർന്നു നിൽക്കുന്ന മലഞ്ചെരുവുകളിലൂടെ അല്പം സാഹസികമായി തന്നെ കയറി വേണം ആ ലക്ഷ്യ സ്ഥാനത്ത് എത്താൻ. വന്യമല്ലാത്ത ജീവിതത്തിന് എന്തോന്ന് ത്രില്ല്?? അല്പം കഷ്ട്ടപ്പെട്ടു കിട്ടുന്ന യാത്രയിൽ ഉള്ള ഓരോ കാഴ്ചകൾ മാത്രമായിരിക്കാം ജീവിതത്തിൽ ആനന്ദം കിട്ടുന്ന ഭൂതകാല ഓർമ്മകൾ.!!
മക്കിമലയിൽ നിന്നും ഉള്ള റോട് തീർത്തും ഓഫ്‌റോട് ഇഷ്ടപ്പെടുന്നവർക്ക് ഉള്ളതാണ്. മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കയറുന്ന വഴിയിൽ ചിതറിക്കിടക്കുന്ന കരിങ്കൽ ചീളുകൾക്കിടയിലൂടെ ബുള്ളറ് മല കയറി ത്തുടങ്ങി. ചുറ്റും പച്ച പുതച്ച തേയില തോട്ടങ്ങൾ ആയിരുന്നു. അതിനു നടുവിലൂടെ പൊടിമണ്ണ് നിറഞ്ഞ വഴിയിലൂടെ ബൈക്കുമായി പോകാവുന്ന അവസാന ഭാഗത്ത് എത്തി. ഇനി മലമുകളിൽ കയറാൻ വേറെ ഒരു വഴിയുമില്ല. നടക്കുക തന്നെ. ഞങ്ങൾ ആറു പേരും പിന്നെ 2 ലിറ്ററിന്റെ രണ്ടു വെള്ളക്കുപ്പിയും പിന്നെ ഹലാക്കിൻറെ വലുപ്പമുള്ള ഒരു തണ്ണിമത്തനുമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്.
തൊട്ടടുത്ത് കാണുന്ന കുന്നു കയറാൻ വെള്ളവും തണ്ണിമത്തനും ഒന്നും വേണ്ടാന്ന് തുടക്കത്തിൽ തോന്നിയെങ്കിലും മുനീശ്വര മുടിയുടെ മുകളിലെത്താൻ കുറച്ചധികം തന്നെ പാടുപെട്ടു. വെളിച്ചത്തിനു പോലും താഴെ പതിയ്ക്കാൻ സമ്മതിക്കാത്ത വന്മരങ്ങൾക്കിടയിലൂടെ മുൻപിൽ പോകുന്ന ചെങ്ങായിമാർ ഉണ്ടാക്കുന്ന വഴിയിലൂടെ മുന്നോട്ടു നടന്നു. വഴിയിൽ ഉണങ്ങിയതും അത് പോലെ അതികം പഴക്കം വരാത്തതുമായ ആനപിണ്ടങ്ങൾ ഒരുപാട് കാണാം. കാട്ടാനകളുടെ സാമീപ്യം തൊട്ടറിഞ്ഞു കൊണ്ടായിരുന്നു മല കയറ്റം. ഓരോ ചുവടും മുന്നോട്ടു വെക്കുമ്പോൾ ജാഗ്രത പുലർത്തിയ കണ്ണും കാതും കാടിന്റെ വന്യത കൊണ്ട് മാത്രമായിരുന്നു. ഇടക്ക് ആനയുടെ ഗന്ധം നാസാരന്ധ്രത്തെ ഒരുപാടങ്ങു കീഴടക്കിയപ്പോൾ മുൻപോട്ട് നടക്കാനുള്ള ധൈര്യം പോലും കുറച്ച് സമയത്തേക്ക് നഷ്ടമായിരുന്നു. ഉള്ളിലെ ഭയം കാണിക്കാതെ എല്ലാവരും കട്ടക്ക് ധൈര്യശാലികളായി അഭിനയിച്ചപ്പോൾ വന്മരങ്ങൾ താണ്ടി ആദ്യത്തെ മൊട്ട ക്കുന്നു കണ്ടു. മുട്ടറ്റം വളർന്നു നിൽക്കുന്ന പുൽച്ചെടികളായിരുന്നു ചുറ്റും. അതിർത്തിയിൽ ഒരു കോട്ട മതിൽ പോലെ മല നിരകൾ കാണാം. മണിക്കൂറുകൾ നടന്നിട്ടും കയറാൻ ഉള്ള കുന്നു ഇപ്പോഴും തൊട്ടടുത്തെന്ന പോലെ മോഹിപ്പിച്ചു മുൻപിൽ നിൽക്കുന്നു. പുൽമേട് കഴിഞ്ഞും വീണ്ടും കാടി നകത്ത് പ്രവേശിച്ചു. മുന്പത്തേക്കാൾ വന്യത തോന്നിപ്പിക്കുന്നതായിരുന്നു ഇത്. കരിയിലകൾക്കു മേലെ ചെറിയ ഒച്ചപ്പാടുണ്ടാക്കി മുൻപോട്ടു നടന്നു. എത്ര സൗമ്യമായി കാൽപാദം വെയ്ക്കുമ്പോഴും അത് ഉണ്ടാക്കുന്ന ശബ്ദം താഴെ വീണു കിടക്കുന്ന ഇലകളുടെ ആത്മാവുകളുടെ നിലവിളി യായി പ്രതിധ്വനിച്ചു.
ആ കാട്ടിനുള്ളിൽ നിന്ന് തന്നെ തണ്ണിമത്തൻ ദാഹവും വിശപ്പും ഒന്ന് ശമിപ്പിച്ചു ഞങ്ങൾ ആറാളുകളിലൂടെ മൃതിയടഞ്ഞു. കുപ്പി വെള്ളത്തിലേക്ക് കണ്ണ് പോയെങ്കിലും ഇനിയും കാൽകീഴിലാക്കാനുള്ള മണ്ണിന്റെ വലുപ്പമറിഞ്ഞു അതങ്ങു ഉപേക്ഷിച്ചു. തണ്ണിമത്തനിൽ നിന്നും കിട്ടിയ ഊർജത്തിൽ നിന്നും വീണ്ടും മുനീശ്വര മുടിയുടെ ഉച്ചിയിൽ എത്തുന്നതും കണ്ട് നടന്നു. ഒരു പക്ഷെ കാടി നോട് പ്രണയം തോന്നിയ സമയങ്ങളായിരുന്നു. നിർത്താതെ കരയുന്ന ചീവീടുകളും പാട്ടു പാടി പറക്കുന്ന പേരറിയാത്ത മറഞ്ഞിരിക്കുന്ന പക്ഷികളും എല്ലാം ഞങ്ങളെ കാടിന്റെ മടിത്തട്ടിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു.
ആദ്ധ്യത്തേതിനേക്കാൾ സമയമെടുത്ത് നടന്നു വീണ്ടും ഒരു മൊട്ടക്കുന്നിലെത്തി. മുൻപിൽ മതിലുപോലെ നിൽക്കുന്ന കുന്നായിരുന്നു. അതിലേക്കു കയറാൻ മുൻപേ തെളിച്ച വഴികളൊന്നും കാണുന്നില്ല. കുത്തനെ തന്നെ കയറണം.!! മുൻപ് സൂര്യനെ തടുത്ത് നിർത്തിയ വന്മരങ്ങൾ ഒന്നും ഇല്ല മുൻപിൽ. നാണിച്ചു തലതാഴ്ത്തി കിടക്കുന്ന പുല്ലുകൾ മാത്രം. കാട്ടു മൃഗങ്ങൾ കയറിയ ചെറിയ ഭാഗങ്ങൾ നോക്കി ഞങ്ങളും മല കയറാൻ തുടങ്ങി. വായനാട്ടുകാർ മല കേറുന്ന കാഴ്ച കണ്ടിട്ട് ഇത്തിരി അങ്കലാപ്പിലായിരുന്നു ഞാൻ. അവർ മുകളിലെത്തിയാലും ഞാൻ പകുതി പോലും കുന്നു കയറി എത്തില്ല എന്ന് തന്നെ തോന്നിപ്പോയി. കൂട്ടിനു ഒരു കമ്പിനു താങ്ങും കൊടുത്തു ഏറ്റവും പിറകിലായി ഞാൻ മലമുകളിലേക്ക് വലിഞ്ഞു കേറി തുടങ്ങി. പുൽച്ചെടിയുടെ മുരടിൽ ചവിട്ടി നേരെ ലമ്പമായി തന്നെ മല കയറണം..
