കാർട്ടൂൺ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും കാത്തിരുന്ന എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളിക്കുട്ടികളായ അവരുടെ അച്ഛനമ്മാരെ.ആനിമേഷൻ കാർട്ടൂണുകൾ അന്നത്തെ ബാല്യങ്ങളുടെ കളിക്കൂട്ടുകാരായിരുന്നില്ല.അന്ന് അവരുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടായിരുന്നവർ മായാവിയും ലുട്ടാപ്പിയും ഡിങ്കനും പപ്പൂസുമൊക്കെയായിരുന്നു.ഒരൊറ്റ ക്ലിക്കിൽ തോന്നുമ്പോൾ അൺഫ്രണ്ട് ചെയ്യാവുന്ന തരത്തിലായിരുന്നില്ല ആ ബന്ധം.
ഓർമകളുടെ ഭാണ്ഡക്കെട്ട് തുറന്നാൽ എണ്ണിയാൽ ഒടുങ്ങാത്ത സ്മരണകളാണ് ആ കൂട്ടുകാർ എന്റെ തലമുറയിലുള്ളവർക്ക് വാരിക്കോരി തന്നിട്ടുള്ളത്. മുഖപുസ്തക വലയിലൂടെയുള്ള പതിവു യാത്രയിൽ സൗഹൃദ ഭിത്തികളിൽ നാട്ടിയ രാഷ്ട്രീയ ബാനറുകളിലൂടെയും കോലാഹല-തർക്കശാസ്ത്ര ത്തോരണങ്ങൾക്കിടയിലൂടെയും മടുപ്പോടെ നടക്കുമ്പോഴാണ് യാദൃശ്ചികമായി സുഹൃത്തായ മുരളീകൃഷ്ണന്റെ പൂമുഖവരാന്തയിൽ ഭംഗിയായി അലങ്കരിച്ച ഒരു പോസ്റ്റ് കണ്ടത്.
അതിന്റെ തുടക്കമിങ്ങനെയായിരുന്നു.' വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു. ഒരു അമർ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്ഷൻ സഹിതം വായിച്ചു പോകാൻ അപേക്ഷിക്കുന്നു. '
തിരുവിതാംകൂറിന്റെ ചരിത്രവുമായി കൂട്ടിയിണക്കി ശങ്കരൻതമ്പിയിലൂടെ മണിചിത്രത്താഴിനു പുതിയ ദൃശ്യഭാഷ്യം നല്കി സോഷ്യൽമീഡിയയിൽ പുതുട്രെന്റ് സമ്മാനിച്ച ടീം സിന്റെ ക്രിയേറ്റിവിറ്റിക്ക് കയ്യടി നേരത്തേ ലഭിച്ചിട്ടുള്ളതാണ്.ഇപ്പോഴിതാ ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങൾക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യൽമീഡിയയിലൂടെ വീണ്ടും രംഗത്തവതരിപ്പിക്കുന്നു.
കൊള്ളക്കാരായ വിക്രമനും മുത്തുവും, കണ്ടുപിടുത്തങ്ങളെ ദ്രോഹോപകരണങ്ങളാക്കുന്ന ശാസ്ത്രജ്ഞർ ലൊട്ടിലൊടുക്കും ഗുൽഗുൽമാലും ലുട്ടാപ്പിയെന്ന മാസ് ആന്റീഹീറോയുടെ അമ്മാവനായ പുട്ടാലുവും മുഖപുസ്തകത്തിലൂടെ മാസ് എൻടി നടത്തിയിരിക്കുന്ന ഈ പോസ്റ്റ് ഒരു അമർചിത്രക്കഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോ സഹിതം വായിച്ചുപോകുമ്പോൾ മുരളീകൃഷ്ണനും ടീമിനും കൈയടി നല്കാതിരിക്കാൻ നമുക്ക് കഴിയില്ല തന്നെ.