തന്റെ ഏക സംവിധാന സംരംഭത്തെക്കുറിച്ച് മനസ്സ് തുറന്ന് മലയാള സിനിമയിലെ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് സിനിമള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍. ദിലീപ് നായകനായി 2003-ല്‍ പുറത്തിറങ്ങിയ 'പട്ടണത്തില്‍ സുന്ദരന്‍' എന്ന ചിത്രം തന്റെ കരിയറിലെ ഒരു 'അബദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ഏക ചിത്രമാണിത്.
സിനിമ സാമ്പത്തികമായി വിജയിച്ചെങ്കിലും തന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന സങ്കടം അദ്ദേഹം മറച്ചുവെച്ചില്ല. 'അങ്ങനെയൊരു അബദ്ധം ഞാന്‍ ചെയ്തുവച്ചു. സിനിമ ഞാന്‍ വിചാരിച്ചത് പോലെ കത്തിയില്ല. പടം ഓടുകയും നല്ല അഭിപ്രായം വരികയും ചെയ്തു. പക്ഷേ, എങ്കിലും ഞാന്‍ വിചാരിച്ചത് മാതിരിയല്ല ആ സിനിമ വന്നത്. സിന്ധുരാജ് എന്ന പുതിയ എഴുത്തുകാരനായിരുന്നു അന്ന്. ആ ചിത്രം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,' വിപിന്‍ മോഹന്‍ പറഞ്ഞു.
സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തോടെയല്ല ആ പ്രോജക്റ്റിലേക്ക് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിന്ധുരാജ് പറഞ്ഞ കഥ ഇഷ്ടപ്പെട്ട വിപിന്‍ മോഹന്‍ ഇത് ചെയ്യാന്‍ പല സംവിധായകരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവില്‍ ദിലീപ് ആണ് 'വിപിന്‍ ചേട്ടന്‍ ചെയ്താല്‍ പോരേ' എന്ന് ചോദിച്ചത്.
അങ്ങനെ ദിലീപിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് സംവിധായകന്റെ കുപ്പായമിട്ടതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. ഇനി ഒരു ചിത്രം കൂടി സംവിധാനം ചെയ്യണമെന്ന് തോന്നിയില്ലേ എന്ന ചോദ്യത്തിന് 'അതോടെ എനിക്ക് മതിയായി' എന്നായിരുന്നു വിപിന്‍ മോഹന്റെ ചിരിയോടെയുള്ള മറുപടി. 2024-ലാണ് ഛായാഗ്രാഹകനായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിലെത്തിയത്.