"മലയുടെ മണ്ടക്ക് നോക്കാതെ താഴേക്കു മാത്രം നോക്കി മല കയറിയാൽ എടങ്ങേറ് തോന്നില്ല"
എന്ന് ചെങ്ങായി പറഞ്ഞപ്പോൾ താഴെ പുൽച്ചെടിയിൽ മാത്രം നോക്കി മുന്നോട്ട് കയറി. തടസ്സമായി നിൽക്കുന്ന മലയുടെ വലിപ്പം മനസ്സിൽ നിന്നും പോയി. ഒരു യാത്രാക്കാരൻ മാത്രാമാണ് ഞാൻ എന്ന ചിന്ത മനസ്സിൽ പെടുന്നനെ വന്നു. ക്ഷീണം അറിയാതെ തന്നെ ഏകദേശം മല മുകളിൽ എത്തിയിരുന്നു.
ഇനിയാണ് കാഴ്ചകളുടെ പൂരം..!! 360 ഡിഗ്രിയിൽ മതില് തീർത്ത മാമലകൾക്കു നടുവിൽ ഭൂമിയിൽ നിന്നും ഉയർത്തപ്പെട്ട ഒരു സിംഹാസനത്തിൽ കയറി ഇരിക്കുന്ന തോന്നൽ!! വെയിൽ നല്ല പോലെ ഉണ്ടെങ്കിലും ചൂട് പിടിക്കാൻ അവനെ സമ്മതിക്കാതെ കാറ്റു നല്ല പോലെ വീശുന്നുണ്ട്.
കാടിന്റെ പച്ചപ്പ് നേരിട്ട് തന്നെ അനുഭവിക്കണം. മുനീശ്വരൻ കുന്നിന്റെ ഉച്ചിയിൽ നിന്ന് കാണുന്നതെല്ലാം പച്ചപ്പ് മാത്രം!! ചുറ്റും കാണുന്ന മലയുടെ മുകളിലെല്ലാം പുൽമേടുകൾ ആണ്. മലകയറാൻ തോറ്റു പോയി നിൽക്കുന്ന മരങ്ങൾ താഴ്വാരങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ നിന്നാൽ വയനാടിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങൾ കാണാം. കാടിനു നടുവിൽ ഉള്ള ഫ്രിഞ്ജ് ഫോർട്ട് എന്ന റിസോർട്ടും കാണാം.!!
ചെറിയ പാറക്കല്ലിൽ വെയിലിന്റെ ചൂടിനെ വകവെക്കാതെ തനിച്ചൊന്നിരുന്നു. ഇതൊക്കെയല്ലേ കാണേണ്ടത്.. ലോകം കാണാൻ തിടുക്കം കൂട്ടുന്നവർ തൊട്ടടുത്തുള്ള ഇത്തരം പറുദീസകൾ കാണാൻ ശ്രമിക്കാറില്ല.!! കണ്ണ് തുറന്നൊന്നിരുന്നാൽ മാത്രം മതി. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാകും ഇത്!!
ചൂട് മാറി ദൂരെയുള്ള മലനിരകളിൽ കോട മഞ്ജു പുതച്ച് കാഴ്ചകൾക്ക് തൂവെള്ള നിറം കൊടുക്കാൻ തുടങ്ങിയപ്പോൾ അതൊരൊന്നന്നര കാഴ്ചയായിരുന്നു. നീലാകാശത്തിനും പച്ച പുതച്ച മലനിരകൾക്കുമിടയിൽ പഞ്ഞിക്കെട്ടുകൾ വന്നു നിറയുന്ന പോലെ.. കാഴ്ചകൾക്ക് തിരശീല ഇട്ടില്ലെങ്കിൽ ഇരുട്ട് മൂടിയ കാട്ടിലൂടെ തിരിച്ചു മല ഇറങ്ങൽ ആത്മഹത്യാപരമാകുമെന്നു ചെങ്ങായിമാർ പറഞ്ഞപ്പോൾ പിന്നെ അതികം അവിടെ നിന്നില്ല. ആനയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടിലൂടെ ഒരുപാട് നല്ല അനുഭവങ്ങൾ ഹൃദയത്തിൽ ചേർത്ത് വെച്ച് മുനീശ്വരൻ കുന്നിറങ്ങി...!!