യാത്രകള്‍ പുസ്തകങ്ങളെ പോലെയാണ്...ഓരോ യാത്രകളും കൈനിറയെ അറിവ് നമുക്ക് സമ്മാനിക്കുന്നു... സംസ്‌കാരങ്ങളെ കണ്ടറിയാനും മനസ്സിലാക്കാനും സഹായിക്കുന്നു.. ഒരു യാത്രയും വെറുതെയാകില്ലെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ട് തന്നെ എന്ന് കരുതാം..
3930അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 1678ല്‍ രാജ ഹെരേ ഗൗഡ നിര്‍മിച്ച കോട്ടയും അതിനുള്ളിലെ കൃഷ്ണക്ഷേത്രവും പഴയ കാല വാസ്തുശില്പകലയുടെയും കൊത്തുപണികളുടെയും കമനീയ കാഴ്ച്ചകള്‍ ആണ് പ്രദാനം ചെയ്യുന്നത്
കേട്ടറിവ് മാത്രമുള്ള ആ സ്ഥലം കാണാന്‍ പുറപ്പെടുമ്പോള്‍ ലളിതമായി പോയി വരാമെന്നാണ് കരുതിയത്. അടുത്തറിഞ്ഞപ്പോള്‍ ആണ് അത്ര എളുപ്പമല്ല അതെന്ന് മനസ്സിലായത്.
താഴെ നിന്നും നോക്കിയാല്‍ ഒരു ചെറിയ മല. അത് കയറി ചെന്നാല്‍ കാണാം അടുത്ത ഒരു മല. മുകളില്‍ ഇപ്പൊ എത്തും എത്തും എന്ന് വിചാരിക്കുമ്പോള്‍ ഓരോ പുതിയ മലകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അതാണ് മധുഗിരി......... ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റ കല്‍ മല......
ഒരുകാലത്ത് ഈ മല മൊത്തം തേനീച്ചകള്‍ ആയിരുന്നു. അതുകൊണ്ടാണ് മധു (തേന്‍) ഗിരി (കുന്ന്) എന്ന പേര് വന്നത്. ബാംഗ്ലൂരില്‍ നിന്നും 100സാ അകലെ ഉള്ള തുംകുരില്‍ സ്ഥിതി ചെയുന്ന മധുഗിരി ട്രെക്കിങ്ങ്കാരുടെ ഒരു പറുദീസ ആണ്. 3സാ ഉള്ള മധുഗിരി ട്രെക്കിങ് ഇത്തിരി സാഹസം നിറഞ്ഞ ഒരു സ്ഥലം ആണ്.
പുതുതായി കല്ല് പാകിയ പടികളും, കുറച്ചു പുരാതന കവാടങ്ങളും ഒക്കെ ആയി ആദ്യ ഭാഗം നമുക്ക് എളുപ്പത്തില്‍ നടന്നു കയറാം. രണ്ടാമത്തെ ഭാഗം വളരെ ശ്രദ്ധിക്കേണ്ടതും ദുര്‍ഘടം പിടിച്ചതും ആണ്. താഴെ നിന്നും നോക്കിയാല്‍ രണ്ടു മുതല്‍ ഉള്ള ഭാഗം നമുക്ക് ഒരിക്കലും കാണാന്‍ സാധിക്കില്ല. കുത്തനെ ഉള്ള രണ്ടാം ഭാഗത്തില്‍ നടക്കാന്‍ സഹായത്തിനായി കമ്പി വേലി കെട്ടിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച് പൊട്ടാറായ കമ്പികള്‍ ആണ് കൂടുതലും. ചില സ്ഥലങ്ങളില്‍ ഈ വേലി പൂര്‍ണമായും നശിച്ചുപോയിട്ടുണ്ട്. കമ്പി വേലി ഇല്ലാത്ത ചില സ്ഥലത്ത് കുത്തനെ ഉള്ള മലയെ ചെറുതായി വലംവെക്കുമ്പോള്‍ ഒരു കൊക്കയുടെ അരികത്തുകൂടി നടക്കുന്ന അനുഭവം ആണ്. ഇവിടെ സഹായത്തിനു അകെ ഉള്ളത് പൊട്ടാറായ കമ്പികളില്‍ കെട്ടിയ കയറുകള്‍ മാത്രം ആണ്. മഴക്കാലത്തു ഉള്ള ട്രെക്കിങ്ങ് ആണെങ്കില്‍ പാറയിലുടെ ഒഴുകിവരുന്ന വെള്ളനനവും