ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന രാജ്യമാണ് ചൈന. ദീര്‍ഘനാളത്തെ ഗവേഷണത്തിനുശേഷം ആപ്പിള്‍ ഒരു ഫോണ്‍ പുറത്തിറക്കുമ്പോള്‍ അതിനെ അതിശയിക്കുന്ന പകര്‍പ്പിറക്കി ചൈനക്കാര്‍ ഞെട്ടിക്കാറുണ്ട്. അതുപോലെ തന്നെയാണ് വിലകുറഞ്ഞ സ്മാര്‍ട്ടഫോണുകളുടെ കാര്യത്തിലും ചൈന കൈവരിച്ച മുന്നേറ്റം. വന്‍കിട കമ്പനികളെയൊക്കെ പിന്തള്ളി ചൈനയില്‍നിന്നുള്ള കുഞ്ഞന്‍ ഫോണുകള്‍ വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍.
സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് ചൈന. രണ്ടായി മടക്കി പോക്കറ്റിലിടുകയും ആവശ്യമുള്ളപ്പോള്‍ നിവര്‍ത്തി വലിയ സ്‌ക്രനില്‍ കാണുകയും ചെയ്യാവുന്ന ഫ്ളെക്സ്പൈ ഫോണുകളാണ് ചൈനയില്‍ ഈയാഴ്ച പുറത്തിറങ്ങുക. 7.6 മില്ലീമീറ്റര്‍ മാത്രം കനമുള്ള ഈ ഫോണിന് 7.8 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമുണ്ട്. ഇരുവശത്തുനിന്നും മടക്കാവുന്ന രീതിയിലാണ് ഫോണെന്ന് നിര്‍മ്മാതാക്കളായ റോയോല്‍ പറയുന്നു.
ഇരുവശത്തുനിന്നും കാണാവുന്ന സ്‌ക്രീനിന് പുറമെ, കോളുകള്‍ വരുമ്പോഴും മെസ്സേജുകളും ഇ-മെയിലുകളും വരുമ്പോഴും നോട്ടിഫിക്കേഷന്‍ തരുന്ന മധ്യഭാഗവും ഇതിനുണ്ടാകും. മറ്റു സ്മാര്‍ട്ട്ഫോണുകളിലേതുപോലെ മുന്നിലും പിന്നിലും ക്യാമറകളടക്കമുള്ള സൗകര്യങ്ങളും ഇതിനുണ്ട്. ചൈനയില്‍ ഈയാഴ്ചയിറങ്ങുമെങ്കിലും ആഗോള വിപണിയില്‍ ഫോണെത്താന്‍ അല്പംകൂടി കാത്തിരിക്കേണ്ടിവരും.
സ്പെസിഫിക്കേഷന്‍ അനുസരിച്ച് ഫോണിന് 8999 യുവാന്‍ മുതല്‍ (95,000 രൂപ) 12,999 യുവാന്‍ (1,40,000 രൂപ) വരെയാണ് ചൈനയിലെ വില.128 ജിബി മോഡലിന് 1,15,000 രൂപയും 256 ജിബി മോഡലിന് 1,30,000 രൂപയുമാകും അന്താരാഷ്ട്ര വിപണിയിലെ വില. റോയോല്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബില്‍ ലിയു ബുധനാഴ്ച ഫോണ്‍ ബെയ്ജിങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ആറുവര്‍ഷം മുമ്പ് ഇലക്ട്രിക്കന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയാണ് 35-കാരനായ ലിയു സ്മാര്‍ട്ടഫോണ്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത്. ഇന്ന് റോയോലിന് സിലിക്കണ്‍ വാലിയിലും ചൈനയിലും കമ്പനികളുണ്ട്. സിക്കാഡാ ചിറകളുകളെന്നാണ് ലിയു തന്റെ മടക്കാവുന്ന ഫോണിന്റെ സ്‌ക്രീനിന് നല്‍കിയിട്ടുള്ള പേര്.