Latest News

കുഞ്ഞിനെ സോഫയില്‍ കിടത്തി പാലു കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്;നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി;ജോലിക്കാരിയെ പറഞ്ഞു വിട്ടു; ആ കാലത്ത് ഞാന്‍ ഡിപ്രഷനില്‍;ദോശ ഉണങ്ങിപ്പോയെന്ന് പറഞ്ഞ് രതീഷേട്ടന്‍ പടം വിട്ടുപോയി; ആ പടം നിന്ന് പോയി;സജീവമായി നിന്നിരുന്നെങ്കില്‍ നസ്രിയ ഉഗ്രന്‍ നടിയായേനെ;  മനസ്സ് തുറന്ന് നടി ഉര്‍വശി 

Malayalilife
കുഞ്ഞിനെ സോഫയില്‍ കിടത്തി പാലു കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്;നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി;ജോലിക്കാരിയെ പറഞ്ഞു വിട്ടു; ആ കാലത്ത് ഞാന്‍ ഡിപ്രഷനില്‍;ദോശ ഉണങ്ങിപ്പോയെന്ന് പറഞ്ഞ് രതീഷേട്ടന്‍ പടം വിട്ടുപോയി; ആ പടം നിന്ന് പോയി;സജീവമായി നിന്നിരുന്നെങ്കില്‍ നസ്രിയ ഉഗ്രന്‍ നടിയായേനെ;  മനസ്സ് തുറന്ന് നടി ഉര്‍വശി 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ഉര്‍വശി അഭിനയിച്ചു തീര്‍ത്തത് ഒട്ടനവധി വേഷങ്ങളാണ്. ഇപ്പോള് നടി നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.കുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള സമയത്തെക്കുറിച്ചാണ് ഉര്‍വശി പങ്കിട്ടത്.

ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള കാലം ഡിപ്രഷനിലായിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. കുഞ്ഞിനെ വീട്ടിലെ ജോലിക്കാരെ ഏല്‍പ്പിച്ച് ഷൂട്ടിന് പോയപ്പോഴുണ്ടായ ദുരനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഡിപ്രഷനിലായിരുന്നു. എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ലായിരുന്നു. കുഞ്ഞിനെ വീട്ടില്‍ ജോലിക്കാരുടെ അടുത്ത് ആക്കിയിട്ടാണ് വരുന്നത്. അവര്‍ കുഞ്ഞിന് പാല് ഫ്രഷ് ആയിട്ടാണോ കൊടുക്കുന്നതെന്നൊക്കെയാണ് ചിന്ത. ഒരു ദിവസം ഷൂട്ടില്‍ നിന്നും അന്തം വിട്ട് ഞാന്‍ ഓടി വന്നു. പ്രസവത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു. ഓടി വന്നപ്പോള്‍ കാണുന്നത് ഞാന്‍ വിചാരിച്ചത് പോലെ നടക്കുന്നതാണ്.'' ഉര്‍വശി പറയുന്നു.

''കുഞ്ഞിനെ സോഫയില്‍ കിടത്തി പാലു കൊടുത്തു കൊണ്ട് അവര്‍ സീരിയല്‍ കാണുകയാണ്. ആറ് മണിയ്ക്ക് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ല. അന്ന് പക്ഷെ അഞ്ച് മണിക്കേ ഞാന്‍ വന്നു. നോക്കിയപ്പോള്‍ പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് എങ്ങാണ്ട് കലക്കി വച്ചിരിക്കുന്നതാണ്. തൈര് പോലുള്ള പാല് കൊച്ച് തുപ്പുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരെ പറഞ്ഞു വിട്ടു. ഇപ്പോള്‍ തന്നെ ഇറങ്ങിക്കോളാന്‍ പറഞ്ഞു. പിറ്റേന്ന് മുതല്‍ എനിക്ക് അങ്കലാപ്പാണ്.'' എന്നും ഉര്‍വശി പറയുന്നു.

അതിനാല്‍ കഴിയുന്നതും കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. അപ്പച്ചിയാണ് കുഞ്ഞിനെ നോക്കിയത്. ഇടയ്ക്ക് അപ്പച്ചി നാട്ടില്‍ പോയി വരുന്ന ഗ്യാപ്പിലാണ് ഇതൊക്കെ നടക്കുന്നത്. അതൊക്കെ വലിയ ഡിപ്രഷനും പ്രശ്നവുമാണ്. സ്‌കൂളില്‍ പോകുന്നത് വരെ മകനെ ഞാന്‍ കൊണ്ടു നടന്നാണ് നോക്കിയത്'' എന്നും താരം പറയുന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു രതീഷുമായുള്ള രസകരമായൊരു ഓര്‍മയും നടി പങ്ക് വച്ചു.തിരക്കുള്ള നടനായിരുന്നു ഒരു കാലത്ത് രതീഷ്. ഒരേ സമയം ഒന്നിലധികം സിനിമകള്‍ ചെയ്തിരുന്ന കാലം. അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ചിരുന്ന സിനിമയുടെ സെറ്റില്‍ നിന്നും മുങ്ങാന്‍ രതീഷ് ചെയ്ത സൂത്രപ്പണിയെക്കുറിച്ചാണ് ഉര്‍വശി സംസാരിക്കുന്നത്.

''ഒരു ഹീറോ സിനിമ വിട്ടിട്ടു പോയ കാരണം കേള്‍ക്കണം. എനിക്ക് തന്ന ദോശ ഉണങ്ങിപ്പോയെന്ന് പറഞ്ഞ് രതീഷേട്ടന്‍ പടം വിട്ടുപോയി. ചിരിച്ചു മണ്ണ് കപ്പും രതീഷേട്ടന്റെ കാര്യങ്ങള്‍ കേട്ടാല്‍. ഒരേ സമയത്ത് കുറേ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തേലും കാരണമുണ്ടാക്കി മുങ്ങണം. എന്താ മോളെ കഴിക്കാന്‍ എന്ന് ചോദിച്ചു. നോക്ക് രതീഷേട്ടാ, അവര്‍ വെളുപ്പിന് വാങ്ങിച്ചു കൊണ്ടു വന്ന ദോശയാണ്. ഏഴ് മണിക്കൊരു സീന്‍ അഭിനയിച്ചു കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ ഉണങ്ങിയിരിക്കുന്നു. സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തിട്ടും കഴിക്കാന്‍ പറ്റുന്നില്ല'' ഉര്‍വശി പറയുന്നു.

ചേട്ടന്‍ വാങ്ങിച്ചോണ്ട് വരാം മോളെ എന്നും പറഞ്ഞ് വണ്ടിയുമെടുത്ത് പോയി. ഞാന്‍ അവിടെ ഇരുന്നു. ചേട്ടന്‍ വാങ്ങി കൊണ്ടു വന്ന് കഴിച്ചിട്ടേ പോകുന്നുള്ളൂ. സംവിധായകന്‍ സാജന്‍ ആണ്. സാജന്‍ ചേട്ടന്‍ വന്നു. മോളെ രതീഷ് എവിടെ? എന്ന് ചോദിച്ചു. എനിക്ക് ദോശ വാങ്ങിക്കാന്‍ പോയതാണെന്ന് ഞാന്‍ പറഞ്ഞു. ദോശ വാങ്ങിക്കാനോ, അതിന് ഇവിടെ എവിടെ കട? എന്ന് അദ്ദേഹം ചോദിച്ചു. നോക്കിയപ്പോള്‍ ചേട്ടന്റെ കാര്‍ ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങിപ്പോവുകയാണ്. തൊട്ട് മേലെ തട്ടുകടയുണ്ടായിരുന്നു. എനിക്ക് അവിടുന്ന് ദോശ വങ്ങി തന്നാല്‍ മതിയായിരുന്നു. ചേട്ടന്‍ പോയി. ആ പടവും നിന്നു,' ഉര്‍വശി പറയുന്നു.

ബേബി ശ്യാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന ചിത്രത്തെക്കുറി്ച്ചും നടി പങ്കിട്ടു. കുഞ്ഞ് കുഴല്‍കിണറില്‍ വീഴുന്ന സീന്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിടിപ്പാണെന്ന് പറയുകയാണ് ഉര്‍വശി. ഷോര്‍ട്ട് എടുക്കുമ്പോള്‍ ശ്യാമിലിയുടെ വീഴ്ച കണ്ട് അലറി വിളിച്ചുവെന്നും അവള്‍ മരിച്ചെന്ന് കരുതിയെന്നും ഉര്‍വശി ഓര്‍ത്തെടുക്കുന്നു.

ആ കുട്ടിയെ വച്ച് ഷോട്ട് എടുക്കുകയാണ്. നാല് വയസേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ട് ചെയ്ത് കഴിഞ്ഞാലുടന്‍ അഞ്ചലി എന്ന ചിത്രത്തിന് വേണ്ടി ആ കുട്ടിയെ അച്ഛന്‍ റിഹേഴ്‌സല്‍ ചെയ്യിപ്പിക്കുകയാണ്. ഒന്നാമതെ വളരെ ചെറിയൊരു കുഞ്ഞാണത്. അഞ്ചലിയുമായി സാമ്യമുള്ളൊരു ചൈനീസ് പടം വീഡിയോ കാസറ്റില്‍ ഇട്ട് കാണിച്ച് കൊടുക്കുകയാണ്. അതുപോലെ അഭിനയിക്കാന്‍ പഠിപ്പിക്കുകയാണ്. അപ്പോള്‍ മാളൂട്ടിക്ക് വേണ്ടി ആ കിണറില്‍ വീഴുന്ന സീന്‍ എടുക്കുകയാണ്. കമിഴ്ന്ന് വീഴാന്‍ പറഞ്ഞാല്‍ കുട്ടി അങ്ങനയെ ചെയ്യൂ. അത്രയെ അറിയുള്ളൂ. ഒരു കുട്ടിക്ക് ഇടുങ്ങി മാത്രം ഇരിക്കാന്‍ പറ്റുന്ന കുഴിയാണ് എടുത്തിരിക്കുന്നത്. ഇതിലെങ്ങനെ അവള്‍ വീഴും. എങ്ങനെ അഭിനയിക്കും. 

ആ ഷോട്ടിന്റെ സമയത്ത് എന്റെ നെഞ്ചിടിച്ചോണ്ടിരിക്കുകയാണ്. അറിയാതെ ബോധം കെടുന്ന ഷോട്ടുണ്ട്. കൊച്ച് അതില്‍ വീഴുമ്പോള്‍ പരവേശവും വെപ്രാളവും വന്നുപോയി. കുഴി എടുത്തതിന് പുറത്ത് ആദ്യം കരിയിലയും പുല്ലുമൊക്കെ ഇട്ട് മറച്ചു. ഈ കുഴി എടുക്കുന്നത് കുട്ടി കാണുകയും ചെയ്തു. അപ്പോള്‍ ഷോര്‍ട്ട് എടുക്കുമ്പോള്‍ അവിടെ എത്തുമ്പോള്‍ അവള്‍ അറയ്ക്കും. ഉച്ചവരെ നോക്കിയിട്ടും നടക്കുന്നില്ല. ഉച്ച കഴിഞ്ഞിട്ട് മറ്റൊരിടത്ത് കുഴി എടുത്തു. കുട്ടിയുടെ അച്ഛനും ഉണ്ടായിരുന്നു. ഷോര്‍ട്ട് എടുക്കവെ കൊച്ചൊരു വീഴ്ച വീണു. പുറകിലിരുന്ന് അലറി വിളിച്ചുപോയി. തലയൊക്കെ കറങ്ങുകയാണ്. കൊച്ചിന്റെ അച്ഛന് ഒരു സ്വര്‍ണ കപ്പെടുത്ത് കയ്യില്‍ കൊടുക്കണം. കുഴിയില്‍ വീണ ശേഷം കുട്ടിക്ക് അനക്കമില്ല. ഞാന്‍ നോക്കി ഇരിക്കുകയാണ്. പതിയെ എല്ലാവരും കൂടി കുഞ്ഞിനെ മുകളിലേക്ക് എടുത്തു. ജഡം വരുന്നത് പോലെ ആയിരുന്നു. കണ്ണൊക്കെ തുറിച്ചിരുന്നു. ഒരു അനക്കവുമില്ല. കൊച്ച് മരിച്ച് പോയോ എന്ന് വിചാരിച്ചു. കണ്ണില്‍ ചോരയില്ലാത്ത മഹാപാപികള്‍ എന്നൊക്കെ പറഞ്ഞ് ഞാന്‍ എല്ലാവരേയും ചീത്ത പറയുകയാണ്. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൊച്ച് കരഞ്ഞു. അയ്യോ.. ഇപ്പോഴത് പറയുമ്പോഴും നെഞ്ചിടിക്കുകയാണ്. അതായിരുന്നു ആ ഷോട്ട് മുഴുവന്‍ എന്നെ പിന്തുടര്‍ന്നത്', എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍. 

സമകാലിക മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളെക്കുറിച്ചും  നടി മനസ്സ് തുറന്നു. നസ്രിയ നസീം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്നെങ്കില്‍ ഏത് തരം വേഷവും കൈകാര്യം ചെയ്യുന്ന മികച്ച നടിയായി മാറുമായിരുന്നു എന്ന് ഉര്‍വശി പറഞ്ഞു. 

'മീര ജാസ്മിനും നവ്യ നായരുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷേ നസ്രിയ ഇവിടെ സജീവമായി നിന്നിരുന്നെങ്കില്‍ ഒരു ഉഗ്രന്‍ നടിയായേനെ. ഒരേസമയം മോഡേണ്‍ വേഷങ്ങളും നാടന്‍ കഥാപാത്രങ്ങളും സ്മാര്‍ട്ടായി ചെയ്യാന്‍ ആ കുട്ടിക്ക് സാധിക്കും. 'ഓം ശാന്തി ഓശാന' ആയാലും 'ബാംഗ്ലൂര്‍ ഡെയ്സ്' ആയാലും ആ കുട്ടിയെ കണ്ടിരിക്കാന്‍ നല്ല രസമാണ്. അങ്ങനെയൊരു ഭാഗ്യം ആ കുട്ടിക്കുണ്ട്,' ഉര്‍വശി പറഞ്ഞു. 

യുവനിരയിലെ നടന്മാരില്‍ ഫഹദ് ഫാസിലിനോടാണ് തനിക്ക് ഏറെ താല്പര്യമെന്നും ഉര്‍വശി വെളിപ്പെടുത്തി. നായക പരിവേഷത്തിന് പിന്നാലെ പോകാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഫഹദിനെ ഇഷ്ടപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. 'ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെ അദ്ദേഹം നടത്തിയ കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. ഒരിക്കലും ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള വേഷങ്ങളല്ല ഫഹദ് ചെയ്യുന്നത്. 

ലുക്കിലോ വിഗ്ഗ് വെക്കുന്നതിലോ ഒന്നും അദ്ദേഹത്തിന് നിര്‍ബന്ധങ്ങളില്ല. കഥാപാത്രത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഏറ്റവും മനോഹരമായി ചെയ്യുക എന്ന നിലപാടാണ് ഫഹദിന്റേത്. ഏകദേശം എന്റെ അതേ നിലപാടാണത്,' ഉര്‍വശി വ്യക്തമാക്കി. 2024-ല്‍ പുറത്തിറങ്ങിയ 'സൂക്ഷ്മദര്‍ശിനി'യാണ് നസ്രിയയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സൂര്യ നായകനാകുന്ന 'സൂര്യ 47' ആണ് നസ്രിയയുടെ പുതിയ പ്രോജക്റ്റ്.

Read more topics: # ഉര്‍വശി
urvashi recalls film and daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES