പ്രമുഖ നടി രജിഷ വിജയന്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും വ്യക്തിപരമായ ജീവിതശൈലിയെക്കുറിച്ചും നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ വാട്സാപ്പ് ഉപയോഗിക്കുന്നില്ലെന്നും നിലവില്‍ ഫെയ്സ്ബുക്കും ഉപേക്ഷിച്ചതായും രജിഷ വ്യക്തമാക്കി. വെര്‍ച്വല്‍ ലോകത്തേക്കാള്‍ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റാഗ്രാം മാത്രമാണ് നിലവില്‍ അപൂര്‍വമായി ഉപയോഗിക്കുന്ന ഏക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം. റീലുകളുടെ വര്‍ദ്ധനയോടെ ആളുകള്‍ ഫോണുകള്‍ക്ക് മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നതിനെ അവര്‍ വിമര്‍ശിച്ചു. പുസ്തകങ്ങള്‍ വായിക്കാനും സിനിമകള്‍ കാണാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആര്‍ക്കും സമയമില്ലാതായിരിക്കുന്നു. ഇത് വലിയൊരു അടിമത്തമാണെന്ന് ചൂണ്ടിക്കാട്ടിയ രജിഷ, ഫോണ്‍ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് ഒഴിവാക്കാന്‍ പല ആപ്ലിക്കേഷനുകളും നീക്കം ചെയ്തതായും അറിയിച്ചു.
ഭാവി ജീവിതത്തെക്കുറിച്ച് തനിക്ക് വലിയ പദ്ധതികളൊന്നുമില്ലെന്നും നിലവിലെ നിമിഷത്തില്‍ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും രജിഷ പറയുന്നു. പത്തു വര്‍ഷം കഴിഞ്ഞ് താന്‍ എവിടെയായിരിക്കുമെന്ന് ചിന്തിക്കാറില്ല. ഒരു ആര്‍മി ഡോക്ടര്‍ ആകുക എന്നതായിരുന്നു പണ്ടത്തെ ആഗ്രഹം. നടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആഗ്രഹിച്ച പല ചെറിയ കാര്യങ്ങളും ജീവിതത്തില്‍ നടന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ കൃഷാന്ദ് ഒരുക്കിയ 'മസ്തിഷ്‌ക മരണം; സൈമണ്‍സ് മെമ്മറീസ്' എന്ന ചിത്രത്തിലൂടെ പുതിയൊരു വേഷപ്പകര്‍ച്ചയിലാണ് രജിഷ ഇപ്പോള്‍. ഈ ചിത്രത്തിലെ 'കോമള താമര' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. രജിഷയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സാണിത്. ഗ്ലാമറസ് രൂപത്തിലുള്ള താരത്തിന്റെ പ്രകടനം മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് നേടിയത്.
ഇതിനായി നടത്തിയ ശരീരമാറ്റത്തെക്കുറിച് നടി പങ്കിട്ടത് ഇങ്ങനെയാണ്.
'ജിമ്മില്‍ തന്നെയായിരുന്നു 6 മാസം എന്റെ ജീവിതം. ശാരീരിക അധ്വാനം ആവശ്യമുള്ളൊരു സിനിമയായിരുന്നു 'മസ്തിഷ്‌ക മരണം'. പല സീനുകളിലും നല്ല കരുത്ത് വേണ്ടതുണ്ടായിരുന്നു. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ശരീരപ്രകൃതി മാറ്റുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. 'ജൂണ്‍' സിനിമക്ക് വേണ്ടി ചെയ്തപ്പോഴും ഞാന്‍ ഹാപ്പി ആയിട്ടാണ് ചെയ്തതെന്ന് നടി പറഞ്ഞു.
താന്‍ സ്വകാര്യത താന്‍ ഒരുപാട് ഇഷ്ടപെടുന്ന ആളാണെന്ന് രജീഷ് പറയുന്നു. കുടുംബവും യാത്രകളും പ്രധാനമാണ്, യാത്ര ചെയ്യുമ്പോ മെഡിറ്റേറ്റീവ് ആയി അനുഭവപ്പെടും. സംവിധായകന്‍ കൃഷാന്തില്‍ നിന്ന് മസ്തിഷ്‌ക മരണത്തിന്റെ ആശയം ആദ്യമായി കേട്ടതിനെപ്പറ്റി രജീഷ പറയുന്നതിങ്ങനെ. 'ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ എനിക്ക് അതിശയം ഉണ്ടാക്കിയ ഒരു ആശയം കേട്ടിട്ടില്ല. അദ്ദേഹം ചെയ്തതില്‍ തന്നെ ഏറ്റവും വ്യത്യസ്തമായിട്ടുള്ളൊരു ആശയം ആണിത്, 2046 ല്‍ നടക്കുന്ന ഒരു സംഭവം, അതില്‍ സിനിമ നടി ആയിട്ടുള്ളൊരു കഥാപാത്രം, അങ്ങനെ വളരെ വേറിട്ടൊരു ചിന്ത ആയിരുന്നു. അദ്ദേഹം മുന്‍ സിനിമകളിലൂടെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. ആ സിനിമയുടെ ഭാഗം ആകുക എന്നത് മാത്രം ആയിരുന്നു എന്റെ ലക്ഷ്യം. ആ സിനിമക്ക് ആവശ്യമുള്ളത് ചെയ്യുക എന്നതായിരുന്നു എന്റെ മനസ്സില്‍, അതുകൊണ്ടാണ് ഐറ്റം ഡാന്‍സ് ചെയ്തതും എന്നും താരം പങ്ക് വച്ചു.