Latest News

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം; പ്രശസ്ത പിന്നണി ഗായകന്‍ കൃഷ്ണരാജിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് ഗായിക സുജാത.

Malayalilife
ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം; പ്രശസ്ത പിന്നണി ഗായകന്‍ കൃഷ്ണരാജിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് ഗായിക സുജാത.

കൃഷ്ണരാജ് നമ്മെ വിട്ടുപിരിഞ്ഞു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി. ദേവ സാര്‍ വിടവാങ്ങി അധികം വൈകാതെ തന്നെ ഇങ്ങനെയൊരു വാര്‍ത്ത കൂടി കേള്‍ക്കേണ്ടി വന്നത് വലിയൊരു ആഘാതമാണ്. ദേവ സാറിന് ഏറ്റവും പ്രിയപ്പെട്ട ഗായകനായിരുന്നു കൃഷ്ണരാജ്; എനിക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ദേവ സാറിന്റെ സംഗീതസംവിധാനത്തില്‍ ഞാന്‍ പാടിയ പല ഗാനങ്ങളുടെയും മേല്‍നോട്ടം വഹിച്ചത് കൃഷ്ണരാജായിരുന്നു. വളരെ നേരത്തെ തന്നെ അദ്ദേഹം നമ്മെ വിട്ടുപോയി.. ആദരാഞ്ജലികള്‍.. പ്രശസ്ത തമിഴ് സിനിമാ പിന്നണി ഗായകന്‍ കൃഷ്ണരാജിന്റെ വേര്‍പാടില്‍ തകര്‍ന്ന് ഗായിക സുജാത പങ്കുവച്ച കുറിപ്പാണിത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് കൃഷ്ണ രാജിന്റെ അന്ത്യം സംഭവിച്ചത്.

തമിഴ് ചലച്ചിത്ര സംഗീത ശാഖയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് കൃഷ്ണരാജ്. ദേവയുടെ വിയോഗത്തിന്റെ വേദന കെട്ടടങ്ങും മുന്‍പേയാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗായകനും സഹയാത്രികനുമായ കൃഷ്ണരാജും മരിച്ചത്. ഒക്ടോബര്‍ 17-നാണ് സംഗീതസംവിധായകന്‍ ദേവ അന്തരിച്ചത്. ഇതിന്റെ നടുക്കം മാറും മുന്‍പ് ഒക്ടോബര്‍ 20-ന് ദേവയുടെ അനന്തരവനും നടനുമായ കാര്‍ത്തിക് സബേഷും മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ 22-ന് കൃഷ്ണരാജും ലോകത്തോട് വിടപറയുന്നത്. ഒരാഴ്ചയ്ക്കിടെ സംഗീത കുടുംബത്തിലുണ്ടായ തുടര്‍ച്ചയായ മൂന്നാമത്തെ മരണം ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ തകര്‍ത്തിരിക്കുകയാണ്.

തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ കൃഷ്ണരാജ് പാടിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, ദേവ, വിദ്യാസാഗര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ കീഴില്‍ ശ്രദ്ധേയമായ നിരവധി ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരും സംഗീത സംവിധായകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി. സംഗീത ലോകത്തിനും തമിഴ് സിനിമാ മേഖലയ്ക്കും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. ചെന്നൈയില്‍ നിന്നും കൃഷ്ണരാജിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ സ്വദേശമായ സേലത്തിന് അടുത്തുള്ള വെമ്പടിത്തലത്തിലേക്ക് കൊണ്ടുപോകും. പ്രിയഗായകന്റെ വിയോഗത്തില്‍ സിനിമാലോകത്തെ പ്രമുഖരും ആരാധകരും സമൂഹ മാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി.


 

Read more topics: # കൃഷ്ണരാജ്
singer krishnaraj passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES