Latest News

ജീവിതശൈലി മാറ്റൂ.. സ്തനാര്‍ബുദം തടയാം

Malayalilife
ജീവിതശൈലി മാറ്റൂ.. സ്തനാര്‍ബുദം തടയാം

സ്ത്രീകളെ ദുരിതത്തിലാക്കുന്ന കാന്‍സറുകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണറിയുന്നത്. നാല്‍പത് മുതല്‍ അറുപത് വയസു വരെ പ്രായമുള്ള സ്ത്രീകളില്‍ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ സ്തനങ്ങളിലെ കാന്‍സര്‍ ഒരു മുഖ്യഘടകമാണ്.

കൊഴുപ്പ് കുറഞ്ഞ ആഹാരം, സ്തനങ്ങളിലുണ്ടാകുന്ന കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും അറിയുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്.

കൊഴുപ്പ് കുറയ്ക്കാം പഴങ്ങള്‍ കഴിക്കാം

ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറയ്ക്കുകയും പഴങ്ങള്‍ കൂടുതല്‍ കഴിക്കുകയും വളരെ നല്ല ഫലങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നാണ് ഗവേഷകര്‍ പറയുന്നത്. അങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറഞ്ഞ നിലയിലായിരുന്നു എന്നും മനസിലായിട്ടുണ്ട്.

കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതില്‍ ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സ്തനാര്‍ബുദം ഉണ്ടാവുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയും ചെയ്തവരില്‍ കൊഴുപ്പ് തീരെ കുറഞ്ഞ ആഹാരരീതി ശീലമാക്കിയപ്പോള്‍ വളരെ നല്ല ഫലങ്ങളാണ് കാണുന്നത്.

ആര്‍ത്തവം നിലച്ച ശേഷം

ആര്‍ത്തവവിരാമശേഷം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊഴുപ്പ് തീരെ കുറഞ്ഞ ആഹാരശീലം സഹായിക്കുന്നതാണ്. കൊഴുപ്പു കൂടിയ ആഹാരശീലം ആര്‍ത്തവവിരാമശേഷം അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാക്കുന്നതുമാണ്.

കൊഴുപ്പു കൂടിയ ആഹാരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരം കൂടുന്നതാണ്. ഈ കൂടിയ നിലയിലുള്ള കൊഴുപ്പിന്റെ ഫലമായി ശരീരത്തില്‍ നീര്‍ക്കെട്ടും ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ നിലയും ഉയരുന്നതാണ്. ഇവ രണ്ടും കാന്‍സറിനു കാരണമാകാന്‍ സാധ്യതയുള്ളവയാണ്.

മുലയൂട്ടാന്‍ മടിക്കേണ്ട

പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളില്‍, പ്രസവിച്ച സ്ത്രീകളെ അപേക്ഷിച്ച് സ്താനുര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. പ്രസവിക്കുകയും കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ തവണ പ്രസവിക്കുന്നതും കൂടുതല്‍ കാലം മുലയൂട്ടുന്നതും സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വീണ്ടും കുറയ്ക്കുന്നതാണ്.

ഭക്ഷണരീതി ശ്രദ്ധിക്കണം

കാന്‍സറില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരരീതി ശീലിക്കുകയാണ് കാന്‍സറില്‍നിന്നും രക്ഷനേടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇങ്ങനെയുള്ള ഘടകങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍, ഉള്ളി, വെളുത്തുള്ളി, കടല്‍മത്സ്യങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുണ്ട്. പതിവായി മൂന്നു ഗ്രാം മീനെണ്ണ കഴിക്കുകയാണെങ്കില്‍ മറ്റ് എല്ലാ കൊഴുപ്പുകളും എണ്ണകളും ഒഴിവാക്കാവുന്നതാണ്. ഗ്രീന്‍ ടീ നല്ലതാണ്.

മദ്യപാനശീലമുള്ളവര്‍ അത് ഒഴിവാക്കുക. ആര്‍ത്തവവിരാമം സംഭവിച്ച, പതിവായി മദ്യം കഴിക്കുന്ന ശീലമുള്ളവരില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ചു മുപ്പത് ശതമാനം കൂടുതലായിരിക്കും എന്നാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല, അങ്ങനെയുള്ളവരില്‍ സ്തനാര്‍ബുദത്തിന്റെ ഫലമായി മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.

വെയില്‍ കൊള്ളുന്നത് അര്‍ബുദം തടയും

രാവിലെ അരമണിക്കൂര്‍ സമയം വെയില്‍ കൊള്ളുന്നത് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത തീരെ കുറയ്ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കടുത്ത മാനസിക സംഘര്‍ഷം നീണ്ടകാലമായി അനുഭവിക്കുന്നവരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. സ്തനാര്‍ബുദം ബാധിക്കുന്നവരില്‍ കൂടുതല്‍ പേരും വിഷാദം നിറഞ്ഞ മാനസികാവസ്ഥയുള്ളവരായിരിക്കും, എന്നാണ് പുതിയ പഠനങ്ങളില്‍ നിന്നറിയുന്നത്. ഇങ്ങനെയുള്ളവരില്‍ കൂടുതല്‍ പേരിലും ചികിത്സ പൂര്‍ണമായി ഫലപ്രദമാകുകയില്ല.

ചികിത്സ ഫലപ്രദമാകുന്നവരില്‍ രോഗം തീവ്രമായി തിരിച്ചുവരാനുള്ള സാധ്യത കൂടുതലായിരിക്കുകയും ചെയ്യും, മരണം സംഭവിക്കുന്നതിനും. ഉയര്‍ന്ന നിലയിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ഒരു ഡോക്ടറെ കാണുന്നതും മാനസികസംഘര്‍ഷം കൈകാര്യം ചെയ്യാന്‍ വേണ്ട കാര്യങ്ങള്‍ പഠിക്കുന്നതും അതൊക്കെ പരിശീലിക്കുന്നതും നല്ലതാണ്. കൂടുതല്‍ സമയം നല്ല ചിന്തകള്‍ ഉള്ളവരുടെ കൂടെ കഴിയുന്നതും ഒരുപാട് തമാശകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നതും നല്ലതാണ്.

Read more topics: # tips,# prevention,# breast cancer
tips for preventing breast cancer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES