ശരീരത്തിലെ മറ്റേതൊരു ഭാഗവും പരിചരിക്കുന്നത് പോലെ ചുണ്ടുകള്‍ക്കും പരിചരണം ആവശ്യമാണെന്ന് നിങ്ങളില്‍ എത്രപേര്‍ ചിന്തിച്ചിട്ടുണ്ട്? നമ്മുടെ കൈകള്‍, കാലുകള്‍, മുഖം, മുട്ടുകള്‍ എന്നിവയെല്ലാം പോലെ തന്നെ നമ്മുടെ ചുണ്ടുകള്‍ക്കും മതിയായ പരിചരണവും ശ്രദ്ധയും അത്യാവശ്യമാണ് എന്ന കാര്യം മറക്കരുത്. ചുണ്ടുകള്‍ നല്ല രീതിയില്‍ പരിപാലിച്ചാല്‍ മാത്രമേ അവ മൃദുവും, ആരോഗ്യപ്രദവും, മയമുള്ളതുമായിത്തീരുകയുള്ളൂ.
ചൂടുകാലത്ത് ചുണ്ടുകള്‍ക്ക് പതിവിലും ഏറെ ശ്രദ്ധ നല്‍കണം. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ലിപ് ബാം പുരട്ടാം. പ്രകൃതിദത്തമായ ലിപ് ബാം വീട്ടില്‍ത്തന്നെ തയാറാക്കാം. പാല്‍പാട മാത്രമായോ അതിലല്‍പം നാരങ്ങാനീരു കലര്‍ത്തിയോ ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കില്‍ ഒരല്‍പം വെണ്ണ പുരട്ടിയാലും മതി.
ചുണ്ടുകള്‍ വല്ലാതെ വരണ്ടുപൊട്ടിയാലും അതിന് പ്രതിവിധി വീട്ടില്‍നിന്നു തന്നെ കണ്ടെത്താം. അല്‍പം പാല്‍പാടയും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം ചുണ്ടില്‍ പുരട്ടിയാല്‍ മതിയാകും.
ചുണ്ടുകള്‍ക്ക് ചുവപ്പു പോരാ എന്നാണോ പരാതി. അതിനും പരിഹാരമുണ്ട്. ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഏതാനും തുള്ളി ഒലിവ് ഓയിലോ ബദാം ഓയിലോ ചുണ്ടുകളില്‍ പുരട്ടി നന്നായി മസാജ് ചെയ്യാം.
ചുണ്ടുകള്‍ക്ക് നിറം വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടും സഹായിക്കും. ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് കുറച്ചു വെണ്ണ കലര്‍ത്തുക. ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഈ മിശ്രിതം ചുണ്ടില്‍ പുരട്ടുക. ഉണര്‍ന്നാലുടന്‍ നല്ല തണുത്തവെള്ളത്തില്‍ മുഖം കഴുകുക.
ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതവും ചുണ്ടിന് നിറം നല്‍കാന്‍ വളരെ നല്ലതാണ്. നാരങ്ങാനീരും തേനും ഗ്ലിസറിനും ഒരേ അളവില്‍ എടുത്ത് ആ മിശ്രിതം ചുണ്ടില്‍ തേച്ചാലും ചുണ്ടിന് നല്ല നിറം ലഭിക്കും.
മുറ്റത്തു നില്‍ക്കുന്ന പനിനീര്‍പ്പൂവിനു പോലും ചുണ്ടുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ കഴിയും. ഒരല്‍പം ഗ്ലിസറിനും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ അദ്ഭുതക്കൂട്ട് തയാറാക്കാന്‍ വേണ്ടത്. കുറച്ചു ഗ്ലിസറിനെടുത്ത് അതില്‍ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകള്‍ ഇട്ടു വയ്ക്കുക. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഈ മിശ്രിതം ചുണ്ടുകളില്‍ പുരട്ടുക. ഉണര്‍ന്നാലുടന്‍ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.