രാത്രിയില്‍ എത്രയൊക്കെ ക്ഷീണമുണ്ടെങ്കിലും മേക്കപ്പ് മാറ്റാന്‍ മടി വിചാരിക്കരുത്. മസ്‌കാര, ഐലൈനര്‍, കാജല്‍, ഐഷാഡോ എന്നിവ കണ്ണിനുള്ളിലേക്ക് പോയാല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇതിനെക്കുറിച്ച് നേത്രരോഗ വിദഗ്ദ്ധര്‍ പങ്കുവെക്കുന്ന 5 മുന്നറിയിപ്പ് ലക്ഷണങ്ങളും കണ്ണ് സംരക്ഷിക്കാനുള്ള വഴികളെ കുറിച്ചും അറിയാം.....
ശ്രദ്ധിക്കേണ്ട 5 അപകട ലക്ഷണങ്ങള്‍
1. വിട്ടുമാറാത്ത ചുവപ്പ് നിറം - മേക്കപ്പിന്റെ അവശിഷ്ടങ്ങള്‍ കണ്‍പോളകളില്‍ തങ്ങിനില്‍ക്കുമ്പോള്‍ കണ്ണിന് വീക്കവും ചുവപ്പും ഉണ്ടാകാം. ചുവപ്പിനൊപ്പം വേദനയോ, കണ്ണ് വീര്‍ക്കുന്നതോ, പഴുപ്പ് വരുന്നതോ, കാഴ്ച മങ്ങുന്നതോ ആയാല്‍ അത് ഒട്ടും നിസ്സാരമായി കാണരുത്.
2. ചൊറിച്ചില്‍ അല്ലെങ്കില്‍ കണ്ണില്‍ മണല്‍ തരി പോയപോലെയുള്ള അനുഭവം - മേക്കപ്പ് കഷണങ്ങള്‍ (പ്രത്യേകിച്ച് ഗ്ലിറ്റര്‍, ഉണങ്ങിയ മസ്‌കാര എന്നിവ) കണ്ണിലേക്ക് വീഴുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് കണ്ണ് തിരുമ്മുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കും.
3. കണ്‍പോളകളിലെ വീക്കവും വേദനയും - കണ്‍പീലിക്ക് താഴെയുള്ള ചെറിയ എണ്ണഗ്രന്ഥികള്‍ അടഞ്ഞുപോകുമ്പോഴാണ് കണ്‍പോളകളില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാകുന്നത്. ഇത് 'ബ്ലെഫറൈറ്റിസ്' പോലുള്ള കണ്‍പോള വീക്കത്തിന് കാരണമാകാം.
4. പീള കെട്ടുകയോ കണ്‍പീലികള്‍ ഒട്ടിപ്പിടിക്കുകയോ ചെയ്യുക
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്‍പീലികള്‍ ഒട്ടിപ്പിടിച്ചിരിക്കുകയോ, മഞ്ഞയോ പച്ചയോ നിറത്തില്‍ പഴുപ്പ് വരികയോ ചെയ്താല്‍ അത് അണുബാധയുടെ ലക്ഷണമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആ മേക്കപ്പ് സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കണം.
5. കണ്ണ് വേദന, വെളിച്ചം നോക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച മങ്ങല്‍ ഇവ അതീവ ഗുരുതരമായ ലക്ഷണങ്ങളാണ്. ഇത് അവഗണിച്ചാല്‍ കണ്ണിന് പോറലുകള്‍ ഏല്‍ക്കാനോ അണുബാധ കൂടാനോ സാധ്യതയുണ്ട്.
കണ്ണ് സംരക്ഷിക്കാനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍
മേക്കപ്പ് മാറ്റാന്‍ മറക്കരുത്: എത്ര വൈകിയാലും ഉറങ്ങുന്നതിന് മുന്‍പ് കണ്‍മഷി പൂര്‍ണ്ണമായും കളഞ്ഞിരിക്കണം.
പതുക്കെ തുടക്കുക: കണ്ണുകള്‍ക്ക് അനുയോജ്യമായ 'മേക്കപ്പ് റിമൂവര്‍' ഉപയോഗിച്ച് പതുക്കെ തുടച്ചു മാറ്റുക. അമിതമായി അമര്‍ത്തി തിരുമ്മരുത്.
ശുചിത്വം പാലിക്കുക: മേക്കപ്പ് ബ്രഷുകളും ഉല്‍പ്പന്നങ്ങളും വൃത്തിയായി സൂക്ഷിക്കുക. മറ്റുള്ളവരുമായി പങ്കുവെക്കരുത്.
മസ്‌കാര മാറ്റുക: മസ്‌കാര കൃത്യമായ ഇടവേളകളില്‍ പുതിയത് വാങ്ങുക. ഉണങ്ങിപ്പോയ മസ്‌കാരയില്‍ വെള്ളമൊഴിച്ച് ഉപയോഗിക്കരുത്