നിനക്ക് നൽകാൻ എന്റെ നെഞ്ചിലെ ചൂടും, എന്റെ വിരൽത്തുമ്പിലെ തണുപ്പും, കണ്ണുകളിൽ ഉറഞ്ഞുകൂടുന്ന വികൃതികളും ബാക്കി. നിന്റെ കപോലങ്ങളിൽ നിറയുന്ന താപം നുകരുവാൻ എന്റെ ചുണ്ടത്ത് ചുംബനമൊട്ടുകൾ വിടരുന്നു.
സ്‌നേഹവുംകൂടി ചാലിച്ച് നീ നല്കുന്നതിനപ്പുറം നൽകുവാൻ ഇനി ആർക്കാകും എന്ന സന്ദേഹം എന്തിനാണ് കള്ളീ നീ എന്നിൽ പടർത്തുന്നത്? എന്നെ ആലിംഗനം ചെയ്ത് നീ നൽകിയ നഖക്ഷതങ്ങൾ കാതിൽ മന്ത്രിക്കുന്ന ചെറുകഥകൾ ഒരു തൂവൽസ്പർശം പോലെ ഹൃദയതന്ത്രികളെ തരളിതമാക്കി ഏതോ ചെറു സംഗീതം അറിയാതെ പൊഴിച്ചുപോകുന്നല്ലോ.
എന്റെ ചുംബനത്തിന്റെ തഴമ്പുകൾ നിറഞ്ഞ നിന്റെ മൂർദ്ധാവിൽനിന്നും ജനിക്കുന്ന സുഗന്ധം എന്റെ സ്‌നേഹമേ... എന്നെ ഉന്മത്തനാക്കുന്നതെന്താണ്?എന്റെ നെഞ്ചിലെ കുറുകലിലേക്ക് ചായുന്ന നിന്റെ മുഖം എന്നോട് പറയാതെ പറയുന്ന നൊമ്പരചിന്തുകൾ ഞാൻ എന്റെ ഇടകയ്യാൽ നിന്റെ കാർകൂന്തൽ തഴുകി, തഴുകി മായ്ക്കാൻ ശ്രമിക്കട്ടെ?
നിന്റെ ചാരെ ഞാൻ നിൽക്കുമ്പോൾ എന്റെ നഷ്ടങ്ങൾ ഒന്നുമല്ലാതായിത്തീരുന്നതെന്താണ്? നേടിയതും നേടാനുള്ളതും എല്ലാമെല്ലാം നിന്റെ ഇളംമേനിയിൽ തലോടുമ്പോൾ എന്നിൽനിന്നും അകന്നകന്ന് പോകുന്നതെന്താണ്? നിന്റെ സ്പർശം എന്നെ ഒരു മാന്ത്രികദ്വീപിലേക്ക് നയിച്ച് എനിക്കിത്രനാൾ നഷ്ടമായത്തിന്റെ പതിന്മടങ്ങ് പകർന്നുനൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
ഇനിയെങ്കിലും പറയുമോ നീ ആരാണെന്ന്? എന്താണെന്ന്?
കള്ളചിരിയിൽ നീ ഉത്തരം ഒളിപ്പിക്കാൻ ശ്രമിക്കേണ്ട. എനിക്കറിയാം ഞാനീ പറഞ്ഞതെല്ലാം എന്നെക്കൊണ്ടുതന്നെ മാറ്റിപ്പറയിപ്പിക്കാൻ നിനക്ക് ഒരു കാരണം മതി.
ഒരേ ഒരു കാരണം....
ശമ്പളം കിട്ടുമ്പോൾ കയ്യിൽ സ്‌നേഹം മാത്രം പൊതിഞ്ഞു നിനക്ക് കൊണ്ടുതന്നാൽ മതി!
പിന്നെ നീ ഇരുണ്ടോളും... കറുത്തോളും.. കറുത്തവാവും വന്നോളും. ചന്ദ്രനും താരങ്ങളും ഇല്ലാത്ത മാനത്ത് നോക്കിക്കൊണ്ട് ഞാൻ അന്തിച്ചുനിൽക്കേണ്ടിവരും.
അതുകൊണ്ട് പ്രിയേ.... എന്റെ മുത്തേ, ഞാൻ തിരക്കിലാണ്. ആദ്യം നിന്നെ നേടാനുള്ള ധനം നേടട്ടെ. പിന്നെ വന്നു ഞാൻ നിന്നെ പ്രാപിച്ചോളാം.