തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് നടി തുളസി. തെന്നിന്ത്യന്‍ സിനിമകളിലെ സജീവമായ നടി കഴിഞ്ഞ ദിവസം അഭിനയത്തിന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പുറത്ത് വിട്ടെങ്കിലും പിന്നീട് അത് നീക്കം ചെയ്യുകയുമായിരുന്നു. ഡിസംബര്‍ 31 ലെ എന്റെ ഷിര്‍ദ്ദി ദര്‍ശനത്തിന്റെ തുടര്‍ച്ചയായി സിനിമയില്‍ നിന്ന് വിരമിക്കുകയാണെന്നായിരുന്നു, 'ഹാപ്പി റിട്ടയര്‍മെന്റ്' എന്നെഴുതിയ ഒരു കാര്‍ഡ് പങ്കുവച്ച് 58കാരിയായ തുളസിയുടെ പ്രഖ്യാപനം.
'സന്തോഷകരമായ വിരമിക്കല്‍. പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും ഓരോ നിമിഷവും ആസ്വദിക്കൂ' എന്നായിരുന്നു പോസ്റ്റ്. അതിനൊപ്പം,'ഈ ഡിസംബര്‍ 31 ലെ എന്റെ ഷിര്‍ദ്ദി ദര്‍ശനത്തിന്റെ തുടര്‍ച്ചയായി, എനിക്ക് തന്നെ സന്തോഷകരമായ ഒരു വിരമിക്കല്‍ ആശംസിക്കുന്നു. സായിനാഥനോടൊപ്പം സമാധാനത്തോടെ എന്റെ യാത്ര തുടരും. ജീവിതം പഠിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി, സായിറാം' എന്നും കുറിച്ചു
ബാലതാരമായി സിനിമയിലേക്ക് എത്തിയ തുളസി അഞ്ചു പതിറ്റാലധികമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ്. 1967ല്‍ പുറത്തിറങ്ങിയ 'ഭാര്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുളസിയുടെ സിനിമാജീവിതം തുടങ്ങുന്നത്. കമല്‍ഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍, ചിരഞ്ജീവി, വിജയ് സേതുപതി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടു.