മകന്റെ ജീവനു വേണ്ടി കണ്ണീരോടെ യാചിച്ച സേതുലക്ഷമിയുടെ വീഡിയോ ജനങ്ങള്‍ വേദനയോടെയാണ് കണ്ടത്. വൃക്ക നല്‍കി സഹായിക്കാനായി നടി പൊന്നമ്മ ബാബു സന്നദ്ധ ആയെങ്കിലും ആരോഗ്യ പ്രശനങ്ങളാല്‍ വൃക്ക നല്‍കാന്‍ സാധിക്കാതെയാകുകയായിരുന്നു. ഇപ്പോള്‍
മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധനായി വയനാട്ടില്‍ നിന്ന് ഒരു യുവാവ് എത്തിയെന്ന് സോതുലക്ഷമി പറഞ്ഞിരിക്കയാണ്. വയനാട് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് കിഷോറിന് വൃക്ക നല്കാന്‍ സന്നദ്ധനായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് സേതുലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിനോടാണ് വ്യക്തമാക്കിയത്.
വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുള്ള പരിശോധനകള്‍ എറണാകുളം അമൃത ആശുപത്രിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഒന്ന്-രണ്ട് ആഴ്ചക്കുള്ളില്‍ പരിശോധനാ ഫലം പുറത്ത് വരുമെന്നും അത് കിഷോറിന് ചേരുന്നതാണെങ്കില്‍ ശാസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നും സേതു ലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് കിഷോറിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടക്കുക.
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സകള്‍ക്കുമുള്ള പണം ഇനിയും സേതുലക്ഷ്മിയ്ക്ക് കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞാല്‍ അടിക്കടിയുള്ള പരിശോധനകള്‍ വേണ്ടതിനാല്‍ കൂടുതല്‍ സൗകര്യമുള്ള വാടക വീട് കണ്ടെത്തുന്നതിനും തുടര്‍ ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് ധാരാളം പണം ആവശ്യമാണ്. ഇതുവരെ ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും സുമനസ്സുകളോട് നന്ദി പറയുന്ന സേതുലക്ഷ്മി എങ്ങനെയെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി വൃക്കരോഗം മൂലം പൊറുതിമുട്ടുകയാണ് സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഇല്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത മകന്റെയും ഭാര്യയുടെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെയും കാര്യങ്ങളും വീട്ടുച്ചെലവുകളും ചികിത്സയും മുന്നോട്ട് കൊണ്ട് പോകാനാകാതെ വന്നതോടെയാണ് സേതുലക്ഷ്മി സഹായമഭ്യര്‍ഥിച്ച് രംഗത്ത് എത്തിയത്.