Latest News

കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് മുന്‍കരുതല്‍

Malayalilife
 കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് മുന്‍കരുതല്‍

ഡോ. സൗമ്യ അജിന്‍ എം.ഡി

കോവിഡ് അതിന്റെ ഭീകരത കേരളത്തിലും തുടങ്ങിവെച്ചു കഴിഞ്ഞു. കേരളത്തില്‍ 30%ത്തോളം രോഗികളുടെ രോഗ ഉറവിടം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. കോവിഡ് രോഗം പിടി തരാതെ ചുറ്റും ഉണ്ടെന്ന് ഓരോ മലയാളികളും മനസിലാക്കുക.
ലക്ഷണങ്ങള്‍ ഇല്ലാതെ പല രോഗികളും നമുക്കിടയില്‍ ഉണ്ടെന്ന് മനസിലാക്കാതെ നാം മലയാളികള്‍ അശ്രദ്ധയോടെ പുറത്തിറങ്ങി നടക്കുന്നു. ഫലമോ നാമറിയാതെ നമ്മുടെ കുടുംബങ്ങള്‍ക്ക് കൂടി രോഗം പകര്‍ത്തി കൊടുക്കുന്നു. ലോകാരോഗ്യ സംഘടന നമ്മുടെ വീട്ടിലെ വൃദ്ധരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത് കോവിഡ് ബാധിച്ചാല്‍ മരണനിരക്ക് കൂടുന്നത് ഈ കൂട്ടരില്‍ ആയതുകൊണ്ടാണ്. കേരളത്തില്‍ കോവിഡ് മരണങ്ങളുടെ രേഖകള്‍ പരിശോധിച്ചാല്‍ അതില്‍ കുഞ്ഞുങ്ങളുടെയും വയോജനങ്ങളുടെയും ലിസ്റ്റ് നിങ്ങള്‍ക്ക് കാണാം. അതിനാല്‍ നമ്മുടെ വയോജനങ്ങളെയും കുഞ്ഞുങ്ങളെയും നിങ്ങള്‍ കാരണം രോഗം പകര്‍ത്താതെ സംരക്ഷിക്കുക.

കുഞ്ഞുങ്ങളിലെ പ്രധാന കോവിഡ് ലക്ഷണങ്ങള്‍ പനിയും ചുമയും ആണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യൂമോണിയ പോലെയുള്ള അവസ്ഥകളിലേക്ക് പോവുന്നു. ചൈനയില്‍ നടത്തിയ പഠനത്തില്‍ കോവിഡ് 19 ബാധിച്ച കുട്ടികളില്‍ പകുതിയിലധികം പേര്‍ക്കും പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തുമ്മല്‍ എന്നീ ലക്ഷണങ്ങളാണ് പൊതുവെ പ്രകടമായത്. കുട്ടികള്‍ക്ക് ഇമ്മ്യൂണിറ്റി കൂടുതലായിട്ടുണ്ട്. എങ്കിലും പെട്ടെന്ന് പനിയും ചുമയും ബാധിക്കുന്ന വിഭാഗമായതിനാല്‍ നല്ല ശ്രദ്ധ കൊടുക്കണം. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാലും രോഗത്തിന്റെ ഏതുഘട്ടത്തിലും പകരാന്‍ സാധ്യത ഉള്ളതിനാലും അതീവ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യവുമാണ്.

