നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. നടി അഹാന സിനിമയില്‍ നായികയായി എത്തിയതിന് പിന്നാലെ ഇഷാനിയും ഇപ്പോള്‍ സജീവമായി എത്തുകയാണ്. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ക്കൊപ്പം 'ആശകള്‍ ആയിരം' എന്ന സിനിമയില്‍ നായികാ വേഷത്തില്‍ എത്തുകയാണ് താരം. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇഷാനി പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
താന്‍ സിനിമയില്‍ വരണമെന്നത് അച്ഛനേക്കാള്‍ കൂടുതല്‍ അമ്മ സിന്ധു കൃഷ്ണയുടെ ആഗ്രഹമായിരുന്നുവെന്ന് ഇഷാനി പറയുന്നു. ഞാന്‍ സിനിമയില്‍ വരണമെന്ന ആഗ്രഹം പണ്ട് മുതലേ അമ്മയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. ചില റോളുകള്‍ കാണുമ്പോള്‍ ഇത് ഇഷാനി ചെയ്താല്‍ നന്നായിരിക്കും എന്ന് അമ്മ പറയാറുണ്ട്. നല്ലൊരു സിനിമയില്‍ എന്നെ കാണണമെന്ന് അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമാണെന്നും ഇഷാനി പറഞ്ഞു.
ഇഷാനിയുടെ ഗോസിപ്പുകളിലെ സ്ഥിരം സാന്നിധ്യമായ അര്‍ജുനെക്കുറിച്ചും താരം അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ഇഷാനിയുടെ സുഹൃത്തുക്കളില്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചയമുള്ള രണ്ട് പേരാണ് അര്‍ജുനും, ദേവനും. പ്ലസ് ടു ട്യൂഷന്‍ ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അര്‍ജുനെ പരിചയപ്പെടുന്നത്. അന്നുമുതല്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ അര്‍ജുനും ദേവനുമാണെന്നും ഇഷാനി പറഞ്ഞു.
നെഗറ്റീവ് കമന്റുകള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഇഷാനി പറയുന്നത്.'നെഗറ്റീവ് കമന്റുകള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നെ ബോഡിഷെയിം ചെയ്തവരോട് നന്ദി പറയുന്നു. കാരണം അത് കാണുമ്പോള്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകുമായിരുന്നു. അന്നത്തെ ഫോട്ടോകള്‍ നോക്കി അത്ര മെലിഞ്ഞിട്ടൊന്നുമല്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ കമന്റിടുന്നത് എന്ന് പറയുമായിരുന്നു. പക്ഷെ അത് തന്നെയായിരുന്നു എന്നെ എന്‍കറേജ് ചെയ്തതും'' ഇഷാനി പറയുന്നു.
''ബോഡി ഷെയ്മിങ് നല്ലതാണെന്ന് പറയില്ല. പക്ഷെ അത് സഹായിച്ചിട്ടുണ്ട്. എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ കുറച്ചുകൂടി തടി വെക്കണമെന്ന് തോന്നിയിരുന്നു. പിന്നെ കരുത്തുണ്ടാകണം എന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം കൂടി ചേര്‍ന്നിട്ടാണ് തീരുമാനിച്ചത്'' എന്നും താരം പറയുന്നു.വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനി അരങ്ങേറിയത്. എന്നാല്‍ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇടവേളയ്ക്ക് കാരണം അവസരങ്ങള്‍ ലഭിക്കാതിരുന്നതു കൊണ്ടല്ലെന്നാണ് ഇഷാനി പറയുന്നത്.
'ഓഫറുകള്‍ വന്നില്ലെന്ന് ഞാന്‍ പറയില്ല. തിരമാലെ പോലെ വന്നിട്ടില്ല. വണ്ണിനും ആശകള്‍ ആയിരത്തിന്റേയും ഇടയിലായി മൂന്ന് ഓഫറുകള്‍ വന്നു. ഞാന്‍ നോക്കുന്നത് എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ്. ഒത്തിരിയില്ലെങ്കിലും പ്രാധാന്യമുണ്ടാകണം. ഞാനൊരു എസ്റ്റാബ്ലിഷ് ആയ നടിയല്ല. ക്രൂ മുഴുവന്‍ പുതിയ ആളാണെങ്കിലും, എന്റെ കഥാപാത്രവും തിരക്കഥയും നല്ലതാണെങ്കില്‍ ചെയ്യും. ഞാന്‍ ഉദ്ദേശിച്ച കോമ്പിനേഷനില്‍ ഇതുവരെ ഒന്നും വന്നില്ല. ഞാന്‍ ചാടിക്കയറി ഒന്നും എടുക്കുകയും ചെയ്തില്ല. സിനിമ ഇല്ലെന്ന് കരുതി ഭയങ്കര വിഷമത്തിലുമായിരുന്നില്ല'' ഇഷാനി പറയുന്നു