ആറ്റുകാല്‍ പൊങ്കാല പുണ്യത്തില്‍ പങ്കുചേര്‍ന്ന് നിരവധി താരങ്ങളാണ് ഇത്തവണയും തലനഗരിയിലെത്തിയത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് സ്ത്രീകളാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ ാെപാങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഇത്തവണയും ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഭക്ത ലക്ഷങ്ങളെ കൊണ്ട് തലസ്ഥാന നഗരി നിറഞ്ഞിട്ടുണ്ട്.
പതിവ് തെറ്റാതെ എത്തിയ ചിപ്പി, ആനി, സൗഭാഗ്യ, കൃഷ്ണപ്രഭ, അനുമോള്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി പൊങ്കാലയിട്ട് അന്ന രാജനും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരുപാട് വര്‍ഷങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറയുന്നു...
'കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാന്‍ പറ്റിയില്ല. ഈ വര്‍ഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാന്‍ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീല്‍ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പൊങ്കാല അര്‍പ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോള്‍ ഞാനും അതിന്റെ ഭാഗമായതില്‍ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യേണ്ടേ.' അന്ന രാജന്‍ പറഞ്ഞു.
ആനിയും സുരേഷ് ഗോപിയുടെ ഭാര്യ രാധികയും സ്വന്തം വീട്ടിലാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നത്.
അനന്തപുരിയുടെ തെരുവുകളെല്ലാം പൊങ്കാല കലങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. കുംഭത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി 10 ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളാണ് പൊങ്കാല മഹോത്സവം. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകരുന്നത് മുതല്‍ നഗരമാകെ ഭക്തിയുടെ അഗ്‌നി ജ്വലിക്കുന്നു. ഉച്ചയോടെ ക്ഷേത്രത്തിലെ പൂജാരിമാര്‍ തീര്‍ത്ഥം തളിക്കുന്നതോടെ വ്രതശുദ്ധിയോടെയുള്ള സമര്‍പ്പണം പൂര്‍ത്തിയാകുന്നു.
കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ ഭഗവതിയുടെ ഐതിഹ്യം. മധുരാ ദഹനത്തിന് ശേഷം കൊടുങ്ങല്ലൂരിലേക്ക് പോകും വഴി കണ്ണകി ആറ്റുകാലില്‍ വിശ്രമിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. ദേവിയെ സ്വീകരിച്ച നാട്ടുകാര്‍ പൊങ്കാല നിവേദ്യം അര്‍പ്പിച്ചതിന്റെ സ്മരണ പുതുക്കാനാണ് എല്ലാവര്‍ഷവും മകര-കുംഭ മാസങ്ങളിലെ മകയിരം നക്ഷത്രത്തില്‍ ആരംഭിച്ച് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. ഇതില്‍ പത്താം ദിവസമാണ് വിഖ്യാതമായ പൊങ്കാല നടക്കുന്നത്.