കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. തങ്ങളെ കൊണ്ട് സാധിക്കുന്നവ സാധിച്ചും കൊടുക്കും. എന്നാല്‍ ചില മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണം നല്‍കുന്നു. തങ്ങള്‍ അടുത്തില്ലാത്തതിന്റെ വിഷമം അറിയാതിരിക്കാനും, തങ്ങളോട് കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ട്ം തോന്നും എന്നെല്ലാമുള്ള തെറ്റായ ധാരണകള്‍ തന്നെയാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇത്തരത്തില്‍ ആവശ്യമില്ലാതെ പണം കുട്ടികള്‍ക്ക് നല്‍കുന്നതിലൂടെ മാതാപിതാക്കള്‍ തന്നെ അവരവരുടെ മക്കളെ നാശത്തിലേക്ക് നയിക്കുകയാണ്.
അതായത് പ്ലാസ്റ്റിക്കും റബ്ബറും ലോഹങ്ങളും ഒക്കെ ഉപയോഗിച്ചുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ക്കൊണ്ട് കളിക്കുന്ന പ്രായം കഴിയുമ്പോഴേക്കും തങ്ങളുടെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന കടലാസ്സുകൊണ്ടുള്ള കളിപ്പാട്ടമായി മാറിയിരിക്കുകയാണ് പണം. ആവശ്യത്തിനും അനാവശ്യത്തിനും വാരിക്കോരി മക്കള്‍ക്ക് പണം നല്‍കുന്നതാണ് സ്‌നേഹത്തിന്റെ ഉത്തമമായ പ്രകടനമെന്ന് ധരിച്ച് വച്ചിരിക്കുന്നതാണ് ഇതിന് കാരണം.
ഹോസ്റ്റലിലും, ബോര്‍ഡിങ്ങിലുമൊക്കെ താമസിക്കുന്ന മക്കള്‍ക്ക് അവര്‍ ആവശ്യപ്പെട്ടതിലുമപ്പുറം ഇഷ്ടം പോലെ പണം അയച്ച് കൊടുക്കുന്നതിലൂടെ തങ്ങള്‍ അടുത്തില്ലാത്ത കുറവ് നികത്താം എന്നാണ് പല അച്ഛനമ്മമാരുടേയും ധാരണ. ഏറ്റവും വിലകൂടിയ വസ്ത്രങ്ങളും, ചെരുപ്പുകളും, മൊബൈല്‍ ഫോണുമൊക്കെ മക്കള്‍ക്ക് സമ്മാനിക്കുമ്പോള്‍ അവര്‍ മാതാപിതാക്കളെ ഒരുപാട് സ്‌നേഹിക്കും എന്നുള്ള പൊട്ടച്ചിന്ത വച്ച് പുലര്‍ത്തുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് !
പണത്തിന്റെ ധാരാളിത്തം കൊണ്ട് നശിച്ച് പോയവരില്‍ ഭൂരിഭാഗവും ആ ശീലം ബാല്യകാലത്ത് തന്നെ ആരംഭിച്ചവരാണ്. അതിന് വളം വച്ച് കൊടുത്തതാവട്ടെ വീട്ടിലുള്ളവരാണെന്നതണ് ദുഃഖകരമായ മറ്റൊരു സത്യം.
അതുകൊണ്ട് കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കൊടുക്കേണ്ട ഒന്നല്ല പണമെന്ന് കുട്ടികളെ ചെറുപ്പത്തിലെ ബോധ്യപ്പെടുത്തണം. മാത്രമല്ല വീട്ടിലെ ബുദ്ധിമുട്ടും പ്രയാസവും പണത്തിന്റെ ലളിതമായ ഉപയോഗത്തിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുക.
സാധനങ്ങള്‍ വാങ്ങാന്‍ മക്കളുടെ പക്കല്‍ പണം കൊടുക്കുമ്പോള്‍ കണക്ക് സഹിതം ബാക്കി തുക തിരികെ വാങ്ങിക്കുക. അഥവാ ബാക്കി രൂപ പോക്കറ്റ് മണിയായി അവര്‍ക്ക് നല്‍കുകയാണെങ്കില്‍ പോലും കണക്ക് ചോദിച്ച് തീര്‍ച്ചപ്പെടുത്തിയിട്ടാവണം നല്‍കാന്‍. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ലാവിഷായി പണം ചിലവഴിയ്ക്കുന്ന അച്ഛനും അമ്മയും മക്കളെ മിതവ്യം പഠിപ്പിക്കാന്‍ ചെന്നാല്‍ ഇളിഭ്യരാകുമെന്നത് മറക്കണ്ട. വടി കൊടുത്ത് അടി വാങ്ങരുത്