വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നേരിട്ട് ആപ്പില്‍ ലിങ്ക് ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനമാണ് മെറ്റ പരീക്ഷിക്കുന്നത്. മെറ്റയുടെ എല്ലാ പ്ലാറ്റ്‌ഫോംസിനെയും ഒരുമിച്ച് ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചര്‍ എത്തുന്നത്. ഇപ്പോള്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായുള്ളൂ.
വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, വാട്‌സ്ആപ്പിന്റെ പ്രൊഫൈല്‍ പേജില്‍ നേരിട്ട് ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഉടന്‍ ലഭ്യമാകും. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പില്‍ ഉണ്ടായതിനാല്‍, ഈ അപ്ഡേറ്റ് ആ കൂട്ടത്തില്‍ ചേര്‍ന്ന മറ്റൊരു ഘട്ടമായിരിക്കും.
ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ മെറ്റ ആപ്പുകള്‍ പരസ്പരം ബന്ധിപ്പിച്ച് വ്യക്തി തിരിച്ചറിയല്‍ എളുപ്പമാക്കാനും പ്രൊഫഷണല്‍ ഉപയോഗത്തിന് പ്രൊഫൈലുകള്‍ വേഗത്തില്‍ ആക്‌സസ് ചെയ്യാനുമാകും. ഇപ്പോള്‍ പരീക്ഷണം നടക്കുന്ന ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനിലാണ് ഈ സംവിധാനം ആദ്യം ലഭിക്കുന്നത്.
ഫേസ്ബുക്ക് ലിങ്ക് ചേര്‍ക്കുന്നത് ഉപയോക്താവിന്റെ ഇഷ്ടാനുസരണം ആയിരിക്കും. നിര്‍ബന്ധമായും ലിങ്ക് ചെയ്യണം എന്നില്ല. ലിങ്ക് ചെയ്താല്‍ അത് വാട്‌സ്ആപ്പ് പ്രൊഫൈലില്‍ കാണും, എന്നാല്‍ വെരിഫൈ ചെയ്യണമോയെന്നത് വ്യക്തിയുടെ തിരഞ്ഞെടുപ്പായിരിക്കും. മെറ്റ അക്കൗണ്ട് സെന്ററിലൂടെ വെരിഫൈ ചെയ്താല്‍ പ്രൊഫൈല്‍ നെയിമിനടുത്ത് ചെറിയ ഫേസ്ബുക്ക് ഐക്കണ്‍ പ്രത്യക്ഷപ്പെടും.
വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്കായി ഇതിനകം തന്നെ വെരിഫൈഡ് സോഷ്യല്‍ മീഡിയ ലിങ്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്കായി ഈ സൗകര്യം ആദ്യമായാണ് എത്തുന്നത്, അതുകൊണ്ട് തന്നെ പുതിയ ഫീച്ചറിനായി വാട്‌സ്ആപ്പ് യൂസര്‍മാര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.