ഉംറ നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര തിരിച്ചു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി ഷക്കീല. താരത്തിന്റെ യാത്രയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പര്‍ദ്ദയും തലയില്‍ തട്ടവും ധരിച്ചാണ് ഷക്കീല യാത്രക്കായി ഒരുങ്ങിയത്. അടുത്ത സുഹൃത്തുക്കളാണ് താരത്തെ യാത്രയാക്കിയത്. ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഈ വീഡിയോ പങ്കുവെച്ചത്.
'ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. മിസ് യു മാ,' എന്ന അടിക്കുറിപ്പോടെയാണ് സതീഷ് ക്രിസ്റ്റഫര്‍ വീഡിയോ പങ്കുവെച്ചത്. താരത്തിന്റെ ഈ യാത്ര ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുന്‍പ് നടി മുംതാസുമായി നടത്തിയ സംഭാഷണത്തില്‍ ഷക്കീല ആത്മീയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. താന്‍ വലിയ തെറ്റ് ചെയ്തുവെന്നും അതില്‍ നിന്നും പുറത്തുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല അന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, 'അള്ളാഹു നിങ്ങളെ പുറത്തെത്തിക്കും.
നിങ്ങളതിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ആളുകള്‍ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. അള്ളാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും' എന്നാണ് മുംതാസ് മറുപടി നല്‍കിയത്. ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിയ മുംതാസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞത്.
90-കളില്‍ ബോക്‌സ് ഓഫീസ് അടക്കിവാണ താരമാണ് ഷക്കീല. മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷക്കീല യൂട്യൂബ് ചാനലുകളില്‍ അവതാരകയായും 'കുക്ക് വിത്ത് കോമാളി' പോലുള്ള റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും സജീവമാണ്. അവിവാഹിതയായ ഷക്കീല ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ദത്തെടുത്തിരുന്നു