കുഞ്ഞുങ്ങളുടെ ഒരോ വളര്‍ച്ചയിലും അമ്മമാര്‍ക്ക് എപ്പോഴും ആവലാതിയാണ്. എങ്ങനെ നോക്കണം ഏത് ഭക്ഷണം കൊടുക്കണം ഏത് രീതിയില്‍ സംരക്ഷണം നല്‍കണം അങ്ങിനെ ഒരോ കാര്യത്തിലും എപ്പോഴും ആവലാതിയാണ്. മലത്തിന്റെ കാര്യത്തിലും ഉണ്ട് ഒരോ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. സാധാരണയായി ആദ്യത്തെ ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്ക് ദിവസം 67 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാന്‍സിഷനല്‍ സ്റ്റൂള്‍സ എന്നാണ് അറിയപ്പെടുന്നത്. ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു തുടരും. ഒരു മാസം കഴിയുമ്പോഴേക്കും ദിവസം 45 തവണയായി വയറൊഴിയുന്നത് കുറയും.
മലത്തിനു സാധാരണയായി നേരിയ മഞ്ഞനിറമാണുണ്ടാവുക. മലത്തില്‍ ചുവപ്പുനിറം കണ്ടാലോ കടുത്ത പച്ചനിറം കണ്ടാലോ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പുനിറം രക്തമാണോ എന്നു പരിശോധിച്ച് അതിനനുസരിച്ചു ചികിത്സ ലഭ്യമാക്കേണ്ടതാണ്. പച്ചനിറത്തിനു കാരണം ബൈല്‍ എന്ന ദഹനസഹായിയായ ദ്രവമാണ്. പേടിക്കേണ്ടതില്ല. വയറ്റില്‍ ആവശ്യമുള്ള ഭക്ഷണമില്ലെങ്കിലോ, കുടലിന്റെ ചലനങ്ങള്‍ അല്പം വേഗത്തിലായാലോ ഇങ്ങനെ കാണാറുണ്ട്.
കറുത്ത നിറം ഇരുമ്പുസത്തു കലര്‍ന്ന മരുന്നുകള്‍ വഴിയോ കുടലിന്റെ മുകള്‍ഭാഗങ്ങളില്‍ (ആമാശയം, ഡുവോഡിനം) രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ടോ ആവാം. കളിമണ്ണിന്റെ നിറമുള്ള മലം, വേണ്ടത്ര അളവില്‍ ബൈല്‍ കുടലിലേക്കെത്തുന്നില്ല എന്നതിന്റെ തെളിവാണ്. ചിലപ്പോള്‍ വലിയ പരിശോധനകളും ചികിത്സകളും ആവശ്യമായി വന്നേക്കാം.