സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഏറെ ബാധിക്കുന്ന പുതിയ തീരുമാനവുമായി സ്‌നാപ്ചാറ്റ് രംഗത്ത്. ഇതുവരെ സൗജന്യമായി ഉപയോഗിക്കാനായിരുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്ന സൗകര്യത്തിന് ഇനി മുതല്‍ പണം നല്‍കേണ്ടിവരുമെന്ന് ആപ്പ് അധികൃതര്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നവരും, ആപ്പില്‍ ആയിരക്കണക്കിന് സ്‌നാപ്പുകള്‍ സൂക്ഷിച്ചവരുമായ ഉപയോക്താക്കളാണ് ഈ മാറ്റത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക.
2016-ല്‍ അവതരിപ്പിച്ച ''മെമ്മറീസ്'' ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് പഴയ സ്‌നാപ്പുകളും വീഡിയോകളും ആപ്പില്‍ സുരക്ഷിതമായി സൂക്ഷിക്കാനായിരിന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ച് ജിബിയ്ക്ക് മുകളിലുള്ള ഉള്ളടക്കം സൂക്ഷിക്കുന്നവര്‍ക്ക് അധിക പണം നല്‍കേണ്ടിവരും. ഇതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സ്‌നാപ്ചാറ്റ് വ്യക്തമാക്കുന്നത്, ഈ മാറ്റം ''മെമ്മറീസ്'' ഫീച്ചറിനെ കൂടുതല്‍ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ രീതിയില്‍ വികസിപ്പിക്കുന്നതിനാണ് എന്നാണ്. പണം ഈടാക്കുന്നത് വഴി പുതിയ സാങ്കേതിക മെച്ചപ്പെടുത്തലുകള്‍ക്കും ഡാറ്റാ സുരക്ഷയ്ക്കുമുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 ജിബി സ്റ്റോറേജിനായി പ്രതിമാസം 1.99 ഡോളറും, ''സ്‌നാപ്ചാറ്റ്+'' സബ്‌സ്‌ക്രിപ്ഷന്‍ വഴി 250 ജിബി സ്റ്റോറേജിനായി 3.99 ഡോളറും ഈടാക്കുമെന്നാണ് സൂചന. പരിധി കവിഞ്ഞവര്‍ക്ക് 12 മാസത്തെ താല്‍ക്കാലിക സൗജന്യ സമയം ലഭിക്കും, അതിനുള്ളില്‍ അവരുടെ ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സ്‌നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് ഈ മാറ്റം വലിയ മാറ്റമായി തോന്നുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സൗജന്യ സേവനങ്ങളില്‍ നിന്ന് പെയ്ഡ് മോഡലിലേക്ക് കടക്കുന്ന ആപ്പുകളുടെ പട്ടികയില്‍ സ്‌നാപ്ചാറ്റ് ഇപ്പോള്‍ ചേര്‍ന്നിരിക്കുകയാണ്.