'ജയശ്രീ നിന്റെ മുടിയിൽ ഞാനൊന്ന് തൊട്ടോട്ടെ'
എന്തിനാ?'
'വെറുതെ'
'വെറുതെയോ?'
'ഉം'
'വെറുതെ എന്തിനാ തൊടുന്നെ? എന്തേലും കാര്യമുണ്ടേൽ തൊട്ടോ?'
ഞാനന്നു സംശയിച്ചു. എന്താണ് കാര്യം?
പിന്നെ ഞാനെന്റെ വലതുകരം നീട്ടി മുൻബെഞ്ചിലിരിക്കുന്ന അവളുടെ തലമുടിയിൽ തൊട്ടു. നിതംബംവരെയും കറുത്തിരുണ്ട് കൂടിക്കിടക്കുന്ന ജയശ്രീയുടെ മുടി കാണുമ്പോളൊക്കെ ഞാൻ ഇഷ്ടത്തോടെ നോക്കും.
ജയശ്രീ പുറകോട്ട് തിരിഞ്ഞു. എന്നെ സൂക്ഷിച്ചു നോക്കി. എന്റെ കൈ അപ്പോളും അവളുടെ കാർകൂന്തലിൽ ഇഴയുകയായിരുന്നു.
'കാരണം പറഞ്ഞില്ല..'
ഞാൻ ചിരിക്കാൻ ശ്രമിച്ചില്ല. കവിളിലെത്തുംമുമ്പ് മുമ്പ് ആ ചിരി ആവിയായിപ്പോയി.
'നിന്റെ മുടിയിലെ തുളസിക്കതിർ കണ്ടിട്ട് ഇഷ്ടം തോന്നീട്ട്'
'ഉവ്വോ?'
'ഉം'
'എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ?'
'എന്താ?'
'തുളസിക്കതിർ ചൂടിവരാൻ ഒരുകാരണമുണ്ട്. കഴിഞ്ഞാഴ്ചയിൽ താൻ പറഞ്ഞില്ലേ, 'ജയേ, നിന്റെ മുടിയിൽ തുളസിക്കതിർ ചൂടിവന്നാൽ നല്ല ചന്തമായിരിക്കുന്ന്. മറന്നു പോയി അല്ലേ?'
ഞാൻ ചിരിച്ചു. ആ ചിരി ആവിയായിപ്പോയില്ല.
'ഓ... നമ്മൾ പറഞ്ഞാലും പെണ്ണുങ്ങൾ അനുസരിക്കുമോ?'
'ഓ അങ്ങനെയൊന്നുമില്ല. ചുമ്മാ തോന്നി. അപ്പോൾ താൻ പറഞ്ഞതോർത്തു. എന്നാപ്പിന്നെ ആയിക്കോട്ടേന്നുകരുതി'
'ഗുഡ്' ഞാൻ ചിരിക്കാൻ ശ്രമിച്ചതേയുള്ളു.
'നളചരിതം ആട്ടക്കഥ...'
കൃഷ്ണൻകുട്ടിസാർ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്താൽ ചീറിയടിച്ച് കയറിവന്ന മഴപോലെ ക്ലാസ്സിലിലെത്തി ദൗത്യം തുടങ്ങി.
സാർ നളചരിതം ആടുമ്പോൾ എന്റെ കൈ ജയയുടെ മുടിയിൽ തന്നെയായിരുന്നു. ബഞ്ചിനുപുറകിലൂടെ. ഇടയ്ക്കവൾ എന്നെ ഒന്നുതിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. അപ്പോൾ ആ കണ്ണുകൾക്ക് എന്നോടെന്തോ പറയാൻ ബാക്കിയുണ്ടെന്നെനിക്ക് തോന്നിപ്പോയി.
'നിനക്ക് വേറെ പണിയൊന്നുമില്ലെഡേയ്?'
സുനിലാണ്. അവനും ജയയും മുന്നാളാണ്. അതിന്റെ കലിപ്പാണവന്. ജയയുടെ മുടി അവന് ഇഷ്ടവുമല്ല. അവനിഷ്ടം സിന്ധുവിനെയാണ്. സിന്ധുവിനും മുടിയുണ്ട്. പക്ഷേ നീളം ജയയുടെ അത്രയുമില്ല. എന്നാൽ കുഴപ്പം അതല്ല, അവളുടെ തലയിൽ നിറയെ പേനാണ്. പേൻപുഴുപ്പി എന്നാണ് ജയ രഹസ്യമായി അവളെ വിളിക്കുന്നത്. ഞാനും കണ്ടിട്ടുണ്ട് - സിന്ധുവിന്റെ തലയിലൂടെ പേനുകൾ മുങ്ങാകുഴിയിട്ടു നീന്തുന്നത്.
'പോടാ... നീയാ പേൻപുഴുപ്പിയുടെ തലേൽപോയിപ്പിടി'
അവൻ മിണ്ടിയില്ല.
'സൈലൻസ്..' കൃഷ്ണൻകുട്ടി സാർ ക്ലാസ്സിൽപറയുന്ന ആകെയുള്ള ആംഗലേയം സൈലൻസറില്ലാതെ ചെവിയിൽ വന്നു പതിച്ചു.
****** ****** *****
'ഡാ.. നീയെനിക്ക് ബുക്കുതന്നില്ല'
'നാളെയാകെട്ടെടീ. ഓ.വി വിജയൻ മതിയോ?'
'വേണ്ട..'
'കാര്യം?'
'ഓ.. അയ്യാളുടെ നോവൽ തുടങ്ങുന്നത് തന്നെ രാജാവ് അപ്പിയിടുന്നതിനെപ്പറ്റിയാ... നിക്ക് വേണ്ടാ'
ഹ്യുമർസെൻസ്! സ്ത്രീകളിലേറ്റം തമാശപറയുന്നവളേ... ഞാനത് മനസ്സിൽ പൂർത്തിയാക്കിയില്ല.
'വായിക്കാൻ കൊള്ളാവുന്നത് വല്ലതും കൊണ്ടു താ'
അടുത്ത ദിവസം ഞാൻ ജയശ്രീക്ക് 'ദൈവത്തിന്റെ വികൃതികൾ' കൊണ്ടുകൊടുത്തു. അവളുടെ കവിൾ തുടുത്തു. കണ്ണുകൾ വിടർന്നു.
'എം. മുകുന്ദന്റെ ബുക്കൊന്നും ഇതുവരെ വായിച്ചിട്ടില്ല. വായിച്ചു നോക്കട്ടെ, എന്നിട്ട് പറയാം'
'ആയിക്കോട്ടെ..'
ബുക്കും വാങ്ങി പിരിയുമ്പോൾ ചോദിച്ചു.
'ഇന്ന് തലയിൽ ചൂടിയിരിക്കുന്ന പൂ കണ്ടോ?'
'കണ്ടിരുന്നു. അതിന് കേരള സാഹിത്യ അക്കാദമി അവാർഡും മനസ്സിൽ കൊടുത്തല്ലോ..'
'താങ്ക്‌സ്. എന്നാൽ ഒരുകാര്യം കൂടി ചോദിച്ചുകൊള്ളട്ടെ? താൻ എതിരുപറയരുത്'
'എന്നതാ?' ഞാൻ കുതുകം പൂണ്ടു.
'വരുന്ന തിങ്കളാഴ്ച എന്റെ ജന്മദിനമാ. എന്റെ കൂടെ ഊരമ്മൻകോവിലിൽ വരുമോ?'
ഞാനൊന്നും മിണ്ടാതെ നിന്നു. സത്യത്തിൽ എന്റെ പകുതി മനസ്സുമാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
'ഊരമ്മൻകോവിലിൽ.....'
'വരാല്ലോ ... ക്ലാസ്സ് കട്ടുചെയ്യണോ ?'
'പിന്നെ ചെയ്യാതെ? അന്നത്തെ ദിവസം എനിക്ക് തരണം. കോവിലിൽ പോയി ഒന്ന് പ്രാർത്ഥിക്കണം, സിറ്റിയിൽ ഒന്ന് കറങ്ങണം, എവർഗ്രീനിൽ പോയി ഒന്ന് കഴിക്കണം. എല്ലാം എന്റെ ചെലവ്..'
'ജയ ... സത്യത്തിൽ ഇത് നിന്റെ ജന്മദിനമോ അതോ...?'
'ന്റെ തലമുടീടെ ..' ജയ ചിരിച്ചപ്പോൾ അവളുടെ മുല്ലപ്പൂദന്തങ്ങളും, ചുണ്ടുകളും പറയാൻ എന്തോ ബാക്കിവച്ചിരുന്നതുപോലെ തോന്നി.
കാച്ചെണ്ണയുടെ ഗന്ധം സമ്മാനിച്ച് ജയശ്രീ നടന്നകന്നു. ആ പോക്കിൽ അവൾ ദർഭമുനകൊണ്ടെന്നപോലെ എന്നെ ഒന്ന് തിരിഞ്ഞുനോക്കിയാലോ എന്ന് ഞാൻ ശങ്കിച്ചുപോയി.
******** ******* ************
പത്തനംതിട്ട ഊരമ്മൻ കോവിലിനു മുമ്പിലുള്ള ആൽത്തറയിലെ ഇരുപ്പ് പുതുതല്ല. മനസ്സ് ശാന്തമാക്കാനും, ചിന്തകൾക്ക് മേച്ചിൽപ്പുറംതേടാനും എനിക്കിഷ്ടപ്പെട്ട സ്ഥലമിതാണ്. തലയ്ക്ക് മുകളിൽ പക്ഷികളുടെ കളകള നാദം, മഴത്തുള്ളികൾ പോലെ പൊഴിയുന്ന ആലിൻകായ്കൾ ലക്ഷ്യമില്ലാതലയുന്ന പോലെ കണ്ണെത്തും ദൂരെ ആൾത്തിരക്ക്, അനുരാഗ് തിയേറ്ററിലെ രഹസ്യസങ്കേതത്തിലേക്കെന്നപോലെ തോന്നിക്കുന്ന ടിക്കറ്റ് കൗണ്ടർ.
'ഒത്തിരി നേരമായോ?'
ഞാൻ തലയൊന്നുയർത്തി. ശകുന്തള മുന്നിൽ പ്രത്യക്ഷയായിരിക്കുന്നു.
'ഏയ്.. ല്ല '
'വരൂ..'
ഞാനെണീറ്റ് ജയയോടൊപ്പം നടന്നു. പോകുന്ന പോക്കിൽ ഞാൻ പറഞ്ഞു.
'ഡോ .. ഞാനൊരച്ചായനാ, എനിക്കീ അമ്പലത്തിലെ ചടങ്ങുകൾ ഒന്നും അറിയില്ല. താൻ മുമ്പിൽ നിന്നോണം. ഞാൻ തന്നെ ഇമിറ്റേറ്റ് ചെയ്‌തോളാം'
'ഓ .. ആയിക്കോട്ടെ. ഞങ്ങൾക്ക് വലിയ ചടങ്ങുകൾ ഒന്നുമില്ല മാഷേ, സിംപിൾ. ആ ക്യൂവിൽ നിൽക്കുക, കണ്ണടച്ചൊന്നു പ്രാർത്ഥിക്കുക, പ്രസാദംവാങ്ങിപ്പോരുക. അല്ലാതെ അച്ചായന്മാരെപ്പോലെ വിശുദ്ധന്മാരുടെ പ്രതിമയോട് മത്സരിച്ച് കുറ്റിയടിച്ച് നിൽക്കണ്ടതില്ല'
'പറയാൻ മറന്നു.. ഒരച്ചായന്റെ ജന്മദിനാശംസകൾ. ഹിന്ദുപെൺകുട്ടിക്ക്..'
അവളുടെ വാക്കുകൾ സത്യമായിരുന്നു. എല്ലാം പെട്ടെന്ന് കഴിഞ്ഞു. കണ്ണടച്ച് കൈകൾകൂപ്പിനിൽപ്പും, പ്രസാദം വാങ്ങലും എല്ലാം. തിരികെ ആൽത്തറയിൽ എത്തിയപ്പോൾ ജയ പറഞ്ഞു.
'തനിക്ക് ഞാൻ കുറിയിട്ട് തരാം'
അവൾ എന്റെ നെറ്റിയിൽ കുറിതൊട്ടു. ചന്ദനതിന്റെ ഒപ്പം അവളുടെ സ്പർശനം കുളിരണിയിക്കുന്നതായിരുന്നു. അപ്പോൾ മനസ്സ് മന്ത്രിച്ചു. 'വിഡ്ഡീ, ഈ പെൺകുട്ടി നിന്റെ സുഹൃത്ത് മാത്രമാണ്. കേവലം സഹപാഠി മാത്രം.. കാമുകി അല്ല'
'എന്തേ ചിന്തിക്കുന്നെ ?'
'ഒന്നൂല്ല. നെറ്റിയിലൊരു കുളിര് '
'നല്ലത്. തന്റെ മനസ്സൊന്ന് തണുക്കട്ടെ'
ഞാനൊന്ന് ഞെട്ടി. മനസ്സിന്റെ ചൂട് അവൾ എങ്ങിനെ അറിഞ്ഞു?
ഞങ്ങൾ നടന്നു. അവൾ പറഞ്ഞത് സത്യമായിരുന്നു. അന്നേ ദിവസം അവളുടെ മാത്രമായിരുന്നു. ഞാൻ യന്ത്രവും.
ഡി.സി ബുക്സിന്റെ പുസ്തകമേള, ഒന്നുരണ്ട് പി.എസ്.സി. അപേക്ഷ അയക്കൽ, എവർഗ്രീനിൽ ഉച്ചയൂണ്, പിന്നെ എയ്ഞ്ചൽ ഐസ്‌ക്രീം പാർലറിലെ ചെറുകസേരകളിൽ ഫ്രൂട്‌സലാഡ് കാത്തിരിപ്പ്.
'അങ്ങിനെ ടീനേജ് വിടപറഞ്ഞു' വെട്ടിമിനുക്കി പോളീഷ് സുന്ദരമാക്കിയ വിരലുകൾ കൊണ്ട് മേശയിൽ താളംപിടിച്ചവൾ പറഞ്ഞു.
'വലിയ പെണ്ണായി' ഞാൻ ആ താളം ഏറ്റുപിടിച്ചു.
'അതൊക്കെ എന്നെയായി...എല്ലാമാസവും അതിന്റെ അനുസ്മരണവും നടക്കുന്നുണ്ട്' അതുംപറഞ്ഞവൾ എന്നെ കളിയാക്കാനെന്നപോലെ ചിരിച്ചു. അവളുടെ മുല്ലമൊട്ടുകൾ ചുണ്ടുകളുടെ ശ്രീകോവിൽ തുറന്നു ദർശനം നൽകി.
എയ്ഞ്ചൽ അണ്ണാച്ചി ഫ്രൂട്‌സലാഡ് കൊണ്ടുവച്ചു. അതിന്റെ മുകളിൽ അലങ്കാരമായിക്കിടന്ന ചെറിപ്പഴം ഞാൻ വായിലേക്കിട്ടു.
ജയ ഞാൻ വാങ്ങിയ ബുക്കുകൾ മറിച്ചുനോക്കികൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ പറഞ്ഞു.
'ദൈവത്തിന്റെ വികൃതികൾ വായിച്ച് തുടങ്ങി... എന്തോ അത്ര സുഖമില്ല'
ഞാൻ ഒന്നും മിണ്ടാതെ ആ വിരൽത്തുമ്പുകളിലെ സൗന്ദര്യം ഊറ്റിക്കുടിക്കുകയായിരുന്നു.
'ഇതിനു മുമ്പ് താൻ തന്ന ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള നമ്മൾ പറയുന്നപോലെയൊന്നുമില്ല. എനിക്കത് വായിച്ചിട്ട് പേടിയൊന്നും തോന്നീല്ല...'
'ഉം' ഞാൻ മൂളി.
'പിന്നെ താൻ കഴിഞ്ഞമാസം ഒരു സാധനം തന്നില്ലേ..'മരുഭൂമികൾ ഉണ്ടാകുന്നത്'? എന്ത് സാധനമാ മാഷേ അത്? നോവലോ അതോ നോവലോ? പ്രബന്ധം എഴുതിവച്ചിട്ട് നോവലെന്ന പേരിട്ടാൽ വായനക്കാർ വന്ന് വാങ്ങിക്കോളുമല്ലോ..'
'ഉം..' എന്റെ വായിൽ അപ്പോളും ഫ്രൂട്‌സ്‌ലാടും, കണ്ണിൽ നെയിൽപോളിഷ് പുരട്ടിയ വിരലുകളുമാണ്.
അവൾ എന്റെ കൈയിൽ കയറിപിടിച്ചുകൊണ്ട് പറഞ്ഞു 'ടോ .. താനെനിക്ക് വായിക്കാൻ കൊള്ളാവുന്ന എന്തേലും കൊണ്ടുത്തരുമോ? തന്റെ പുലരി ഗ്രന്ഥശാലയിൽ പറ്റിയവല്ലതും ഉണ്ടോ?'
ഞാൻ കണ്ണുകൾ ഉയർത്തി. ജയേ, നിന്റെ കണ്ണുകൾ എന്താണാഗ്രഹിക്കുന്നത്?
'തനിക്ക് പറ്റിയ ബുക്കേതാ ? എഴുത്തുകാരനാരാ?' ഞാൻ ചോദിച്ചു.
അവൾ ഒന്ന് നിശബ്ദയായി. ചുറ്റും ഒന്നുകണ്ണോടിച്ചു. ഐസ്‌ക്രീം പാർലറിൽ ഞങ്ങൾ മാത്രമേയുള്ളൂ. അണ്ണാച്ചി പണിയിലാണ്. കൈ മേശയിലൂന്നി അവൾ എന്നിലേക്കടുത്തു. എന്നിട്ട് ശബ്ദമടക്കി പറഞ്ഞു.
'പമ്മന്റെ ബുക്കുകൾ തന്റെ ലൈബ്രറിയിൽ ഉണ്ടോന്ന് നോക്ക്.. എനിക്കതുവേണം'
മനസ്സിലെ കൊള്ളിയാൻ മാറുന്നതിന് മുമ്പ് ഞാൻ ജയയുടെ മുഖത്ത് സൂക്ഷിച്ച് നോക്കി. അവൾ ഊറിച്ചിരിക്കുകയായിരുന്നു. നെയിൽപോളിഷ് വിരലുകൾ അപ്പോളും താളംപിടിച്ചുകൊണ്ടിരുന്നു. ഞാൻ എന്നോട്തന്നെ ചോദിച്ചു 'ജയേ, ഇതാണോ നിന്റെ നയനങ്ങളിൽ ഒളിപ്പിച്ചുവച്ചിരുന്നത്?'
'പമ്മന്റെ നോവലുകൾ' അവൾ ഊന്നിപ്പറഞ്ഞു.
അപ്പോൾ എന്റെ മനസ്സ് അപ്പൂപ്പൻതാടി പോലെ ഭാരമില്ലാതായി. അത് പറന്നുപറന്ന് അങ്ങ് ചുട്ടിപ്പാറയുടെ മേൽ ചെന്നുനിന്നു. എന്നിട്ട് താഴെക്കൊന്നു നോക്കി. ഊരമ്മൻ കോവിലിൽ, വലിയ ആൽത്തറ, കിളികൊഞ്ചലുകൾക്ക് പകരം കാക്കകളുടെ 'കാ... കാ....' കരച്ചിൽ മാത്രം.
അപ്പോൾ ആൽത്തറയിൽ മഴത്തുള്ളികൾ പോലെ ആലിൻകായ്കൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.