ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഫോട്ടോകളും വീഡിയോകളും എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന നൂതനമായ എ.ഐ ടൂളുകള്‍ അവതരിപ്പിച്ച് മെറ്റ. ആപ്പ് വിട്ട് പുറത്തുപോകാതെ തന്നെ സ്റ്റോറികളില്‍ ദൃശ്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ പുതിയ സംവിധാനം സഹായിക്കും. ചിത്രങ്ങളില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാനും, ചിത്രങ്ങളിലെ ഘടകങ്ങളെ ക്രിയാത്മകമായി പരിഷ്‌കരിക്കാനും പ്രോംപ്റ്റുകള്‍ (നിര്‍ദ്ദേശങ്ങള്‍) ഉപയോഗിച്ച് സാധിക്കും.
നേരത്തെ, മെറ്റയുടെ എ.ഐ ചാറ്റ്‌ബോട്ട് വഴിയായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍, ഉപയോക്താക്കള്‍ക്ക് നേരിട്ട് ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ ഈ എ.ഐ ടൂളുകള്‍ ഉപയോഗിക്കാം. മുടിയുടെ നിറം മാറ്റാനും, ആഭരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഇത് സഹായിക്കും. കൂടാതെ, സണ്‍ഗ്ലാസ്, ബൈക്കര്‍ ജാക്കറ്റ് തുടങ്ങിയ വിവിധ പ്രീസെറ്റ് സ്‌റ്റൈലുകളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ എ.ഐ ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് ചില നിബന്ധനകള്‍ മെറ്റ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിബന്ധനകള്‍ ഉപയോക്താക്കള്‍ അംഗീകരിക്കേണ്ടത് നിര്‍ബന്ധമാണ്.
ചിത്രങ്ങളില്‍ പ്രോംപ്റ്റുകള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഇത് ഉപകരിക്കും. കൂടാതെ, കുട്ടികള്‍ എ.ഐ സംവിധാനങ്ങളുമായി സംവദിക്കുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്ന പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനവും മെറ്റ ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.