 പൊതുവെ ഇമ്മ്യൂണിറ്റി കുറവുള്ള, എപ്പോഴും പനി പോലെയുള്ള ബുദ്ധിമുട്ടുകള്‍ വരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക.അനാവശ്യമായി മറ്റുള്ളവര്‍ കുഞ്ഞിനെ തൊടുന്നതും എടുക്കുന്നതും ഒഴിവാക്കുക .
 കുട്ടികളെ എടുക്കുന്നവര്‍ കൈ നന്നായി സോപ്പിട്ടു കഴുകിയ ശേഷം ചെയ്യുക.
പുറത്തു പോകുമ്പോള്‍ ഒരു കാരണവശാലും കുട്ടികളെ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. രക്ഷിതാക്കള്‍ പുറത്തുപോയി വന്നാല്‍ അണുനാശിനികൊണ്ട് അവരുപയോഗിച്ച വസ്തുക്കളും കൈകളും വൃത്തിയാക്കിയ ശേഷമേ കുട്ടികളെ തൊടാന്‍ പാടുള്ളൂ. കുഞ്ഞിന്റെ വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം ഉപയോഗിക്കുക. പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കുക. ഒന്നര വയസു വരെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍ രോഗപ്രതിരോധത്തിനായി പ്രകൃതിദത്തമായ ഔഷധങ്ങള്‍ കഴിച്ചാല്‍ മുലപ്പാല്‍ വഴി കുഞ്ഞിനും ഇമ്മ്യൂണിറ്റി ലഭിക്കും. പശുവിന്‍പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാലില്‍ അല്‍പം മഞ്ഞള്‍ പൊടി ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.
ജലദോഷം പോലും വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. അതിനായി കുട്ടികളെ കുരുമുളക് കൊടി, തുളസി, ആര്യവേപ്പ്, എന്നിങ്ങനെയുള്ള ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കാം.
കുടിക്കാനായി പച്ചവെള്ളം ഒഴിവാക്കി ഉലുവയോ ജീരകമോ ഇട്ട് തിളപ്പിച്ച വെള്ളം കൊടുത്തു ശീലിപ്പിക്കുക.
ആഹാരത്തില്‍ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ നന്നായി ചേര്‍ത്ത് പാകം ചെയ്യുക.
ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന അപരാജിത ചൂര്‍ണം നിത്യേനെ വൈകുന്നേരം വീട്ടില്‍ പുകയ്ക്കുന്നതും നല്ലതാണ്.

മുതിര്‍ന്നവര്‍ രോഗപ്രതിരോധത്തിനായി ആയുര്‍വേദമരുന്നുകള്‍ അടുത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്നും വാങ്ങി നിത്യേനെ കഴിക്കുന്നത് കുടുംബത്തിന് മുഴുവനായും സംരക്ഷണം നല്‍കും.
കുടുംബങ്ങള്‍ക്ക് മറ്റു ബുദ്ധിമുട്ടുകള്‍ വരികയാണെങ്കില്‍ ഡോക്ടറുടെ സേവനം ആവശ്യമെങ്കില്‍ ആദ്യം ടെലിമെഡിസിന്‍ പോലെയുള്ളവ പ്രയോജനപെടുത്തുക .ഡോക്ടറെ വിളിക്കാനുള്ള നമ്പര്‍ എല്ലാ ദിനപത്രത്തിലും കൊടുക്കാറുണ്ട്. എന്നിരുന്നാലും ഗുരുതരമായ അവസ്ഥയ്ക്ക് ആശുപത്രിയില്‍ നേരിട്ട് തന്നെ പോവുക.
ഒരു കുടുംബത്തിലെ ഒരംഗം വിചാരിച്ചാല്‍ തന്നെ ആ കുടുംബത്തില്‍ രോഗത്തെ ഒഴിവാക്കുവാന്‍ കഴിയും. ഒരാള്‍ ചെയ്യുന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ മറ്റുള്ളവരും പിന്തുടര്‍ന്ന് കൊള്ളും. അധികം പുറത്തേക്ക് പോവാതെ ജൈവ കൃഷി പോലെയുള്ളവയില്‍ ശ്രദ്ധിച്ചു കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവാക്കാം. രോഗപ്രതിരോധത്തിനായി എല്ലാ വൈദ്യമേഖലകളും മരുന്ന് ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. നിങ്ങള്‍ക് അനുയോജ്യമായ പ്രതിരോധമരുന്ന് വാങ്ങി കഴിക്കുക. മരുന്നിനെക്കാളും പ്രധാനം അവനവനെ തന്നെ രോഗവാഹകരില്‍ നിന്നും രക്ഷിക്കുക എന്നതാണ് പ്രധാനം. നമുക്ക് ചുറ്റുമുള്ളവര്‍ എല്ലാം രോഗവാഹകര്‍ ആണെന്ന് സങ്കല്‍പിക്കുക. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് ഏക മാര്‍ഗം എന്ന സത്യം തിരിച്ചറിഞ്ഞു സ്വന്തം കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് കൊറോണ എന്ന മഹാവ്യാധിയെ ഭയെപ്പെടേണ്ടി വരില്ല.
പത്തനംതിട്ട ഗവ.ആയൂര്‍വേദ ആശുപത്രിയിലെ മുന്‍ പ്രോജക്ട് മെഡിക്കല്‍ ഓഫീസറാണ് ലേഖിക
 

Read more topics: # covid,# children
covid and children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES