പൊതുവിതരണ സംവിധാനം ഇനി പൂർണമായും ഡിജിറ്റൽ വഴിയിലേക്ക്. റേഷന്‍ വാങ്ങാന്‍ഇനി കടകളില്‍ ക്യൂ നില്‍ക്കേണ്ട കാലം അവസാനിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ എറിക്‌സണ്‍ കമ്പനി, രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎം എന്ന പേരില്‍ ‘അന്നപൂര്‍ത്തി’ എന്ന പുതിയ സംവിധാനമാണ് അവതരിപ്പിച്ചത്. ദില്ലിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2025-ലാണ് ഈ വിപ്ലവകരമായ യന്ത്രം ആദ്യമായി അവതരിപ്പിച്ചത്.
അന്നപൂര്‍ത്തി എടിഎം പൂർണ്ണമായും 5ജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് വികസിപ്പിച്ച ഈ മെയ്ഡ്-ഇന്‍-ഇന്ത്യ യന്ത്രം വെറും 30 സെക്കന്‍ഡിനുള്ളില്‍ 25 മുതല്‍ 30 കിലോഗ്രാം വരെ ധാന്യം കൃത്യമായി വിതരണം ചെയ്യാനാകുമെന്ന് എറിക്‌സണ്‍ അറിയിച്ചു.
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എടിഎം, വൈദ്യുതി മുടക്കം വന്നാലും സേവനം തുടരും. ഗുണഭോക്താക്കള്‍ക്ക് 24 മണിക്കൂറും ഏത് സമയത്തും തങ്ങളുടെ റേഷന്‍ ക്വാട്ട അനുസരിച്ച് ധാന്യം എടുക്കാന്‍ സാധിക്കും. ഇതിലൂടെ പൊതുവിതരണ സംവിധാനത്തിലെ വൈകല്യങ്ങളും മനുഷ്യ ഇടപെടലും കുറയ്ക്കാനാകും.
അന്നപൂര്‍ത്തി എടിഎമ്മില്‍ ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് സ്‌കാനര്‍ സജ്ജീകരിച്ചിരിക്കുന്നു. ഗുണഭോക്താവ് വിരല്‍ വെച്ചാൽ, യന്ത്രം സ്വയമേ വ്യക്തിയെ തിരിച്ചറിയും. ലഭിക്കേണ്ട ധാന്യത്തിന്റെ അളവും ഭാരവും സ്‌ക്രീനില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കപ്പെടും. ഇതിലൂടെ വഞ്ചനയും പിശകുകളും പൂർണമായി ഒഴിവാക്കാനാകും.
ഇപ്പോള്‍ ഈ ധാന്യ എടിഎം ഭോപ്പാല്‍, ഗൊരഖ്പൂര്‍, ലഖ്നൗ, ഷില്ലോംഗ്, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2026 അവസാനത്തോടെ മറ്റു 23 നഗരങ്ങളിലേക്കും പദ്ധതിയെ വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
ജനങ്ങള്‍ക്ക് വീട്ടിനടുത്ത് തന്നെ സുതാര്യമായി റേഷന്‍ ലഭ്യമാക്കുന്ന ഈ സംരംഭം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് പുതിയ ദിശ നല്‍കുമെന്നത് ഉറപ്പ്.