തന്റെ അഭിനയജീവിതത്തിലെ മാറ്റങ്ങളെയും സിനിമാനുഭവങ്ങളെയും കുറിച്ച് മനസ് തുറന്ന് നടന്‍ ഇന്ദ്രന്‍സ്. തമാശ വേഷങ്ങളില്‍ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള തന്റെ കരിയര്‍ ഷിഫ്റ്റിനെക്കുറിച്ചും, വലിയ വ്യക്തികളെ അകലെ നിന്ന് കാണാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കരിയറില്‍ വഴിതിരിവായ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ ഇന്ദ്രന്‍സ് പറഞ്ഞത് ഇങ്ങനെ: ''കഥാവശേഷ'നിലാണ് ഞാന്‍ തന്നെ എന്നെ പേടിച്ചിരുന്ന ആ ഒരു കോമാളി, സീരിയസായി ഒരു വിഷയം വരുമ്പോള്‍ മരിപ്പ് വീട്ടിലും വന്ന് ചിരിക്കില്ല എന്ന് ധൈര്യം തന്നത്. ആ ഒരു കഥാപാത്രമായിരിക്കും. പിന്നെയുള്ള ഒരു മാറ്റം എന്ന് പറയുന്നത്, സ്വഭാവികമായും നമ്മള്‍ ചെന്ന് പെടുന്ന ഇടം തന്നെയാണ്. സംവിധായകരാണ് എങ്ങനെയൊക്കെയോ നമുക്കാ ഷിഫ്റ്റ് ഒക്കെ ഉണ്ടാക്കി തരുന്നത്. അല്ലാതെ ബോധപൂര്‍വം ഒന്നും ചെയ്യുന്നില്ല. മനസ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.'
അഭിനയജീവിതം ആരംഭിച്ച കാലത്തെയും ഇന്നത്തെയും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. 'അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, എന്റെ പ്രാര്‍ഥനയുടെ ഫലമൊക്കെ കിട്ടി, ഞാന്‍ ഉദ്ദേശിച്ചത് നടന്നു എന്നൊരു സമാധാനമായിരുന്നു. അപ്പോള്‍ എനിക്ക് കിട്ടി തുടങ്ങിയതൊക്കെ തന്നെ ധാരാളമാണ്. അത് എന്നെ പേടിപ്പെടുത്തുമായിരുന്നു. ഹോട്ടല്‍ ഒക്കെ. ആദ്യം താമസിച്ചിരുന്ന ഒരു കുഞ്ഞു തയ്യല്‍ മുറിയില്‍ നമ്മള്‍ കുറേ പേര്‍ കാണും. അതുകഴിയുമ്പോള്‍ ചീഫിന് മാത്രം ഒരു മുറി തരും. നടനായി കഴിഞ്ഞപ്പോള്‍ ആ ഒരു മുറി മാറി മാറി വരുമ്പോള്‍ പിന്നെ പേടിയാകാന്‍ തുടങ്ങി. ആ മുറിയ്‌ക്കൊത്ത് വളരാന്‍ എനിക്ക് പറ്റില്ല. അതിന്റെ സൗകര്യങ്ങള്‍ക്കൊത്ത് വൃത്തിയാകാന്‍ പറ്റുന്നില്ല. അത് വരെ ഞാന്‍ അഭിനയിക്കേണ്ടി വരും.
ഓര്‍മയില്‍ എനിക്കൊരു നല്ല ട്രെയിന്‍ ആയിട്ട് തോന്നുന്നത് ജനശതാബ്ദി ഒക്കെയാണ്. അന്ന് എസിയില്‍ കയറിയാല്‍ 300 രൂപയാ. ജനറല്‍ 87 രൂപയും. നിര്‍മാതാക്കള്‍ നമുക്ക് എസി ആണ് എടുത്ത് തരാറ്. ടിക്കറ്റ് ഞാനെടുത്തോളാം എന്ന് പറഞ്ഞ് ഞാന്‍ ജനറലില്‍ കയറി പോകും. ആ പൈസയും എനിക്ക് മിച്ചമാണ്. എനിക്ക് ആ സൗകര്യം വേണ്ടാത്തതു കൊണ്ടാണ് ഞാനങ്ങനെ ചെയ്യുന്നത്.'
വലിയ വ്യക്തികളോടുള്ള തന്റെ സമീപനത്തെക്കുറിച്ചും വിദ്യാഭ്യാസക്കുറവിനെക്കുറിച്ചും ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'പിന്നെ വലിയ അറിവുള്ള ആളുകളോട് എനിക്ക് അടുക്കാന്‍ കുറച്ച് വിഷമമുണ്ട്. എനിക്ക് വലിയ മഹത്തായ വ്യക്തികള്‍ എന്ന് തോന്നിയിട്ടുള്ളവരോട് അടുത്ത് കഴിയുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്ന ഒരാളേ അല്ലായിരിക്കും അവര്‍. അപ്പോള്‍ അവരെ അകന്ന് നിന്ന് കാണണം. ഈ കിട്ടുന്ന സൗകര്യം എനിക്ക് ലാവിഷ് ആണ്. അതില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാനങ്ങനെ തന്നെ നില്‍ക്കുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നുന്നു, ഒരു നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കില്‍ ഞാന്‍ അറിയാതെ രണ്ട് ഇംഗ്ലീഷ് ഒക്കെ ആര് വന്നാലും മാറി നില്‍ക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചും മറുപടി പറഞ്ഞും അഹങ്കാരിയായി മാറിയേനെ.
ഇപ്പോള്‍ കിട്ടേണ്ടത് കിട്ടിയിട്ടില്ല. മലയാളം കൊണ്ട് തന്നെ എനിക്ക് ധാരാളമായിരുന്നു. തമിഴ് പോലും ഞാന്‍ പഠിക്കാത്തത് അതുകൊണ്ടല്ലേ. വേറെ പടത്തിലൊന്നും ഞാന്‍ പോകില്ല. മലയാളം തന്നെ വീക്കിലി വായിച്ചാല്‍ അടുത്ത വീക്കിലി വരെ എത്തില്ല. മലയാളത്തില്‍ എന്തോരം പുസ്തകങ്ങള്‍ വായിച്ചിട്ട് വേണം ഇവിടെ തന്നെ വാക്കുകള്‍ മാറ്റി പറയാനുമൊക്കെ'- ഇന്ദ്രന്‍സ് വ്യക്തമാക്കി.