വഴുക്കലും പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ ഭാഗം കയറി ചെന്നാല്‍ മാത്രമേ അടുത്ത മല നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. കുത്തനെ ഉള്ള മലയാണെങ്കിലും നടന്നു കയറാന്‍ എളുപ്പമാണ് മൂന്നാമത്തെ ഭാഗം. ഇവിടെ നടക്കാന്‍ സഹായത്തിനു കമ്പിവേലികള്‍ ഒന്നും ഇല്ല. വഴികാട്ടിയായി പാറകളില്‍ വെള്ള നിറത്തില്‍ അടയാളങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്. വഴി തെറ്റിയാല്‍ തിരിച്ചു വരാന്‍ നല്ല ബുദ്ധിമുട്ടയതിനാല്‍ അതികം സാഹസികതക്ക് പോകാതെ അടയാളം ലക്ഷ്യമാക്കി പോകുന്നതാണ് നല്ലത്. മൂന്നാമത്തെ ഭാഗം ചെന്നവസാനിക്കുന്നത് ഒരു വലിയ കോട്ട മതിലില്‍ ആണ്. മഞ്ഞു മൂടിയിട്ടിലെങ്കില്‍ മധുഗിരി നഗരത്തിന്റെ നല്ലൊരു കാഴ്ച്ച നമുക്ക് കാണാന്‍ പറ്റും.സത്യത്തില്‍ ഈ കാഴ്ച്ചയാണ് എന്നെ അവിടേക്ക് എത്തിച്ചത്.. പത്തു മീറ്റര്‍ ദൂരം മാത്രം കാഴ്ച ഉള്ള രീതിയില്‍ മഞ്ഞായിരുന്നു ഞാന്‍ പോയപ്പോള്‍. മധുഗിരി നഗരത്തിന്റെ ഭംഗി കാണാന്‍ പറ്റിയിലെങ്കിലും നല്ല വേഗത്തില്‍ വരുന്ന മഞ്ഞും കാറ്റും ഞാന്‍ നന്നായി ആസ്വദിച്ചു.....
കോട്ടമതിലില്‍ നിന്നും കോട്ടയിലേക്ക് അതികം ദൂരം ഇല്ല. പക്ഷെ മഞ്ഞു കാരണം അടുത്ത് എത്തിയപ്പോള്‍ മാത്രമേ കോട്ട കാണാന്‍ സാധിച്ചുള്ളൂ. 1678ല്‍ രാജ ഹെരേ ഗൗഡ നിര്‍മിച്ചതാണ് ഈ കോട്ട. സമുദ്ര നിരപ്പില്‍ നിന്നും 3930അടി ഉയരത്തില്‍ ആണ് ഈ കോട്ട സ്ഥിതി ചെയുന്നത്. കോട്ടയുടെ ഭൂരിഭാഗവും തകര്‍ച്ചയുടെ വക്കില്‍ ആണ്. കോട്ടക്കകത്തു ഒരു കൃഷ്ണ ക്ഷേത്രം ഉണ്ട്. ക്ഷേത്ര സമുച്ചയം മാത്രമേ ഇപ്പോള്‍ ബാക്കി ഉള്ളു, വിഗ്രഹങ്ങള്‍ എല്ലാം പണ്ടേ മോഷണം പോയിരിക്കുന്നു. സൈനികര്‍ക്കു താമസികനായി ക്ഷേത്രത്തോട് ചേര്‍ന്നു ചെറിയ ബങ്കര്‍ റൂമുകള്‍ ഉണ്ട്. കാഴ്ച്ചകള്‍ എല്ലാം കണ്ട് അല്പംഫോട്ടോസും എടുത്ത് ഞാന്‍ പടവുകള്‍ ഇറങ്ങി... കാഴ്ച്ചകളും പുത്തന്‍ അറിവുകളും പിന്നിലേക്ക് ആക്കിക്കൊണ്ട്...
ഒരു യാത്രികനെന്നതിലുപരി മറ്റെന്തൊക്കെയോ എന്നില്‍ നിറയുന്നു. എന്തോ വെട്ടിപ്പിടിച്ച അനുഭൂതിയാണോ അതോ നിലക്കാത്ത യാത്രകളില്‍ മറ്റൊന്ന് കൂടി പൂര്‍ത്തീകരിച്ചതിന്റെ ആനന്ദമാണോ..? അറിയില്ല... വെറുമൊരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏത് ദേശവും പുതിയപുതിയ വഴികളും കാഴ്ചകളും അനുഭവങ്ങളും മാത്രമാണ്. അടുത്ത യാത്രയിലേക്കുള്ള മുന്നൊരുക്കം കൂടി എന്ന് വേണമെങ്കില്‍ പറയാം.....