ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ മോഡല്‍ ഇംഗ്ലീഷ് പരീക്ഷയില്‍ നടന്‍ മോഹന്‍ലാലിന്റെ ജീവിതരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ട ചോദ്യത്തിലെ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ. സാധാരണയായി പ്രമുഖ എഴുത്തുകാരുടെയോ ശാസ്ത്രജ്ഞരുടെയോ ജീവിതരേഖ ചോദിക്കാറുള്ള പരീക്ഷയില്‍ മോഹന്‍ലാലിന്റെ പേര് വന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് മോഹന്‍ലാലിന്റെ ജനനം മുതല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വരെയുള്ള നേട്ടങ്ങളും അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ബഹുമതികളും ഉള്‍പ്പെടുത്തി ജീവിതരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയന്‍, നേര് തുടങ്ങിയ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളും വരാനിരിക്കുന്ന സിനിമകളുടെ സൂചനകളും ചോദ്യത്തിനൊപ്പം നല്‍കിയിരുന്നു. പരീക്ഷാച്ചൂടിനിടെ പ്രിയതാരത്തെക്കുറിച്ചുള്ള ചോദ്യം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായിരുന്നു.
എന്നാല്‍, ചോദ്യത്തിലെ ചില നിര്‍ണ്ണായക വസ്തുതാപരമായ പിഴവുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. 1978-ല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ' വില്ലനായി അരങ്ങേറ്റം കുറിച്ചു എന്ന ചോദ്യത്തിലെ പരാമര്‍ശം തെറ്റാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മോഹന്‍ലാല്‍ അഭിനയരംഗത്തെത്തിയത് 1978-ല്‍ 'തിരനോട്ടം' എന്ന ചിത്രത്തിലൂടെയാണെന്നും 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' പുറത്തിറങ്ങിയത് 1980-ലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൂടാതെ, ജോലി സംബന്ധിച്ച സൂചനയിലുള്ള 'സോ കോള്‍ഡ് സൂപ്പര്‍ സ്റ്റാര്‍' എന്ന പ്രയോഗത്തെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.